ഭോപ്പാൽ: ‘കുർകുറെ വാങ്ങാൻ പണം ചോദിച്ചതിന് അമ്മയും സഹോദരിയും തല്ലി’ എട്ടുവയസുകാരൻ നേരേ വിളിച്ചത് പൊലീസിലേയ്ക്ക്.
മധ്യപ്രദേശിലെ സിങ്ഗ്രൗളിയിലാണ് സംഭവം. 20 രൂപ ചോദിച്ചതോടെ അമ്മയും സഹോദരിയും ചേര്‍ന്ന് തന്നെ കെട്ടിയിട്ട് അടിച്ചുവെന്നായിരുന്നു 112 ലേക്ക് വിളിച്ച് കുരുന്നിന്റെ പരാതി. അമ്മ പൈസ തന്നില്ല, പകരം അടിച്ചുവെന്ന് പറഞ്ഞതിന് പിന്നാലെ കുട്ടി കരച്ചിലും തുടങ്ങി. ഫോണെടുത്ത പൊലീസുകാരന്‍ കരയേണ്ടെന്ന് ആശ്വസിപ്പിച്ചു. ഉടന്‍ സ്ഥലത്തെത്താമെന്നും കുട്ടിയെ സമാധാനിപ്പിച്ചു.
അമ്മയും സഹോദരിയും ചേര്‍ന്ന് എട്ട് വയസുകാരനെ കയറുകൊണ്ട് കെട്ടിയിട്ട് തല്ലുകയായിരുന്നു. താന്‍ അമ്മയോട് 20 രൂപയുടെ കുര്‍കുറെ വാങ്ങിത്തരാന്‍ പറഞ്ഞെന്നും അമ്മ അത് കേള്‍ക്കാതെ അടിച്ചുവെന്നും കുട്ടി പോലീസിനോട് പറയുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥന്‍ വിശദാംശങ്ങള്‍ ചോദിക്കുമ്പോള്‍ സങ്കടംകൊണ്ട് കുട്ടി കരയുന്നതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ കേള്‍ക്കാം.
ഫോണ്‍ വച്ചതിന് പിന്നാലെ ലൊക്കേഷന്‍ നോക്കി സ്ഥലം കണ്ടുപിടിച്ച ഉമേഷ് വിശ്വകര്‍മയെന്ന പൊലീസുകാരന്‍ കുര്‍ക്കുറെയുമായി സ്ഥലത്തെത്തി. അമ്മയെയും കുട്ടിയെയും കണ്ടുപിടിച്ചു. കുട്ടിയെ ഇനി അടിക്കരുതെന്നും സമാധാനത്തില്‍ കാര്യം പറഞ്ഞ് മനസിലാക്കിയാല്‍ മതിയെന്നും നിര്‍ദേശവും നല്‍കി. കരഞ്ഞുനിലവിളിച്ച കുട്ടിക്ക് അഞ്ചാറ് പാക്കറ്റ് കുര്‍ക്കുറെ നല്‍കിയ ശേഷമാണ് പൊലീസ് മടങ്ങിയത്.
സംഭവത്തിന്റെ വിഡിയോ പൊലീസ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കാര്യം നിസാരമാണെങ്കിലും കുഞ്ഞിന്‍റെ കണ്ണീരൊപ്പിയ പൊലീസ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കുട്ടിയുടെ പരാതിക്ക് പൊലീസിന്‍റെ മറുപടി ഏറെ ഹൃദ്യമാണെന്നും നേരില്‍ കാണാനെത്തിയത് നന്നായെന്നും ആളുകള്‍ കുറിക്കുന്നു.




