ന്യൂഡല്‍ഹി: മഹേന്ദ്രസിംഗ് ധോണിയെപ്പോലെ ഒരു കളിക്കാരന്‍ ഉണ്ടായിട്ടുമില്ല ഇനി ഉണ്ടാകാനും പോകുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി ഐപിഎല്ലില്‍ ഈ പ്രായത്തിലും കളിക്കുന്ന ധോണി ടി20 ലോകത്ത് പുതിയ റെക്കോഡ് എഴുതുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ വെള്ളിയാഴ്ച. എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ 2025 പോരാട്ടം ധോണിയുടെ 400 ാം ടി20 ക്രിക്കറ്റ് മത്സരമായിരുന്നു. എന്നാല്‍ ഹൈദരാബാദിനോട് അഞ്ചുവിക്കറ്റിന് തോറ്റു.
2007ലെ ആദ്യ ടി20 ലോകകപ്പ് കിരീടം വരെ ഇന്ത്യയെ നയിച്ചത് മുതല്‍ സിഎസ്‌കെയ്ക്ക് ഒപ്പം ഒന്നിലധികം ഐപിഎല്‍ കിരീടങ്ങള്‍ വരെ നേടി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരില്‍ ധോണി മായാത്ത മുദ്ര പതിപ്പിച്ചു. ഇതിനകം ടി20 യില്‍ 7,566 റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ നായകന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 84 നോട്ടൗട്ടാണ്. 38.02 ബാറ്റിംഗ് ശരാശരിയുള്ള അദ്ദേഹം വെടിക്കെട്ട് ബാറ്റ്‌സ്മാനും ഏറ്റവും മികച്ച നായകനുമായി സിഎസ്‌കെയില്‍ കളിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയിലുള്ള ധോണി ഇതിനകം 227 ക്യാച്ചുകളും 91 സ്റ്റംപിംഗും നടത്തിയിട്ടുണ്ട്.
അതേസമയം ടി20 യില്‍ ഏറ്റവും കൂടുതല്‍ കളിച്ചിട്ടുള്ള താരങ്ങള്‍ ഇന്ത്യാക്കാരാണ്. രോഹിത്ശര്‍മ്മ 455 മത്സരം കളിച്ചപ്പോള്‍ ദിനേശ് കാര്‍ത്തിക്ക് 412, വിരാട് കോഹ്ലി 407, എംഎസ് ധോണി 399, രവീന്ദ്ര ജഡേജ 340, സുരേഷ് റെയ്‌ന 336, ശിഖര്‍ ധവാന്‍ 334, ആര്‍ അശ്വിന്‍ 331 എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ മത്സരം കളിച്ചിട്ടുള്ളവരുടെ എണ്ണം. അതേസമയം നാനൂറാം മത്സരത്തിനിറങ്ങിയ ധോണിയെ കാത്തിരുന്നത് പരാജയ മായിരുന്നു.