Oddly News

കാണാതായിട്ട് 26 വര്‍ഷം; ഒടുവില്‍ യുവാവിനെ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍ നിന്ന്!

ആളുകളെ കാണാതാകുന്നതും പിന്നീട് കണ്ടെത്തുന്നതുമൊക്കെ സാധാരണമാണ്. എന്നാല്‍ ഇവിടെ 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ യുവാവിനെ ഒടുവില്‍ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍നിന്നാണ്. സംഭവം നടന്നത് അള്‍ജീരിയയിലാണ്. 1998ല്‍ ആഭ്യന്തര യുദ്ധത്തിനിടയില്‍വച്ചാണ് ഒമര്‍ എന്ന 19 കാരനെ കാണാതാവുന്നത്. ഒമറിന്റെ കുടുംബം കരുതിയത് അവനെ കൊലപ്പെടുത്തിയതോ തട്ടികൊണ്ടുപോയതോ ആണെന്നാണ്. എന്നാല്‍ നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ മനസ്സിലാക്കുന്നത് ഒമര്‍ തങ്ങളുടെ കൈയെത്തും ദൂരത്ത് തന്നെയുണ്ടായിരുന്നുവെന്ന്.

സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്ന് ഒമറിനെ തന്റെ സഹോദരന്‍ തട്ടികൊണ്ടുപോയി വീട്ടില്‍ തടവിലാക്കി പാര്‍പ്പിച്ചിരിക്കുകയാണെന്ന് ഒരാൾ വെളിപ്പെടുത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒമറിനെ കണ്ടെത്തിയത്. പോലീസ് എത്തിയതിന് പിന്നാലെ തട്ടികൊണ്ടുപോയ അയല്‍വാസി രക്ഷപ്പെടാനായി ശ്രമിച്ചു. പിന്നീട് പോലീസ് പ്രതിയെ പിടികൂടി.

സ്വന്തം വീടിന് ഏതാനും ദൂരം മാത്രം അകലെയായിരുന്നിട്ടും ഒമറിന് രക്ഷപ്പെടാന്‍ സാധിക്കാത്തത് ദുര്‍മന്ത്രവാദം കാരണമാണെന്നാണ് അയല്‍വാസികള്‍ ആരോപിക്കുന്നത്. പ്രതി ദുര്‍മന്ത്ര വാദത്തിലൂടെ ഒമറിന്റെ സംസാരശേഷി ഇല്ലാതാക്കിയതായും അയൽ വാസികൾ ആരോപിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.