Featured Sports

ടെന്‍ഷന്‍… ഒരു വാഴപ്പഴംമാ​‍ത്രം കഴിച്ച് ഫീല്‍ഡിലേയ്ക്ക്; അരങ്ങേറ്റത്തില്‍ 4വിക്കറ്റ് നേട്ടം, സ്വപ്‌നതുടക്കവുമായി അശ്വിനികുമാര്‍

ഉച്ചഭക്ഷണത്തിന് ആകെ കഴിച്ചത് ഒരു വാഴപ്പഴമായിരുന്നു. എന്നാല്‍ അത്താഴത്തിന് 4 വിക്കറ്റ്. സ്വപ്‌ന തുല്യമായ തുടക്കമായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ അശ്വനി കുമാറിന് കിട്ടിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണില്‍ അവരുടെ അവിശ്വസനീയമായ സ്‌കൗട്ടിംഗിലൂടെ മറ്റൊരു രത്നത്തെകൂടി മുംബൈ ഇന്ത്യന്‍സ് കണ്ടെത്തി. വാങ്കഡെ സ്റ്റേഡിയത്തില്‍ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ 4 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി അശ്വനി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരേയായിരുന്നു അശ്വിനികുമാര്‍ മിന്നിയത്. അജിങ്ക്യ രഹാനെ, റിങ്കു സിംഗ്, മനീഷ് പാണ്ഡെ, ആന്ദ്രെ റസല്‍ എന്നിവരുടെ വിക്കറ്റുകള്‍ അശ്വനി വീഴ്ത്തി.

മാര്‍ച്ച് 31 തിങ്കളാഴ്ച വാങ്കഡെ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മധ്യനിരയില്‍ അശ്വനി നാശം വിതച്ചതോടെ അവര്‍ വെറും 116 റണ്‍സിന് പുറത്തായി. ആദ്യ പന്തില്‍ തന്നെ കെകെആര്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ പുറത്താക്കി. ഓഫ്‌സൈഡിലൂടെ ആക്രമണാത്മക ഷോട്ട് കളിക്കാന്‍ രഹാനെ ശ്രമിച്ചെങ്കിലും വൈഡ് തേര്‍ഡ് മാനില്‍ പന്ത് നേരെ തിലക് വര്‍മ്മയുടെ കൈകളിലേക്ക് സ്ലൈസ് ചെയ്തു. പിന്നാലെ റിങ്കു സിംഗ്, റസ്സല്‍, മനീഷ് പാണ്ഡെ എന്നിവരെയും പുറത്താക്കി. ഐപിഎല്‍ ചരിത്രത്തിലെ ഏതൊരു ഇന്ത്യന്‍ അരങ്ങേറ്റക്കാരന്റെയും ഏറ്റവും മികച്ച 4/24 എന്ന കണക്കുകളോടെ അദ്ദേഹം വിക്കറ്റ് വേട്ട പൂര്‍ത്തിയാക്കി.

മത്സരത്തിന് മുമ്പ് താന്‍ ശരിക്കും പരിഭ്രാന്തനായിരുന്നുവെന്ന് മിഡ്-ഇന്നിംഗ്‌സ് അഭിമുഖത്തില്‍ സംസാരിക്കവെ അശ്വനി വെളിപ്പെടുത്തി. മാനസീകസമ്മര്‍ദ്ദം ഒന്നും കഴിക്കാന്‍ അനുവദിക്കുന്നില്ലെന്ന് അശ്വനി പറഞ്ഞു, വെറും ഒരു വാഴപ്പഴവും കഴിച്ചാണ് ഫീല്‍ഡിലേക്ക് എത്തിയത്. കെകെആര്‍ 16.2 ഓവറില്‍ 116 റണ്‍സിന് പുറത്തായി, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറുകളില്‍ ഒന്നായി ഇത് മാറി.

”എനിക്ക് ഇവിടെ കളിക്കാന്‍ ഇഷ്ടമായിരുന്നു. സമ്മര്‍ദ്ദത്തിലായിരുന്നു, പക്ഷേ ടീമിന്റെ അന്തരീക്ഷം എന്നെ സമാധാനപ്പെടുത്തി. എനിക്ക് അത് വളരെ ഇഷ്ടമായി. സമ്മര്‍ദ്ദം അനുഭവപ്പെട്ടതിനാല്‍ വിശപ്പില്ലായിരുന്നു. ഉച്ചഭക്ഷണത്തിന് ഒരു വാഴപ്പഴം മാത്രം കഴിച്ചു. പക്ഷേ അരങ്ങേറ്റം ആസ്വദിച്ച് ബൗള്‍ ചെയ്യാന്‍ അവര്‍ എന്നോട് പറഞ്ഞു. ഹര്‍ദിക് ഭായ് എന്നോട് ഷോര്‍ട്ട് ബൗള്‍ ചെയ്യാനും ബോഡിയില്‍ ബൗള്‍ ചെയ്യാനും പറഞ്ഞു, സാഹചര്യം ഒരു വിക്കറ്റിലേക്ക് നയിച്ചു.

എന്റെ ഗ്രാമത്തില്‍ എല്ലാവരും കളി കാണുന്നുണ്ട്. അവര്‍ എന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയായിരുന്നു, ദൈവകൃപയാല്‍ ഇന്ന് രാത്രി എനിക്ക് അവസരം ലഭിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീസണില്‍ നേരത്തെ, എംഐ ഒരു അരങ്ങേറ്റം കൂടി നല്‍കിയിരുന്നു. യുവ ലെഗ് സ്പിന്നര്‍ വിഘ്നേഷ് പുത്തൂരിന്, സിഎസ്‌കെയ്‌ക്കെതിരെ 3 വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *