Crime Featured

പുതിയ വീട്ടിലേക്കുള്ള മകന്റെ ക്ഷണം നിരസിച്ച് വയോധിക ദമ്പതികള്‍; കാത്തുനിന്നത് കൊച്ചുമകന്റെ കൊടും ക്രൂരത

പുന്നയൂര്‍ക്കുളം: നാടിനെ നടുക്കി വീണ്ടും ലഹരിക്കൊലപാതകം. മകളുടെ ആദ്യവിവാഹത്തിലെ മകനായതുകൊണ്ട് വളരെ കരുതലോടെയും സ്നേഹത്തോടെയും വളര്‍ത്തിയ കൊച്ചുമകന്‍ വൃദ്ധദമ്പതികളെ അതിക്രൂരമായി കഴുത്തറത്തു കൊന്നു. വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ അബ്ദുള്ള (75), ഭാര്യ ജമീല (64) എന്നിവരാണ് അതിദാരുണമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ പേരക്കുട്ടി മുന്ന എന്ന അക്മലി (27) നെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍അക്മല്‍ കുറ്റം സമ്മതിച്ചു.

ലഹരി വസ്തുക്കള്‍ക്ക് അടിമയായ അക്മലിനെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളം തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ താമസിപ്പിച്ച് ചികിത്സക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ മടങ്ങിയെത്തിയ ശേഷം വീണ്ടും ലഹരിയിലേക്ക് മടങ്ങി.അക്മല്‍ ബാംഗ്‌ളൂരിലാണ് പഠിച്ചിരുന്നത്. പിന്നീട് നാട്ടില്‍ വന്നതിനുശേഷം പണം ചോദിച്ച് എന്നും ഇവരുമായി വഴക്കിടാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്നലെയും പതിവുപോലെ വഴക്കിട്ടിരുന്നു. പത്ത് ലക്ഷം വേണമെന്നാവശ്യപ്പെട്ടായിരുന്നു വഴക്ക്.

ഇന്നലെ രാവിലെ ഒമ്പതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിയുന്നത്. കഴിഞ്ഞ ദിവസം ഗള്‍ഫില്‍നിന്ന് വന്ന മകന്‍ നൗഷാദ് പ്രഭാത ഭക്ഷണവുമായി വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മുന്‍വശത്തെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. സമീപത്തെ ജനല്‍പ്പാളിയുടെ ചില്ല് നേരത്തെ പൊട്ടിച്ചിരുന്നു. ഇതിലൂടെ കൈയിട്ട് വാതില്‍ തുറന്നപ്പോഴാണ് ജമീലയുടെ കഴുത്തറുത്ത തലഭാഗം ഹാളിലെ കോണിപ്പടിയില്‍ വച്ച നിലയിലും ഉടല്‍ ബെഡ്‌റൂമിലും കണ്ടെത്തിയത്.

മറ്റൊരു മുറിയില്‍ അബ്ദുള്ളയുടെ മൃതദേഹവും കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ഇരുമുറികളിലും രക്തം തളംകെട്ടി കിടക്കുന്നുണ്ട്. തുടര്‍ന്ന് ബന്ധുക്കളെയും പോലീസിലും വിവരമറിയിക്കുകയായിരുന്നു.

അബ്ദുള്ള -ജമീല ദമ്പതികള്‍ക്ക് നിമിത, നിഷിത, നൗഷാദ് എന്നീ മൂന്നു മക്കളാണുള്ളത്. ഇതില്‍ മൂത്ത മകള്‍ നിമിതയുടെ ആദ്യവിവാഹത്തിലെ മകനാണ് അക്മല്‍. ഇയാള്‍ ചെറുപ്പകാലം മുതലെ അബ്ദുള്ളയോടും ജമീലയോടുമൊപ്പമാണ് താമസം. മക്കളെല്ലാം വിദേശത്തായിരുന്നതിനാല്‍ ഇവര്‍ മൂന്നുപേരും മാത്രമാണ് വര്‍ഷങ്ങളായി സംഭവം നടന്ന വീട്ടില്‍ താമസിച്ചിരുന്നത്.

ഇവരുടെ മകന്‍ നൗഷാദ് ഗള്‍ഫില്‍നിന്ന് വന്നതിനുശേഷം ഇന്നലെ വീട്ടില്‍ വന്നിരുന്നു. ഉപ്പയേയും ഉമ്മയേയും പുതുതായി പണിത തന്റെ കച്ചേരിപ്പടിയിലെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് വന്നത്. പുതിയ വീട്ടിലേക്ക് പോകാമെന്നുള്ള മകന്റെ ക്ഷണം നിരസിച്ച വൃദ്ധ ദമ്പതികളാണ് ചെറുമകന്റെ കൊലക്കത്തിക്ക് ഇരയായത്. മകന്‍ തിരിച്ചുപോയതിനു ശേഷം ഏറെ വൈകി എത്തിയ അക്മല്‍ പണം ചോദിച്ച് ഇവരുമായി വഴക്കടിക്കുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പോലീസ് കരുതുന്നു.