Crime

അവിഹിതബന്ധത്തിലൂടെ ജനിച്ച കുഞ്ഞിനെ മാതാവ് ഡ്രോയറില്‍ ഒളിപ്പിച്ചത് 3വര്‍ഷം; അമ്മയ്ക്ക് തടവ്

പങ്കാളിയില്‍ നിന്നും മറ്റുകുട്ടികളില്‍ നിന്നും തനിക്ക് അവിഹിതത്തില്‍ ഉണ്ടായ കുട്ടിയെ മറച്ചുവയ്ക്കാന്‍ പെണ്‍കുഞ്ഞിനെ അമ്മ സൂക്ഷിച്ചത് തന്റെ ദിവാന്‍ ബെഡിലെ ഡ്രോയറില്‍. അതും മൂന്ന് വര്‍ഷം. കുഞ്ഞിന്റെ മൂന്നാം ജന്മദിനത്തിന് ആഴ്ചകള്‍ക്ക് മുമ്പ് ഒരു ദിവസം രാവിലെ ടോയ്ലറ്റ് ഉപയോഗിക്കാനായി വീട്ടിലേക്ക് മടങ്ങിയെത്തിയ ഇവരുടെ പങ്കാളിയാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തില്‍ അമ്മയിപ്പോള്‍ യു.കെ.യിലെ ചെസ്റ്റര്‍ ക്രൗണ്‍ കോടതി വിധിച്ച മൂന്നു വര്‍ഷത്തെ തടവ് ശിക്ഷ നേരിടുകയാണ്.

പെണ്‍കുട്ടിക്ക് പകല്‍ വെളിച്ചമോ ശുദ്ധവായുവോ ലഭിച്ചിരുന്നില്ലെന്നും ഒരു സിറിഞ്ചിലൂടെ പാല് കലര്‍ന്ന വീറ്റാബിക്സ് മാത്രമായിരുന്നു നല്‍കിവന്നതെന്നും കോടതിയിലെ വാദത്തില്‍ തെളിഞ്ഞു. കണ്ടെത്തുമ്പോള്‍ കുഞ്ഞിന് പോഷകാഹാരക്കുറവ് ഉണ്ടായിരുന്നു. മൂന്ന് വയസ്സ് ഉണ്ടായിരുന്നെങ്കിലും ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ രൂപമായിരുന്നു. നീണ്ടു വളര്‍ന്ന മുടിയും, മറ്റ് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. കരയുകയോ മറ്റു ശബ്ദങ്ങളോ ഉണ്ടാക്കാതെ ഇത്രയുംനാള്‍ ഈ കുഞ്ഞ് എങ്ങനെ അവിടെ കഴിഞ്ഞു എന്നത് പോലീസിനേയും കോടതിയേയും അത്ഭുതപ്പെടുത്തി.

അമ്മ, കുഞ്ഞിനെ തന്റെ ദിവാന്‍ ബെഡിലെ ഡ്രോയറില്‍ ഒളിപ്പിക്കുകയും കുഞ്ഞിന്റെ സാന്നിധ്യം മറച്ചുവെക്കുകയും വീട്ടില്‍ താമസിക്കുന്ന പങ്കാളിയില്‍ നിന്ന് അവളെ മറയ്ക്കുകയും ചെയ്തു. 2020 ല്‍ ഉണ്ടായ കുട്ടിയെ ആദ്യമായി കണ്ടെത്തിയത് 2023 ലായിരുന്നു. പങ്കാളി കുട്ടിയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്നായിരുന്നു കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞത്.

കുട്ടിയെ ആദ്യം ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ കുട്ടിയുടെ വളര്‍ച്ചാ പ്രായം 10 മാസം മാത്രമായിരുന്നുവെന്നും പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. അമ്മ മറ്റ് കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുമ്പോഴും ജോലിക്ക് പോകുമ്പോഴും കുഞ്ഞ് തനിച്ചായിരുന്നു. കുട്ടി ഡ്രോയറില്‍ ഇരിക്കുന്നത് കണ്ടതായും അവിടെയാണോ മകളെ കിടത്തിയിരുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു മാതാവ് നല്‍കിയ മറുപടി.

ഗര്‍ഭിണിയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും പ്രസവിച്ചപ്പോള്‍ ശരിക്കും ഭയപ്പെട്ടിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞു. കുഞ്ഞിനെ എല്ലായ്പ്പോഴും കട്ടിലിനടിയിലെ ഡ്രോയറില്‍ സൂക്ഷിച്ചിരുന്നില്ലെന്നും ഡ്രോയര്‍ ഒരിക്കലും അടച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കുട്ടി കുടുംബത്തിന്റെ ഭാഗമല്ല എന്നും തനിക്ക് അവിഹിതത്തില്‍ ഉണ്ടായ കുട്ടിയെ പക്ഷേ കുട്ടിയുടെ പിതാവ് അംഗീകരിക്കുന്നില്ലെന്നും അയാള്‍ തന്നെക്കുറിച്ച് അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

സ്ത്രീയുടെ മാനസികാരോഗ്യം, കുട്ടിയുടെ പിതാവുമായുള്ള ബന്ധം, കോവിഡ് ലോക്ക്ഡൗണ്‍ എന്നിവയുള്‍പ്പെടെ അസാധാരണമായ പല സാഹചര്യങ്ങളുമാണ് പ്രശ്‌നത്തിലേയ്ക്ക് വഴിവച്ചതെന്ന് കരുതുന്നു.