കൊച്ചി: താരസംഘടന അമ്മയിലെ മെമ്മറി കാര്ഡ് വിവാദത്തില് മോഹന്ലാല് ഉള്പ്പെടെ ആറുപേരുടെ മൊഴിയെടുത്തു. പ്രസിഡന്റ് ശ്വേത മേനോന്, എക്സിക്യൂട്ടീവ് അംഗം ജോയ് മാത്യു, ദേവന്, ശ്രീദേവി, അഡ്വ. ആശ എന്നിവര് ഉള്പ്പെടെയുള്ള അഞ്ചംഗ സമിതിയാണു മൊഴിയെടുക്കുന്നത്. മെമ്മറി കാര്ഡ് വിവാദം തനിക്കറിയില്ലെന്നു മോഹന്ലാല് മൊഴി നല്കി.
മോഹന്ലാലിനെ കൂടാതെ ബീന ആന്റണി, ലിസി ജോസ്, തെസ്നീ ഖാന്, മഞ്ജു പിള്ള, ഷംന കാസിം എന്നിവരുടെ മൊഴിയും അന്വേഷണ കമ്മിറ്റി രേഖപ്പെടുത്തി. സമയം അറിയിക്കാതെ എത്തിയ ലക്ഷ്മിപ്രിയയുടെ മൊഴി രേഖപ്പെടുത്തിയില്ല. മൊഴിയെടുപ്പ് ഇന്നും തുടരും. സെപ്റ്റംബര് 12നാണു മെമ്മറി കാര്ഡ് വിവാദത്തില് അന്വേഷണ കമ്മിറ്റി രൂപീകരിച്ചത്.
പ്രസിഡന്റ് ശ്വേത മേനോന്, എക്സിക്യൂട്ടീവ് അംഗം ജോയ് മാത്യു, ദേവന്, ശ്രീദേവി, അഡ്വ. ആശ എന്നിവരാണു കമ്മിറ്റി അംഗങ്ങള്. അന്വേഷണം നടത്തി 60 ദിവസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കാനാണു തീരുമാനം. അമ്മയിലെ സ്ത്രീകള് ദുരനുഭവങ്ങള് പങ്കുവയ്ക്കുന്നതിന്റെ വീഡിയോ മെമ്മറി കാര്ഡ് കുക്കു പരമേശ്വരന് കൈവശപ്പെടുത്തിയെന്നും ഇതു ഹേമാ കമ്മിറ്റിക്കു കൈമാറിയില്ലെന്നുമായിരുന്നു ഏതാനും നടിമാരുടെ ആരോപണം.




