Featured Oddly News

യുദ്ധത്തില്‍ 27 വെടിയുണ്ടകളേറ്റിട്ടും ജീവിതം തിരിച്ചുപിടിച്ച നേവി സീല്‍ ; കടുത്തവിഷാദം താങ്ങാനാകാതെ ആത്മഹത്യ ചെയ്തു

യുദ്ധത്തിനിടയില്‍ ഒരൊറ്റത്തവണ 27 തവണ വെടിയേറ്റിട്ടും മരണം കൊണ്ടുപോകാതിരുന്ന അമേരിക്കന്‍ നേവി സീല്‍ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു ജീവിതം അവസാനിപ്പിച്ചു. 2007-ല്‍ അമേരിക്കാന്‍ സീലായി ഇറാക്കില്‍ അല്‍ ക്വൊയ്ദയ്ക്ക് എതിരേ പൊരുതിയ മൈക്ക് ഡേ എന്ന സൈനികനാണ് അമേരിക്കക്കാര്‍ക്ക് ഒരുപോലെ ആത്മവിശ്വസവും കൗതുകവുമായത്.

ഒരു അല്‍ ക്വൊയ്ദ താവളത്തില്‍ ഒരു റെയ്ഡിന് നേതൃത്വം നല്‍കുമ്പോഴായിരുന്നു അദ്ദേഹത്തിന് ഇരുപതിലധികം വെടിയേറ്റത്. എന്നാല്‍ ശാരീരികമായി അദ്ദേഹം രക്ഷപ്പെട്ടുവെങ്കിലും രണ്ടു വര്‍ഷം മുമ്പാണ് കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദവും താങ്ങാനാകാതെ ആത്മഹത്യ ചെയ്തത്. 1989-ല്‍ മൈക്ക് ഡേ യുഎസ് നേവിയില്‍ ചേര്‍ന്നു, 2007 ആയപ്പോഴേക്കും അദ്ദേഹം ഒരു യുഎസ് നേവി സീലായി ഇറാഖ് യുദ്ധത്തില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു.

2007 ഏപ്രില്‍ 6-ന്, ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലെ അല്‍-ഖ്വയ്ദ താവളം റെയ്ഡ് ചെയ്യുന്നതിനായി എത്തിയപ്പോള്‍, സീല്‍ ടീം 4-ലെ ആദ്യത്തെ അംഗം മൈക്ക് ഡേ ആയിരുന്നു. അകത്തേക്ക് കടന്നയുടന്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു. പല വെടിയുണ്ടകളും അദ്ദേഹത്തിന്റെ റൈഫിളില്‍ കൊള്ളുകയും, അത് അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് തെറിച്ചുപോവുകയും ചെയ്തു.

മൈക്ക് ഡേയുടെ പിന്നിലുണ്ടായിരുന്ന ഇറാഖി സ്‌കൗട്ടുകള്‍ വെടിയേറ്റതിനെത്തുടര്‍ന്ന് ഇടനാഴിയിലേക്ക് പിന്തിരിഞ്ഞു. ഒരാള്‍ തല്‍ക്ഷണം മരിച്ചു. അതേസമയം, ഒരു തീവ്രവാദി ഗ്രനേഡുമായി മൈക്ക് ഡേയുടെ നേരെ ചാര്‍ജ് ചെയ്തു, ഡേ പെട്ടെന്ന് തീവ്രവാദിയെ വെടിവെച്ചെങ്കിലും ഗ്രനേഡ് പൊട്ടിത്തെറിച്ചു. ഇതിനെത്തുടര്‍ന്ന് ഡേ ബോധരഹിതനായി. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ നേവി സീലുകള്‍ ഡേയെ കണ്ടെത്തിയപ്പോള്‍ ഭീകരമായ കാഴ്ചയാണ് കണ്ടത്. അദ്ദേഹത്തിന് 27 തവണ വെടിയേറ്റിരുന്നു – 16 തവണ ശരീരത്തിലും, 11 തവണ ശരീര കവചത്തിലും. ശരീര കവചത്തിന് ഒരു വെടിയുണ്ട മാത്രമേ തടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നിട്ടും, ഏതൊക്കെയോ കാരണങ്ങളാല്‍ അദ്ദേഹം ജീവനോടെയുണ്ടായിരുന്നു.

ഡേയുടെ ശാരീരികമായ വീണ്ടെടുക്കല്‍ വളരെ കഠിനമായിരുന്നു, അതിന് സമയമെടുത്തു, പക്ഷേ അദ്ദേഹം സുഖം പ്രാപിച്ചു. അതിനുശേഷം, മൈക്ക് ഡേ സീല്‍സില്‍ നിന്ന് വിരമിക്കുകയും മറ്റു സൈനികരുടെ മാനസികാരോഗ്യത്തിനും അവകാശങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുകയും ചെയ്തു. 2020-ല്‍ അദ്ദേഹം ‘പെര്‍ഫെക്റ്റ്‌ലി വൂണ്ടഡ്’ എന്ന പേരില്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. എല്ലാ രീതിയിലും, ഡേ അവിശ്വസനീയമായ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ഒരു നല്ല ജീവിതം നയിച്ചു.

പക്ഷേ, വെടിയുണ്ടകള്‍ ഉണ്ടാക്കിയ മുറിവുകളേക്കാള്‍ ആഴത്തിലുള്ള മുറിവുകള്‍ ഡേയ്ക്ക് ഉണ്ടായിരുന്നു. പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍, വിഷാദം എന്നിവ അദ്ദേഹത്തെ അലട്ടിയിരുന്നു. താന്‍ ഇല്ലാത്ത ലോകമാണ് കൂടുതല്‍ നല്ലതെന്ന് അദ്ദേഹം വിശ്വസിക്കാന്‍ തുടങ്ങി. 2023 മാര്‍ച്ച് 27-ന് മൈക്ക് ഡേ ആത്മഹത്യ ചെയ്തു. 21 വര്‍ഷത്തെ സേവനത്തിന് ശേഷം 2010-ല്‍ മൈക്ക് ഡേ നാവികസേനയില്‍ നിന്ന് വിരമിച്ചു. അടുത്ത ഏഴ് വര്‍ഷം അദ്ദേഹം യുഎസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡില്‍ ഒരു മുറിവേറ്റ പോരാളിയുടെ സഹായിയായി പ്രവര്‍ത്തിച്ചു.