Health

ഡോക്ടര്‍മാരേക്കാളും കൃത്യത! ദന്തചികിത്സയും ഏറ്റെടുത്ത് എഐ റോബോ

എല്ലാ മേഖലകളിലും എ ഐ അതിന്റെ ആധിപത്യം ഉറപ്പിക്കുകയാണ്. ഇപ്പോൾ മനുഷ്യരിലെ ദന്തചികിത്സയ്ക്കായി പൂര്‍ണ്ണമായും റോബോട്ടിക് എ ഐ സാങ്കേതിക വിദ്യ വികസിപ്പിച്ച് അമേരിക്കയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനി. ഈ റോബോട്ടിന് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരവും ലഭിച്ചു.പല്ലുമായി ബന്ധപ്പെട്ട ചികിത്സ നടത്തുന്നതിനായി നിര്‍മിതബുദ്ധി ഉപയോഗിക്കുന്ന ഈ സംവിധാനത്തിന് റോബോട്ടിക് കൈകളുമുണ്ട്. ക്രൗണ്‍ മാറ്റിവയ്‌ക്കല്‍ പോലെ പല്ലിനെ പഴയ മട്ടിലാക്കുന്ന ചികിത്സകള്‍ വെറും 15 മിനിറ്റില്‍ പൂര്‍ത്തീകരിക്കുമത്രേ.

പല്ല്കൂടാതെ മോണയുടെ പ്രശ്‌നങ്ങളും ഈ റോബോട്ടിന് കണ്ടെത്താന്‍ സാധിക്കും. വിദഗ്ദരുടെ അഭിപ്രായമനുസരിച്ച് ഇതിന് ഉയര്‍ന്ന നിലവാരമുള്ള ദന്തപരിചരണം സാധ്യമാക്കാനാകുമെന്നും രോഗികള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കുമെന്നുമാണ്. റോബോട്ടിക് ചികിത്സ പദ്ധതി രൂപം നല്‍കിയിരിക്കുന്നത് 3 ഡി വോളുമെട്രിക് ഡേറ്റ ഉപയോഗപ്പെടുത്തിയാണ്.

റോബോട്ടിക് കൈയ്യില്‍ പിടിക്കുന്ന ഇന്‍ട്രാ ഓറല്‍ സ്‌കാനര്‍ ഉപയോഗിച്ച് രോഗിയുടെ വായ സ്‌കാന്‍ ചെയ്യാനും സാധിക്കും. സ്‌കാനര്‍ ദന്താരോഗ്യത്തെ പറ്റി വിശദമായ റിപ്പോര്‍ട്ട് നല്‍കുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ മനുഷ്യാധ്വാനവും മാനുഷികമായി സംഭവിക്കുന്ന തെറ്റുകളും കുറച്ച് കൂടുതല്‍ രോഗികള്‍ക്ക് നല്ല ചികിത്സ ലഭ്യമാക്കുന്നതിനായി ഈ സംവിധാനത്തിന് സാധിക്കുന്നു.