മുംബൈ: 51 വയസുകാരിയായ ബിസിനസുകാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി നഗ്നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
ഫ്രാങ്കോ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് മാനേജിങ് ഡയറക്‌ടര്‍ ജോയ് ജോണ്‍ പാസ്‌കല്‍ പോസ്‌റ്റ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേയാണു ബിസിനസുകാരി പോലീസില്‍ പരാതി നല്‍കിയത്. ഫോട്ടോ ഫ്രെയിം, ഗിഫ്‌റ്റിങ് ബിസിനസ് നടത്തുന്നയാളാണു പരാതിക്കാരി. മുംബൈയിലെ ഡോ. ഇ. മോസസ് റോഡിലുള്ള കമ്പനിയുടെ ഓഫീസിലേക്കു വിളിച്ചുവരുത്തിയാണു പീഡിപ്പിച്ചതെന്നു പരാതിയില്‍ പറയുന്നു. ബിസിനസ് സംബന്ധമായ ആവശ്യത്തിനായാണ് ഇവരെ കൂടിക്കാഴ്‌ചയ്‌ക്കായി വിളിച്ചുവരുത്തിയത്. ഓഫീസ് മുറിക്കുള്ളില്‍ കടന്നതോടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വസ്‌ത്രങ്ങളഴിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
ലൈംഗിക പീഡനം, ആക്രമണം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്‌ഥാനത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും എന്‍.എം. ജോഷി മാര്‍ഗ് പോലീസ് അധികൃതര്‍ അറിയിച്ചു.




