Crime

കേസ്‌ വിവരം മറച്ചുവച്ച്‌ UKയിലേക്കു മുങ്ങി, നാട്ടിലെത്തിയപ്പോള്‍ സംവിധായിക പിടിയില്‍

കൊച്ചി: കേസ്‌ വിവരങ്ങള്‍ മറച്ചുവച്ച്‌ വിദേശത്തേക്കു കടന്ന സിനിമാ സംവിധായിക നാട്ടിലെത്തിയപ്പോള്‍ പിടിയിലായി. നിരവധി കേസുകളില്‍ പ്രതിയായ കൊല്ലം പത്തനാപുരം സ്വദേശിനി ഹസീന ബീവിയെയാണ്‌ നൂറനാട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. പ്രകാശന്റെ മെട്രോ എന്ന മലയാളസിനിമയുടെ സംവിധായികയാണിവര്‍.

ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദ്ദേശാനുസരണം ചെങ്ങന്നൂര്‍ ഡിവൈ.എസ്‌.പി: എം.കെ. ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തത്‌. തുടര്‍ന്ന്‌ മാവേലിക്കര കോടതിയില്‍ ഹാജരാക്കി.
ചാവക്കാട്‌, വാടാനപ്പള്ളി പോലീസ്‌ സ്‌റ്റേഷനുകളിലും തിരുവനന്തപുരം മ്യൂസിയം പോലീസ്‌ സ്‌റ്റേഷനിലും ഹസീനയ്‌ക്കെതിരേ വഞ്ചനാ കേസുകളുണ്ട്‌. നൂറനാട്‌, കായംകുളം സ്‌റ്റഷനുകളില്‍ നിരവധി ചെക്ക്‌ കേസുകളിലും ഇവര്‍ പ്രതിയാണ്‌. ഈ വിവരങ്ങള്‍ മറച്ചുവച്ച്‌ 2024 ല്‍ എറണാകുളം റീജണല്‍ പാസ്‌പോര്‍ട്ട്‌ ഓഫീസില്‍ നിന്ന്‌ ഇവര്‍ പാസ്‌പോര്‍ട്ട്‌ കരസ്‌ഥമാക്കി. തുടര്‍ന്ന്‌ യു.കെയിലേക്കു രക്ഷപ്പെടുകയായിരുന്നു.

വിവരം മനസിലാക്കിയ നൂറനാട്‌ പോലീസ്‌ കൊച്ചി റീജിയണല്‍ പാസ്‌പോര്‍ട്ട്‌ ഓഫീസറുടെ റിപ്പോര്‍ട്ട്‌ വാങ്ങിയശേഷം ഹസീനക്കെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം തുടങ്ങി. പാസ്‌പോര്‍ട്ട്‌ റദ്ദാക്കാനുള്ള നടപടികള്‍ക്കായി കൊച്ചി പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ക്കു റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.

ജാമ്യമില്ലാ വാറന്റും ലുക്ക്‌ഔട്ട്‌ സര്‍ക്കുലര്‍ നടപടികളും നേരിടുമ്പോഴാണ്‌ ഹസീന സുനീര്‍ എന്ന ഹസീന ബീവി പാസ്‌പോര്‍ട്ട്‌ പുതുക്കിയത്‌. ഹസീനയുടെ പാസ്‌പോര്‍ട്ട്‌ പിടിച്ചെടുക്കുന്നതില്‍ നൂറനാട്‌ പോലീസ്‌ പരാജയപ്പെട്ടെന്നും യു.കെയിലേക്കു പലായനം ചെയ്യാന്‍ അവര്‍ക്കു സാധിച്ചെന്നും പരാതിക്കാരനായ സുനില്‍ ജി.ആര്‍. നായര്‍ ആരോപിച്ചിരുന്നു. തന്നില്‍നിന്നു ഹസീന 1.17 കോടി രൂപ തട്ടിയെടുത്തെന്നാണ്‌ വിദേശത്തു താമസിക്കുന്ന സുനിലിന്റെ പരാതി. അതേസമയം, തങ്ങളുടെ ഭാഗത്ത്‌ ഒരു ക്രമക്കേടും നടന്നിട്ടില്ലെന്നായിരുന്നു നൂറനാട്‌ പോലീസിന്റെ വിശദീകരണം.

പാസ്‌പോര്‍ട്ട്‌ പുതുക്കാനുള്ള ഹസീനയുടെ ശ്രമത്തില്‍ സംശയം തോന്നിയ സുനില്‍ തിരുവനന്തപുരം റീജിയണല്‍ പാസ്‌പോര്‍ട്ട്‌ ഓഫീസറെ വിവരം (ആര്‍.പി.ഒ) അറിയിച്ചിരുന്നതായി പരാതിക്കാരന്റെ പ്രതിനിധിയായ മനോജ്‌ കെ. വര്‍ഗീസ്‌ പറഞ്ഞു. വാടാനപ്പള്ളി പോലീസ്‌ സമര്‍പ്പിച്ച 2.5 കോടി രൂപയുടെ തട്ടിപ്പുകേസിലും ഹസീനയ്‌ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ ഹസീനയ്‌ക്ക് ജാമ്യം ലഭിച്ചു.