ത്രില്ലര്‍ മൂവിയുടെ ഗണങ്ങളില്‍ ഏറ്റവും മുന്നിലുള്ള സ്‌ക്രീം 7 ന്റെ പുതിയ റിലീസിനായി ഫ്രാഞ്ചൈസിയുടെ ലോകം മുഴുവനുമുള്ള ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിനിടയില്‍ സിനിമയിലെ പ്രധാന താരങ്ങളില്‍പെടുന്ന മലീസ ബരേരയെ സിനിമയില്‍ നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ട്. മദ്ധ്യേഷ്യയില്‍ നടന്ന ഇസ്രായേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ സോഷ്യല്‍മീഡിയ പോസ്റ്റിന്റെ പശ്ചാത്തലത്തിലാണ് ഒഴിവാക്കിയതെന്നാണ് സൂചന.
”ഗാസയെ നിലവില്‍ ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് പോലെയാണ് പരിഗണിക്കുന്നത്,” അവര്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലെ ഒരു പോസ്റ്റില്‍ എഴുതി. ”ആള്‍ക്കാര്‍ക്ക് കൂടിച്ചേര്‍ന്ന് എങ്ങോട്ടും പോകാനില്ല. വൈദ്യുതിയില്ല, വെള്ളവുമില്ല… നമ്മുടെ ചരിത്രങ്ങളില്‍ നിന്ന് ആളുകള്‍ ഒന്നും പഠിച്ചിട്ടില്ല. നമ്മുടെ ചരിത്രങ്ങളില്‍ കാണുന്നത് പോലെ ഇപ്പോഴും ആളുകള്‍ എല്ലാം സംഭവിക്കുന്നത് നിശബ്ദമായി വീക്ഷിക്കുന്നു. ഇത് വംശഹത്യയും വംശീയ ശുദ്ധീകരണവുമാണ്.”
ഒക്ടോബര്‍ 7-ന് ഹമാസ് ഇസ്രായേല്‍ അധിനിവേശം നടത്തിയതുമുതല്‍ യുദ്ധത്തെക്കുറിച്ച് ഡസന്‍ കണക്കിന് പോസ്റ്റുകളാണ് ബാരേര ഇട്ടത്. പിന്നാലെ സ്‌ക്രീം ഫ്രാഞ്ചൈസിയും രംഗത്ത് വന്നു. ”സ്പൈ ഗ്ലാസിന്റെ നിലപാട് അസന്ദിഗ്ധമായി വ്യക്തമാണ്: യഹൂദവിരുദ്ധതയോടോ തെറ്റായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ ഏത് രൂപത്തിലും വിദ്വേഷം ഉണര്‍ത്തുന്നതിനോടോ ഞങ്ങള്‍ക്ക് സഹിഷ്ണുതയില്ല. സ്പൈഗ്ലാസിന്റെ വക്താവ് ഒരു പ്രസ്താവനയില്‍ പറയുന്നു.
2022 ല്‍ സ്‌ക്രീമിലൂടെ ഫ്രാഞ്ചൈസിയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിച്ചയാളാണ് ബാരര. അത് ആഗോളതലത്തില്‍ 137.7 മില്യണ്‍ ഡോളര്‍ സമ്പാദിക്കുകയും ഫ്രാഞ്ചൈസിയില്‍ നിന്നുള്ള തലമുറകളെ സംയോജിപ്പിക്കുകയും ചെയ്തു. ബരേരയുടെ സാം കാര്‍പെന്ററായിരുന്നു ആ ചിത്രത്തിലെ പ്രധാന കഥാപാത്രം. ജെന്ന ഒര്‍ട്ടേഗയുടെ തേരയുടെ മൂത്ത സഹോദരി. മാര്‍ച്ചില്‍ പുറത്തിറങ്ങി ആഗോള ബോക്സ് ഓഫീസില്‍ 168.9 മില്യണ്‍ ഡോളര്‍ നേടിയ സ്‌ക്രീം ആറിലും ബാരേര അഭിനയിച്ചു.