Featured Lifestyle

കുട്ടികള്‍ വേണ്ട, പട്ടികള്‍ മതി; രക്ഷാകര്‍തൃത്വം ഭാരം, നായകള്‍ കുട്ടികളേക്കാള്‍ സ്‌നേഹം നല്‍കുന്നു !

ചില രാജ്യങ്ങളിൽ, നായ്ക്കളുടെ എണ്ണം കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ലോകമെമ്പാടും കുട്ടികൾ ഉണ്ടാകുന്നതിനുപകരം ആളുകൾ നായ്ക്കളെ വളർത്താൻ തിരഞ്ഞെടുക്കുന്നുണ്ടോ എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലെ വീടുകളില്‍ കുട്ടികളേക്കാള്‍ കൂടുതല്‍ ഉള്ളത് നായകളാണ്.

ഈറ്റ്വോസ്‌ ലോറന്‍ഡ്‌ സര്‍വകലാശാലയിലെ പ്രഫസര്‍ എനികോ കുബിനിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. കുട്ടികളെ വളര്‍ത്തുന്നതിനു പകരം നായകള്‍ക്കും പൂച്ചകള്‍ക്കും പുതിയ തലമുറ പ്രധാന്യം നല്‍കുന്നതെന്നാണു ഗവേഷകരുടെ നിരീക്ഷണം. നായയുടെ ഉടമസ്‌ഥാവകാശവും ജനന നിരക്ക്‌ കുറയുന്നതും തമ്മില്‍ ബന്ധമുണ്ടെന്നു പ്രഫ. കുബിനി പറഞ്ഞു. പല കുടുംബങ്ങളും വളര്‍ത്തുമൃഗങ്ങളെ കുടുംബാംഗങ്ങളായി കണക്കാക്കുന്നത്രേ.

കുട്ടികളില്ലാത്ത പത്തൊന്‍പത്‌ ശതമാനം വ്യക്‌തികളും 10% മാതാപിതാക്കളും മറ്റേതൊരു മനുഷ്യനേക്കാളും നായകളെ വിലമതിക്കുന്നതായി സര്‍വേയില്‍ കണ്ടെത്തി. ‘നായകള്‍ കുട്ടികളേക്കാള്‍ സ്‌നേഹം നല്‍കുന്നുണ്ടെന്നു ചിലര്‍ പറയുന്നു. രക്ഷാകര്‍തൃത്വം കൂടുതല്‍ ഭാരമായി തോന്നുന്നവരാണു നായകളെ വളര്‍ത്തുന്നവരില്‍ പലരും’- പ്രഫ. കുബിനി അഭിപ്രായപ്പെട്ടു.

ഈ മനോഭാവം കൂടുതല്‍ കുട്ടികളുണ്ടാകാനുള്ള സന്നദ്ധത കുറയ്‌ക്കും. ‘രക്ഷകര്‍ത്താവ്‌ എന്ന റോള്‍ നായകളെ വളര്‍ത്തി തുടങ്ങുന്നവരിലും കണ്ടെത്തിയിട്ടുണ്ട്‌. അത്‌ ഒരു കുടുംബം ആരംഭിക്കുന്നതിനുള്ള തയാറെടുപ്പാണ്‌. നായകളുള്ള പുരുഷന്മാരെ സ്‌ത്രീകള്‍ കൂടുതല്‍ ആകര്‍ഷണമുള്ളവരായി കാണുന്നു. – അദ്ദേഹം തുടര്‍ന്നു.

നായകള്‍ സാമൂഹിക ഇടപെടലിനുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കും. അതിനാല്‍, കൂടുതല്‍ സാമൂഹിക ബന്ധങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ നായ്‌ക്കള്‍ പ്രധാന പങ്ക്‌ വഹിച്ചേക്കാം. ചില നായ പെരുമാറ്റ പ്രശ്‌നങ്ങള്‍ (ആക്രമണോത്സുകത അല്ലെങ്കില്‍ അമിതമായി കുരയ്‌ക്കുന്നത്‌ പോലുള്ളവ) സാമൂഹിക ഇടപെടലുകളെ സങ്കീര്‍ണമാക്കും, പ്രത്യേകിച്ചും ഉടമ വൈകാരിക പിന്തുണയ്‌ക്കായി അവരുടെ നായയെ മാത്രം ആശ്രയിക്കുന്നുവെങ്കില്‍.

സഹജാവബോധവും സാമൂഹിക പിന്തുണയുടെ ആവശ്യകതയും മനുഷ്യന്റെ പെരുമാറ്റത്തില്‍ ജനിതകമായി അടങ്ങിയിട്ടുണ്ട്‌. മനുഷ്യന്റെ കുടുംബം എന്ന ചിന്തയിലേക്കു വളര്‍ത്തുമൃഗങ്ങളും ഇടംപിടിക്കാന്‍ തുടങ്ങി. കാരണം മനുഷ്യ ബന്ധങ്ങള്‍ പലപ്പോഴും തകരാറിലാകുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നു.
ഹംഗറിയിലെ മുതിര്‍ന്ന പൗരന്മാരില്‍ 90% പേരും ചെറിയ കുട്ടികളെ പരിപാലിക്കാന്‍ ആഴ്‌ചയില്‍ ഒരു മണിക്കൂര്‍ പോലും ചെലവഴിക്കുന്നില്ല.

‘മറ്റുള്ളവര്‍ മനുഷ്യ ബന്ധങ്ങളില്‍ വൈകാരിക വേദന അനുഭവിച്ചിട്ടുണ്ട്‌, നായകള്‍ അവര്‍ക്ക്‌ ആശ്വാസവും നിരുപാധികമായ സ്‌നേഹവും നല്‍കുന്നു. ‘അമ്മ’ അല്ലെങ്കില്‍ ‘അച്‌ഛന്‍’ എന്ന്‌ രീതിയിലാണു പല ഉടമകളും തങ്ങളുടെ നായകളെ കാണുന്നത്‌. ചെറിയ, ഹ്രസ്വ മൂക്കുള്ള ഇനങ്ങള്‍ കൂടുതല്‍ ജനപ്രീതി ആര്‍ജിക്കുന്നതും പുതിയ പ്രവണതയുടെ ഭാഗമായി കാണുന്നവരുണ്ട്‌. നായകള്‍ തങ്ങളെ ശരിക്കും ആശ്രയിക്കുന്നുവെന്ന്‌ ഉടമയ്‌ക്ക് തോന്നും. അത്‌ അവര്‍ക്ക്‌ ആശ്വാസം പകരുകയും ചെയ്യുന്നുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *