Oddly News

യുഎസിലെ പള്ളിയില്‍ ‘കണ്ണുചിമ്മുന്ന’ കന്യാമറിയത്തിന്റെ പ്രതിമ ! അമ്പരന്ന് വിശ്വാസികള്‍

ഒഹായോയിലെ ഒരു പള്ളിയില്‍ 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച കന്യാമറിയത്തിന്റെ വിഗ്രഹം കണ്ണുചിമ്മുന്നതായി വിശ്വാസികള്‍. സംഭവത്തിന്റെ വീഡിയോയും ഫോട്ടോയുമൊക്കെ വിശ്വാസികള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു ടൂറിന്റെ ഭാഗമായി ആഗസ്റ്റ് 2 ന് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റിന്റെ ബസിലിക്കയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രതിമ കണ്ണുകള്‍ അടച്ചു തുറന്നതായി വിശ്വസികള്‍ പറയുന്നു.

എന്‍എഫ്എല്ലിന്റെ ജന്മസ്ഥലമായും പ്രോ ഫുട്‌ബോള്‍ ഹാള്‍ ഓഫ് ഫെയിമിന്റെ ഭവനമായും അറിയപ്പെടുന്ന കാന്റണ്‍ നഗരത്തിലാണ് പള്ളി. പ്രതിമ ഇതിനകം നിരീശ്വരവാദികളുടെ നാടായ റഷ്യയും ചൈനയുമടക്കമുള്ള 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. മലേറിയ മാറിയെന്ന് അവകാശപ്പെടുന്ന ഒരുകുട്ടി ഉള്‍പ്പെടെ പ്രതിമ സന്ദര്‍ശിച്ച അനേകരാണ് തങ്ങള്‍ക്ക് രോഗശാന്തി അത്ഭുതങ്ങള്‍ സംഭവിച്ചെന്ന് പറഞ്ഞ് വന്നിരിക്കുന്നത്.

പ്രതിമ കണ്ണടച്ചു തുറക്കുന്നത് ക്യാമറയില്‍ കിട്ടിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ചിലര്‍ അതിന്റെ വിഷ്വല്‍സും പങ്കുവെച്ചിട്ടുണ്ട്. 1947-ല്‍ ‘പോര്‍ച്ചുഗലിലെ മൈക്കലാഞ്ചലോ’ എന്നറിയപ്പെട്ടിരുന്ന ജോസ് തെഡിം എന്നയാളാണ് പ്രതിമ നിര്‍മ്മിച്ചത്.

20 വര്‍ഷങ്ങള്‍ക്ക് ശേഷം, വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പ്പാപ്പയാണ് പ്രതിമ അനാവരണം ചെയ്തത്. 1917-ല്‍, പോര്‍ച്ചുഗലിലെ ഫാത്തിമ ഗ്രാമത്തിനടുത്തുള്ള മൂന്ന് കര്‍ഷക കുട്ടികള്‍, ‘ജപമാലയുടെ സ്ത്രീയെന്ന് സ്വയം വിശേഷിപ്പിച്ച ഒരു സ്ത്രീയെ ആറ് തവണ കണ്ടുമുട്ടിയതായും, ആ വര്‍ഷം അവസാനം, ഒക്ടോബര്‍ 13 ന് ദൈവം ഒരു അത്ഭുതം കാണിക്കുമെന്ന് പറഞ്ഞതായി പ്രചരണമുണ്ട്.

പോകുന്നിടത്തെല്ലാം രോഗശാന്തിയും അത്ഭുതങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെുന്നുണ്ടെങ്കിലും സംഭവം വ്യാപക വിമര്‍ശനത്തിനും കാരണമായിട്ടുണ്ട്. വിമര്‍ശകര്‍ എന്തൊക്കെപ്പറഞ്ഞാലും, തങ്ങള്‍ കണ്ടത് എന്താണെന്ന് തങ്ങള്‍ക്കറിയാമെന്ന് കാന്റണിലെ പള്ളിക്കാര്‍ ഉറച്ചുനില്‍ക്കുന്നു. പ്രതിമ ഓഗസ്റ്റ് 21 വരെ ഒഹായോയിലെ പര്യടനം തുടരും. സെപ്തംബറില്‍ വിസ്‌കോണ്‍സിനിലേക്കും തുടര്‍ന്ന് മിനസോട്ടയിലേക്കും കൊണ്ടുവരും.