Oddly News

മെട്രോയിൽ സ്ത്രീകളുടെ കോച്ചിൽ കയറി, പുരുഷന്മാരെ കരണത്തടിച്ച് പുറത്താക്കി പോലീസ്- വൈറലായി ദൃശ്യങ്ങൾ

യാത്രക്കാരുടെ അപമര്യാദയോടെയുള്ള പെരുമാറ്റം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ഡൽഹി മെട്രോ. ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ നിരവധി വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഇപ്പോഴിതാ റിസർവേഷൻ ചെയ്ത വനിതാ കോച്ചിൽ നിന്ന് പുരുഷന്മാരെ പോലീസുകാർ ബലമായി പുറത്താക്കുന്നതിന്റെ പഴയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും വ്യാപക ചർച്ചയ്ക്ക് വഴിയൊരിക്കിയിരിക്കുന്നത്.

2010 നവംബറിൽ മെട്രോ ലൈൻ 2-ൽ നടന്ന സംഭവത്തിൽ റിപ്പോർട്ടുകൾ പ്രകാരം 40 ഓളം പുരുഷന്മാരാണ് വനിതാ യാത്രക്കാർക്കായി പ്രത്യേകം നീക്കിവച്ചിരിക്കുന്ന വനിതാ കോച്ചിൽ പ്രവേശിച്ചത്. മെട്രോയും സിഐഎസ്എഫും ഇടപെട്ടിട്ടും പുരുഷന്മാർ കോച്ചിൽ നിന്ന് ഇറങ്ങാൻ വിസമ്മതിച്ചു.

തുടര്‍ന്ന് സ്ത്രീ യാത്രക്കാർ പുരുഷൻമാർക്കെതിരെ പ്രതിഷേധിച്ചു. സ്ത്രീകൾക്ക് സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട കോച്ച് ഒഴിയാൻ എന്തുകൊണ്ടാണെന്ന് പുരുഷന്മാർ തയ്യാറാകാത്തത് എന്നാണ് സ്ത്രീകൾ ഉയർത്തിയ ചോദ്യം. വൈറലായ വീഡിയോയിൽ കോച്ചിന് പുറത്ത് ഉദ്യോഗസ്ഥർ നിൽക്കുന്നതും പുരുഷന്മാർ പുറത്തിറങ്ങുമ്പോൾ അവരെ ശാസിക്കുന്നതും തല്ലുന്നതുമാണ് കാണുന്നത്. ട്രെയിനിൽ നിന്ന് പുറത്തിറങ്ങുമ്പോൾ പുരുഷന്മാരെ ഒരു വനിതാ പോലീസ് ഓഫീസർ കരണക്കുറ്റിക്ക് തല്ലി ഇറക്കുന്നതാണ് കാണുന്നത്.

ഈ സംഭവം സ്​‍ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള പ്രത്യേക ഇടങ്ങളെക്കുറിച്ചും നിയമപാലകർ അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുമുള്ള ഓൺലൈൻ ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ തുടക്കമിട്ടു. വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുമായി രംഗത്തെത്തിയത്. ചില ഉപയോക്താക്കൾ പുരുഷന്മാർക്കെതിരായ പക്ഷപാതമാണ് ഇതെന്ന് വിശേഷിപ്പിച്ചപ്പോൾ മറ്റുള്ളവർ പോലീസിന്റെ നടപടികളെ അപലപിച്ചു.

ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “സ്ത്രീകളെ ശല്യപ്പെടുത്താൻ പുരുഷന്മാർ ഉണ്ടായിരുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, സ്ത്രീകൾ ജനറൽ കോച്ചുകളിൽ പ്രവേശിക്കുന്നത് എന്തുകൊണ്ടാണ് ? സ്ത്രീകൾക്ക് റിസർവ്ഡ് കോച്ചുകളുണ്ടെങ്കിൽ പുരുഷന്മാരുടെ കോച്ചുകൾ ഇല്ലാത്തത് എന്തുകൊണ്ട്? പൊതു കോച്ചുകൾ നിറഞ്ഞാൽ പുരുഷന്മാർ എവിടെ പോകണം?”എന്നാണ്.

മറ്റൊരു ഉപയോക്താവ് പോലീസ് ഉദ്യോഗസ്ഥന്റെ പ്രവർത്തനങ്ങളെ കൂടുതൽ വിമർശിച്ചു, “ഇത്തരം പോലീസുകാർ നാണക്കേടാണ്. കനത്ത പിഴകൾ സ്വീകാര്യമാണ്, എന്നാൽ ആരെയും തൊടാൻ ഉദ്യോഗസ്ഥർക്ക് അവകാശമില്ല. ഈ പെരുമാറ്റം ഒരു കൊളോണിയൽ അവശിഷ്ടമാണ്.”