കൊളംബോ: നമീബിയക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിനിടെ പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയും കോച്ച് മൈക്ക് ഹെസ്സനും തമ്മിൽ തർക്കമുണ്ടായെന്ന വാർത്തകളിൽ വിശദീകരണവുമായി ഹെസ്സൻ രംഗത്തെത്തി. നിർണായകമായ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ ഹെസ്സൻ സംസാരിച്ചുകൊണ്ടിരിക്കെ ആഗ ദേഷ്യത്തോടെ വെള്ളക്കുപ്പി നിലത്തെറിയുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇരുവരും തമ്മിൽ ഭിന്നതയിലാണെന്നും പാക് ക്യാമ്പിൽ അസ്വാരസ്യങ്ങൾ പുകയുകയാണെന്നുമുള്ള തരത്തിൽ വ്യാപകമായ പ്രചരണങ്ങൾ നടന്ന പശ്ചാത്തലത്തിലാണ് ന്യൂസീലൻഡിനെതിരായ സൂപ്പർ എട്ട് പോരാട്ടത്തിന് മുന്നോടിയായി ഹെസ്സൻ കാര്യങ്ങൾ വ്യക്തമാക്കിയത്.
പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ പൂർണ്ണമായും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. താൻ ആഗയോട് സംസാരിച്ച കാര്യങ്ങളും അദ്ദേഹത്തിന്റെ രോഷപ്രകടനവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഹെസ്സൻ വിശദീകരിച്ചു.
ആഗ ബാറ്റ് ചെയ്ത് പുറത്തായി വന്ന ഉടനെയായിരുന്നു ആ സംഭവം നടന്നത്. താൻ സൽമാനോട് സംസാരിക്കാൻ ചെന്നത് ഇടംകൈയ്യൻ ബാറ്ററായ നവാസിനോട് പാഡ് ധരിക്കാൻ ആവശ്യപ്പെടാനായിരുന്നു. പുറത്തായതിന്റെ നിരാശയിലായിരുന്നതിനാലാണ് ആഗ അപ്പോൾ അസ്വസ്ഥനായി പെരുമാറിയതും കുപ്പി നിലത്തെറിഞ്ഞതും. അത് സ്വാഭാവികമായ ഒരു പ്രതികരണം മാത്രമാണെന്നും തങ്ങൾ തമ്മിലുള്ള സംഭാഷണം മൂലമല്ല അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




