പതിറ്റാണ്ടുകളുടെ പരിശീലനത്തിന് ശേഷം ‘മസില്‍ മുത്തശ്ശി’ ബോഡിബില്‍ഡിംഗ് കിരീടം നേടി. 20 വര്‍ഷത്തെ പരിശീലനം കൊണ്ട് 30 കാരിയുടെ ശരീരഘടന നേടിയ 55 കാരിയാണ് ബോഡിബില്‍ഡിംഗ് മത്സരത്തില്‍ വിജയിച്ചത്. പ്രായത്തെക്കുറിച്ചുള്ള മുന്‍ധാരണകളെ വെല്ലുവിളിക്കാന്‍ താന്‍ വ്യായാമം ചെയ്തുവെന്ന് ചൈനക്കാരി വാങ് ജിയാന്റോങ് പറഞ്ഞു.
മാര്‍ച്ചില്‍ ചൈനയില്‍ നടന്ന ബോഡിബില്‍ഡിംഗ് മത്സരത്തില്‍ വാങ് മറ്റ് ചെറുപ്പക്കാരെ പിന്തള്ളി വിജയിച്ചു. മെയിന്‍ലാന്‍ഡ് സോഷ്യല്‍ മീഡിയയില്‍ ‘മസില്‍ ഗ്രാന്‍ഡ്മാ’ എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്. അഞ്ച് വര്‍ഷമായി ഷാങ്ഹായില്‍ സ്വന്തമായി ജിമ്മും ഉണ്ട്. തന്റെ വിജയം പ്രായത്തെക്കുറിച്ചുള്ള സാമൂഹിക വിശ്വാസങ്ങളെ വെല്ലുവിളിക്കാനും മറ്റ് സ്ത്രീകളെ, പ്രത്യേകിച്ച് മധ്യവയസ്‌കരായ സ്ത്രീകളെ, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാന്‍ പ്രചോദിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.
രണ്ട് പതിറ്റാണ്ടിലേറെയായി താന്‍ വ്യായാമം ചെയ്യുന്നുണ്ടെന്ന് വാങ് പറഞ്ഞു. തന്റെ ശരീരസൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും മറ്റ് കായിക ഇനങ്ങളിലെ പരിക്കുകള്‍ ഒഴിവാക്കുന്നതിനുമാണ് അവര്‍ പരിശീലനം ആരംഭിച്ചത്. പരിശോധനയില്‍ തനിക്ക് ഇപ്പോഴും 30 വയസ്സുള്ള ഒരു സ്ത്രീയുടെ ശരീരഘടനയുണ്ടെന്നും വര്‍ഷങ്ങളായി ശരീരത്തിലെ കൊഴുപ്പിന്റെ അളവ് 12 മുതല്‍ 15 ശതമാനം വരെയാണെന്നും അവര്‍ പറഞ്ഞു.
ആഴ്ചയില്‍ കുറഞ്ഞത് ആറ് ദിവസമെങ്കിലും ഒന്നര മണിക്കൂര്‍ പരിശീലനം നടത്തുമെന്ന് ഇവര്‍ പറഞ്ഞു. 127 കിലോഗ്രാം ഡെഡ് ലിഫ്റ്റ് വെയ്റ്റ്, 95 കിലോഗ്രാം സ്‌ക്വാറ്റ് വെയ്റ്റ്, 72 കിലോഗ്രാം ബെഞ്ച് പ്രസ്സ് വെയ്റ്റ് എന്നിവ കൈകാര്യം ചെയ്യാന്‍ കഴിയും. ശരീരത്തിലെ കൊഴുപ്പിന്റെ അളവിനേക്കാള്‍ തന്റെ പേശികളുടെയും ശാരീരിക പ്രവര്‍ത്തനങ്ങളുടെയും മൂല്യം താന്‍ വിലമതിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ദിവസവും എട്ട് മണിക്കൂറില്‍ കുറയാതെ ഉറങ്ങുക, മിതമായ ഭക്ഷണക്രമം പാലിക്കുക, മാംസവും മുട്ടയും ആവശ്യത്തിന് കഴിക്കുന്നത് ഉറപ്പാക്കുക, കൂടുതല്‍ വെള്ളം കുടിക്കുക, ദിവസേന വ്യായാമം ചെയ്യുക തുടങ്ങിയ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനുള്ള നുറുങ്ങുകള്‍ അവര്‍ സ്ത്രീകളുമായി പങ്കുവെക്കുന്നു. ‘പരിശീലനം ആരംഭിക്കാന്‍ അനുയോജ്യമായ സമയത്തിനായി കാത്തിരിക്കരുത്. പ്രവര്‍ത്തിച്ച് തുടങ്ങണം, ദിവസവും 10 പുഷ്-അപ്പുകള്‍ ചെയ്താല്‍ പോലും മതിയെന്ന് വാങ് പറഞ്ഞു.