Oddly News

അലൈനയുടെ സന്ദേശത്തിന്‌ 31 വര്‍ഷങ്ങള്‍ക്ക്‌ ശേഷം മറുപടി

ഒടുവില്‍ 31 വര്‍ഷത്തിനുശേഷം അലൈന ബെറസ്‌ഫോര്‍ഡിന്റെ സന്ദേശത്തിനു മറുപടി ലഭിച്ചു. 1994ല്‍ 12 വയസുള്ളപ്പോള്‍ ഒരു സ്‌കൂള്‍ പ്രോജക്‌റ്റിന്റെ ഭാഗമായാണ്‌ അവര്‍ സന്ദേശം തയാറാക്കിയത്‌. മൊറേ കപ്പിന്റെ കാലിയായ കുപ്പിയിലാണ്‌ അവര്‍ സന്ദേശം എഴുതി കടലില്‍ നിക്ഷേപിച്ചത്‌.
‘പ്രിയപ്പെട്ടവരേ, എന്റെ പേര്‍ അലൈന സ്‌റ്റീഫനാണ്‌, എനിക്ക്‌ 12 വയസ്സുണ്ട്‌. ഞാന്‍ പോര്‍ട്‌നോക്കിയില്‍നിന്നാണ്‌ വരുന്നത്‌, ഞാന്‍ വെള്ളത്തെക്കുറിച്ചുള്ള ഒരു പ്രോജക്‌ട് ചെയ്യുകയാണ്‌, അതിനാല്‍ ഒരു കുപ്പിയില്‍ ഒരു സന്ദേശം അയയ്‌ക്കാന്‍ ഞാന്‍ തീരുമാനിച്ചു.
നിങ്ങള്‍ ഈ സന്ദേശം കണ്ടെത്തുമ്പോള്‍, നിങ്ങളുടെ പേര്‍, താല്‍പ്പര്യങ്ങള്‍, നിങ്ങള്‍ സന്ദേശം കണ്ടെത്തിയ സ്‌ഥലം, എപ്പോള്‍, സാധ്യമെങ്കില്‍, നിങ്ങളുടെ പ്രദേശത്തെക്കുറിച്ചുള്ള ചെറിയ വിവരങ്ങള്‍ എന്നിവ എഴുതി അയയ്‌ക്കുക.’ എന്നായിരുന്നു സന്ദേശം. സന്ദേശം കടല്‍ കടന്ന്‌ നോര്‍വേയിലെ വേഗയ്‌ക്ക് സമീപമുള്ള ഒരു ചെറിയ ദ്വീപായ ലിസ്‌ഷെല്ലോയിയിലാണ്‌ എത്തിയത്‌.
ജര്‍മന്‍ സ്വദേശിനി പിയയ്‌ക്കാണു കത്ത്‌ കിട്ടിയത്‌. തീരം വൃത്തിയാക്കുന്നതിനിടെയാണു കുപ്പി ശ്രദ്ധയില്‍പ്പെട്ടത്‌.
‘എന്റെ പേര്‍ പിയ എന്നാണ്‌, ഞാന്‍ ജര്‍മ്മനിയില്‍നിന്നാണ്‌. ഞാന്‍ നോര്‍വേയിലെ വേഗയ്‌ക്ക് സമീപമുള്ള ഒരു ചെറിയ ദ്വീപായ ലിസ്‌ഷെല്ലോയിയില്‍നിന്ന്‌ നിങ്ങളുടെ കുപ്പിയിലെ സന്ദേശം കണ്ടെത്തി. എനിക്ക്‌ 27 വയസ്സുണ്ട്‌, എനിക്ക്‌ റോക്ക്‌ കൈ്ലബിങ്ങും സെയിലിങ്ങും വളരെ ഇഷ്‌ടമാണ്‌!’ – അവര്‍ കുറിച്ചു.സാമൂഹിക മാധ്യമങ്ങളിലൂടെ ഇരുവരും പരിചയപ്പെട്ടു.