Featured Oddly News

ഭർത്താവിനെ കിടക്കയിലേക്ക് വലിച്ചിട്ട് നെഞ്ചത്ത് കയറിയിരുന്ന് ക്രൂരമായി മർദിച്ച് ഭാര്യ; പുരുഷന്മാർക്ക് സംരക്ഷണം വേണ്ടേ എന്ന് ചോദ്യം- വീഡിയോ

കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഭാര്യ ഭർത്താവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ, ഗാർഹിക പീഡനത്തിന് പുരുഷന്മാരും ഇരകളാകുന്നു എന്ന ഗൗരവകരമായ ചർച്ച സമൂഹമാധ്യമങ്ങളിൽ സജീവമാവുകയാണ്. മധ്യപ്രദേശിലെ സത്ന സ്വദേശിയായ ഒരു വ്യക്തി, തന്റെ ഭാര്യയിൽ നിന്നുള്ള നിരന്തരമായ ഉപദ്രവങ്ങൾ തെളിവുസഹിതം പുറത്തുകൊണ്ടുവരാൻ ഒളിക്യാമറ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ധാരാളമായി നടക്കുന്നുണ്ടെങ്കിലും ഭൂരിഭാഗവും പുറംലോകം അറിയുന്നില്ലെന്ന വാദവുമായാണ് പലരും ഈ വീഡിയോയോട് പ്രതികരിക്കുന്നത്.

പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, പുരുഷനെ കിടക്കയിലേക്ക് തള്ളിയിട്ട് യുവതി ക്രൂരമായി മർദ്ദിക്കുന്നത് വ്യക്തമായി കാണാം. ഈ സമയത്ത് മറ്റൊരു സ്ത്രീയും കുഞ്ഞുമായി എത്തിയ മറ്റൊരാളും തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുവതി ആക്രമണം തുടരുകയാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഭാര്യമാരുടെ പീഡനം ആരോപിച്ച് ആത്മഹത്യ ചെയ്ത അതുൽ സുഭാഷ്, മാനവ് ശർമ്മ എന്നിവരുടെ പേരുകളും സോഷ്യൽ മീഡിയ ചർച്ചകളിൽ വീണ്ടും ഉയർന്നു വരുന്നുണ്ട്. നിയമത്തിലെ പഴുതുകളും സ്ത്രീകൾക്ക് അനുകൂലമായ നിയമവ്യവസ്ഥിതിയും ഇത്തരം അതിക്രമങ്ങൾ ചെയ്യുന്നവർക്ക് തണലാകുന്നു എന്ന വിമർശനമാണ് ഇതിലൂടെ പ്രധാനമായും ഉന്നയിക്കപ്പെടുന്നത്.

സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാർക്കും നിയമപരമായ സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യം ഈ വീഡിയോയുടെ പശ്ചാത്തലത്തിൽ ശക്തമാവുകയാണ്. നിയമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി വേണമെന്നും സമാനമായ രീതിയിൽ പീഡനം അനുഭവിക്കുന്നവർക്ക് നിയമസഹായം നൽകാൻ തയ്യാറാണെന്നും അറിയിച്ച് നിരവധി പേർ രംഗത്തെത്തുന്നുണ്ട്. കുടുംബബന്ധങ്ങളിലെ ഇത്തരം അസ്വസ്ഥതകൾ വലിയ ദുരന്തങ്ങളിലേക്ക് നയിക്കുന്നതിന് മുൻപ് തന്നെ കൃത്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് ഈ ചർച്ചകൾ വിരൽ ചൂണ്ടുന്നത്.