Fitness

ഭാരം കുറയ്ക്കാം, പട്ടാളക്കാരുമായി ബന്ധമില്ലാത്ത മിലിട്ടറി ഡയറ്റിങ്

ഭാരം കുറയ്ക്കാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ മിലിട്ടറി ഡയറ്റിങ് പരീക്ഷിക്കാവുന്നതാണ്. ഈ ഡയറ്റിങ്ങിന് പട്ടാളക്കാരുമായി ബന്ധമില്ല. എന്നാല്‍ പട്ടാളക്കാരുടെ ജീവിതരീതിയുമായി ചില സാദൃശ്യങ്ങളുണ്ടെന്ന് പറയാതെ വയ്യ.

പട്ടാളച്ചിട്ടയിലുള്ള കഠിനമായ ഭക്ഷണക്രമീകരണത്തെയാണ് മിലിട്ടറി ഡയറ്റിങ് എന്നു പറയുന്നത്. ചെറിയ കാലയളവു കൊണ്ട് ശരീരത്തിലെ പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള പരിശ്രമങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ മാത്രമേ ഈ മിലിട്ടറി ഡയറ്റിങ് നടത്താന്‍ പാടുള്ളൂ.

ഏറ്റവും പരിമിതമായ ആഹാരമാണ് ഈ കാലയളവില്‍ കഴിക്കാവൂ. അന്നജം അടങ്ങിയ ഭക്ഷണം (ഉദാ. ചോറ്) പൂര്‍ണമായും ഒഴിവാക്കണം. പല തവണയായി വളരെ ചെറിയ അളവില്‍ ഇടവിട്ടുമാത്രമേ കഴിക്കാവൂ. വിശപ്പ് തോന്നാതിരിക്കാന്‍ മാത്രമുള്ള ഭക്ഷണമേ അകത്താക്കാവൂ. ധാരാളം വെള്ളം കുടിച്ച് വയര്‍ നിറയ്ക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. പച്ചക്കറികള്‍ ജ്യൂസ് ആക്കി കഴിക്കാം. പഴവര്‍ഗങ്ങള്‍ ഒഴിവാക്കണം. മധുരപലഹാരങ്ങള്‍, അമിതമായി കാലറി അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുക. ജങ്ക് ഫുഡും ഫ്രൈ ഫുഡും പാടില്ല.

കഠിനമായ വ്യായാമമാണ് മിലിട്ടറി ഡയറ്റിങ്ങില്‍ വേണ്ടത്. ദിവസവും മൂന്നു മണിക്കൂര്‍ എങ്കിലും വ്യായാമത്തിനായി നീക്കി വയ്ക്കുക. പുഷ് അപ്, ഓട്ടം പോലുള്ള ശ്രമകരമായ അഭ്യാസങ്ങളാണ് ചെയ്യേണ്ടത്. ശരീരം നന്നായി വിയര്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

എല്ലാ ദിവസവും ശരീരഭാരം അളന്നു നോക്കുക. ദിവസവും ഭാരം കുറയുന്നതായി ഉറപ്പുവരുത്തുക. കുറയുന്നില്ലെങ്കില്‍ ചിട്ടകള്‍ കുറച്ചുകൂടി കഠിനമാക്കുക. കഠിനചിട്ടകള്‍ പിന്തുടരുമ്പോള്‍ ആരോഗ്യം കുറയുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആവശ്യത്തിന് ഭാരം കുറഞ്ഞെന്നു തോന്നിയാല്‍ മിലിട്ടറി ഡയറ്റിങ് വിജയകരമായെന്നു പറയാം.

Leave a Reply

Your email address will not be published. Required fields are marked *