Featured Sports

ഗോളടിച്ചും അടിപ്പിച്ചും മെസ്സി വീണ്ടും ദേശീയ ജഴ്‌സിയില്‍; 2026 ലോകകപ്പില്‍ അര്‍ജന്റീന കപ്പ് നിലനിര്‍ത്തുമോ?

മോണ്ടിവീഡിയോ: അമേരിക്കന്‍ മേജര്‍ലീഗ് സോക്കറില്‍ സ്വപ്‌നതുല്യമായ ഒരു സ്റ്റാര്‍ട്ടിംഗിന് ശേഷം അന്താരാഷ്ട്ര ഡ്യൂട്ടിയിലേക്ക് വീണ്ടുമെത്തുകയാണ് ലോകഫുട്‌ബോളിലെ സൂപ്പര്‍താരം ലിയോണേല്‍ മെസ്സി. വ്യാഴാഴ്ച തുടങ്ങുന്ന 2026 അമേരിക്ക, കാനഡ, മെക്‌സിക്കോ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കായി താരം വീണ്ടും ജഴ്‌സിയിടും.

ഒമ്പത് മാസം മുമ്പാണ് മെസ്സി അര്‍ജന്റീനയ്ക്കായി ഖത്തറില്‍ ലോകകപ്പ് ഉയര്‍ത്തിയത്. ടൂര്‍ണമെന്റില്‍ ഉടനീളം നടത്തിയ മികച്ച പ്രകടനത്തിലൂടെ തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ആരാണെന്ന് നിസ്സംശയം തെളിയിക്കുകയും ചെയ്തു. ദോഹയിലെ ആ മാന്ത്രികരാവിന് ശേഷം മെസ്സി ഒട്ടും തന്നെ താഴേയ്ക്ക് വന്നിട്ടുമില്ല. 36 വയസ്സുള്ള താരം തൊട്ടുപിന്നാലെ പാരീസിലെ സെയ്ന്റ് ജെര്‍മെയ്ന്‍ ക്ലബ്ബില്‍ നിന്നും കൂടുമാറുകയൂം അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍മിയാമിയെ കുതിപ്പിക്കുകയുമാണ്.

വരവില്‍ തന്നെ ഇന്റര്‍മിയാമിയെ യുഎസ് ഓപ്പണ്‍ കപ്പില്‍ കിരീടം അണിയിച്ച താരം ടൂര്‍ണമെന്റില്‍ ഉടനീളം ഗോളടിച്ചും ഗോളടിപ്പിച്ചും വിജയം ആഘോഷിക്കുകയാണ്. അര്‍ജന്റീനയുടേയും ബാഴ്‌സിലോണയുടെയും മുന്‍ പരിശീലകനായ ജെറാര്‍ഡ് മാര്‍ട്ടിനോയ്ക്ക് കീഴിലേക്കാണ് ഇന്റര്‍മിയാമിയില്‍ മെസ്സിയെത്തിയത്. അനേകം ട്രോഫികള്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ മെസ്സി ഒടുവില്‍ അര്‍ജന്റീനയെ ലോകകപ്പിലേക്കും കോപ്പാ അമേരിക്കന്‍ കപ്പിലേക്കുമെല്ലാം നയിക്കുകയും ചെയ്തു.

അര്‍ജന്റീനയ്ക്കായി മറ്റൊരു യോഗ്യതാ മത്സരത്തിനൊരുങ്ങുമ്പോള്‍ മെസ്സിയ്ക്ക് നേരെ ഉയരുന്ന പ്രധാന ചോദ്യം അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുന്ന ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക്് കപ്പ് നിലനിര്‍ത്താനാകുമോ എന്നതായിരിക്കും. ഈ ആഴ്ചയാണ് ലോകകപ്പില്‍ ദക്ഷിണ അമേരിക്കന്‍ മേഖലയുടെ യോഗ്യതാമത്സരങ്ങള്‍ തുടങ്ങുക.

ലോകകപ്പിന് പിന്നാലെ മെസ്സി എപ്പോഴാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുക എന്ന് ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ മെസ്സി അതിന് കൃത്യമായ ഒരുത്തരം നല്‍കിയല്ല. എപ്പോള്‍ അത് സംഭവിക്കുമെന്ന് തനിക്കറിയില്ലെന്നും നടക്കുമ്പോള്‍ നടക്കട്ടെ എന്നുമായിരുന്നു മെസ്സി അര്‍ജന്റീന യിലെ മാധ്യമങ്ങളോട് പറഞ്ഞത്. ”എല്ലാം നേടിയതിന് ശേഷം, എനിക്ക് ആ നിമിഷവും ആസ്വദിക്കാനാകണം. അത് എപ്പോഴാണെന്ന് പറയാന്‍ കഴിയുന്ന സമയത്തിനായി കാത്തിരിക്കുകയാണ്. യുക്തിപരമായി, എന്റെ പ്രായം കണക്കിലെടുക്കുമ്പോള്‍, അത് ഉടന്‍ ഉണ്ടാകുമെന്ന് ഒരാള്‍ പ്രതീക്ഷിക്കും, പക്ഷേ എനിക്ക് ഉറപ്പില്ല.” താരം പറഞ്ഞു.

അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകന്‍ സ്‌കലോണിയ്ക്കും താരത്തോട് വിരമിക്കാന്‍ പറയാന്‍ താല്‍പ്പര്യമില്ല. 2026 ലോകകപ്പിലും മെസ്സി തയ്യാറാണെങ്കില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുമെന്നാണ് സ്‌കലോണി പറഞ്ഞത്. ജനുവരിയില്‍ സ്‌കലോണി പറഞ്ഞത് അടുത്ത ലോകകപ്പിലും മെസ്സിയുണ്ടാകുമെന്നായിരുന്നു. അദ്ദേഹത്തിന് കൊള്ളാമെന്ന് തോന്നിയാല്‍ ടീമിന്റെ വാതില്‍ എപ്പോഴും അദ്ദേഹത്തിനായി തുറന്നിട്ടിരിക്കുമെന്നും സ്‌കലോണി പറഞ്ഞിരുന്നു. അദ്ദേഹം മൈതാനത്ത് സന്തോഷവാനായിട്ടാണ് നില്‍ക്കുന്നതെങ്കില്‍ അത് ഞങ്ങള്‍ക്ക് ഗുണകരമായിരിക്കുമെന്ന് താരം പറഞ്ഞു.

അടുത്ത ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് കപ്പ് നിലനിര്‍ത്തുക കൂടുതല്‍ ദുഷ്‌ക്കരമായിരിക്കും. 48 ടീമുകളാണ് മത്സരിക്കുന്നത്. ദക്ഷിണ അമേരിക്കയില്‍ ആറു ടീമുകള്‍ക്ക് നേരിട്ട് യോഗ്യത കിട്ടും. ഏഴാം സ്ഥാനത്ത് വരുന്നവര്‍ക്ക് പ്‌ളേഓഫും കളിക്കാം. 2025 സെപ്തംബറിലായിരിക്കും യോഗ്യതാ മത്സരങ്ങള്‍ പൂര്‍ത്തിയാകുക. വ്യാഴാഴ്ച സ്വന്തം നാട്ടില്‍ ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോണുമെന്റില്‍ ഇക്വഡോറാണ് ടീമിന് എതിരാളികളാകുക. അതിന് ശേഷം ചൊവ്വാഴ്ച ലാപാസില്‍ ബൊളീവിയയെയും നേരിടും.

വ്യാഴാഴ്ച പരാഗ്വേ പെറുവിനെയും കൊളംബിയ വെനസ്വേലയെയൂം നേരിടും. വെള്ളിയാഴ്ച ഉറുഗ്വേ ചിലെയേയും അഞ്ചു തവണ ചാംപ്യന്മാരായ ബ്രസീല്‍ ബൊളീവിയയെയും നേരിടും. പുതിയ പരിശീലകന്‍ ഫെര്‍ണാണ്ടോ ഡിനിസിന് കീഴിലാണ് ബ്രസീല്‍ പുതിയതായി ഇറങ്ങുന്നത്. കഴിഞ്ഞ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റ് ബ്രസീല്‍ പുറത്തായത് ടിറ്റേയുടെ പണി തെറുപ്പിച്ചിരുന്നു. മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് വിംഗര്‍ ആന്റണി ഒഴികെയുള്ള എല്ലാവരും ബ്രസീല്‍ ടീമിലുണ്ട്.