Good News Hollywood

ടാറ്റ സ്റ്റീല്‍ പൂട്ടി ജോലി നഷ്ടപ്പെട്ടു ; 900 പേരുടെ കടങ്ങള്‍ നടന്‍ മൈക്കല്‍ ഷീന്‍ വീട്ടി…

അമാഡസ്, ട്വലൈറ്റ് പോലെയുള്ള ഹോളിവുഡ് സൂപ്പര്‍ഹിറ്റുകളിലെ വേഷത്തിന്റെ പേരിലാണ് ഹോളിവുഡ്താരം മൈക്കല്‍ ഷീന്‍ അറിയപ്പെടുന്നത്. എന്നാല്‍ സിനിമയ്ക്കപ്പുറത്ത് വലിയ മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകസൃഷ്ടിച്ചും താരം തന്റെ മറ്റൊരു മുഖം കാണിച്ചിരിക്കുകയാണ്. അടുത്തിടെ താരം ഒരു ദശലക്ഷം ഡോളര്‍ ഉപയോഗിച്ച് 900 വ്യക്തികളുടെ കടം വീട്ടുകയുണ്ടായി.

സൗത്ത് വെയ്ല്‍സിലെ തന്റെ നാട്ടിലെ ദുരിതപ്പെട്ടവരെയാണ് ഷീന്‍ സഹായിക്കാന്‍ തെരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബിബിസിയാണ്. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഫര്‍ണസില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് ടാറ്റാ സ്റ്റീല്‍ അടച്ചു പൂട്ടിയത് തുറമുഖനഗരമായ ടാള്‍ബോട്ടിനെ കടുത്ത സാമ്പത്തീകപ്രതിസന്ധി യില്‍ ആക്കിയിരുന്നു. പിന്നീടുണ്ടായ പലവിധ പ്രതിസന്ധിയില്‍ 2,800 പേര്‍ക്കാണ് യു.കെ.യി ലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റുമായി ബന്ധപ്പെട്ട് തൊഴില്‍നഷ്ടം സംഭവിച്ചത്. ഇത് ഇവരെ കടുത്ത സാമ്പത്തീക പരാധീനതയിലേക്ക് തള്ളിവിടുകയും ചെയ്തിരുന്നു.

ഇവരുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായിക്കുന്നതിന് പുറമേ സൗത്ത്‌വെയ്ല്‍സില്‍ 900 പേരുടെ കടങ്ങള്‍ പരിഹരിക്കാന്‍ ഒരു കടം പരിഹാര കമ്പനി തന്നെ ഷീന്‍ അവതരിപ്പിച്ചു. ഷീന്റെ ഈ പ്രയത്‌നം ചാനല്‍ 4 ഉടന്‍ സംപ്രേഷണം ചെയ്യാനിരിക്കുകയാണ്. അതേസമയം ഇതിന്റെ ഏറ്റവും രസകരമായ കാര്യം താന്‍ ആരെയാണ് സഹായിക്കുന്നതെന്ന് ഷീന് അറിയുക പോലുമില്ല എന്നതാണ്.

അത് തനിക്ക് അറിയേണ്ട കാര്യവുമില്ലെന്ന് താരം പറയുന്നു. ജന്മനാടായ പോര്‍ട്ട് ടാല്‍ബോട്ടിലെ ഒരു കഫേയില്‍ വെച്ചാണ് ഷീന്‍ ടാറ്റ സ്റ്റീല്‍ പ്ലാന്റ് അടച്ചുപൂട്ടിയതിനെ തുടര്‍ന്നുള്ള ആള്‍ക്കാരുടെ ദുരിത കഥ കേട്ടറിഞ്ഞത്്. കഫേയില്‍ ജോലി ചെയ്തിരുന്ന ഒരു സ്ത്രീ ജോലി നഷ്ടപ്പെട്ട് എല്ലാ മേശകളിലും കണ്ണീരോടെ ഇരിക്കുന്ന പുരുഷന്മാരുടെ കഥ തന്നോട് പറഞ്ഞപ്പോഴാണ് അവരെ സഹായിക്കാന്‍ തനിക്ക് എന്തു ചെയ്യാന്‍ കഴിയു മെന്ന് നടന്‍ ആലോചിച്ചത്. തുടര്‍ന്നായിരുന്നു കടം ഏറ്റെടുക്കല്‍ കമ്പനി സ്ഥാപിച്ചത്.