Celebrity

‘ഈ സുന്ദരി രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങൾക്ക് ഭീഷണി’, ബംഗ്ലാദേശി മോഡല്‍ അറസ്റ്റില്‍

ധാക്ക: ബംഗ്ലാദേശി മോഡലും മുന്‍ മിസ് എര്‍ത്ത് ബംഗ്ലാദേശുമായ മേഘ്‌ന ആലം അറസ്റ്റില്‍. രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങള്‍ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് സ്‌പെഷ്യല്‍ പവര്‍ ആക്ട് പ്രകാരമാണ് മേഘ്‌നയെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ സൗദി അറേബ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെതിരെ മേഘ്‌ന ഒട്ടേറെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ സൗദി അറേബ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെക്കുറിച്ച് മേഘ്‌ന തെറ്റായവിവരങ്ങള്‍ പ്രചരിപ്പിച്ചെന്നും ഇത് രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങള്‍ക്ക് ഭീഷണിയായെന്നുമാണ് പോലീസിന്റെ വിശദീകരണം.

വിവാഹിതനായ ഒരു നയതന്ത്രജ്ഞനുമായി തനിക്ക് ബന്ധമുണ്ടെന്ന് ആലം ​​അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അവരുടെ അറസ്റ്റ്. നിയമപാലകരുടെ സഹായത്തോടെ നയതന്ത്രജ്ഞൻ തന്നെ നിശബ്ദയാക്കാൻ ശ്രമിക്കുകയാണെന്ന് ആലം ​​പറഞ്ഞതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.

ഏപ്രില്‍ ഒന്‍പതിനാണ് ധാക്കയിലെ വീട്ടില്‍നിന്ന് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് കടന്നുവരുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ മേഘ്‌ന പങ്കുവെച്ചിരുന്നു. പോലീസുമായി സഹകരിക്കാമെന്ന് മേഘ്‌ന പറയുന്നതും 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫെയ്‌സ്ബുക്ക് ലൈവിലുണ്ടായിരുന്നു.

എന്നാല്‍, ഇതിനുപിന്നാലെയാണ് മേഘ്‌നയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ധാക്ക കോടതിയില്‍ ഹാജരാക്കിയ യുവതിയെ പിന്നീട് കാഷിംപുര്‍ ജയിലിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മേഘ്‌നയുടെ അറസ്റ്റിനെതിരേ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ മേഘ്‌നയുടെ അറസ്റ്റില്‍ ആശങ്കയറിയിച്ചു. ഒന്നുകില്‍ അവര്‍ക്കെതിരേ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കാവുന്ന കുറ്റം ചുമത്തണമെന്നും അല്ലെങ്കില്‍ അവരെ വിട്ടയക്കണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.

അതേസമയം, മേഘ്‌നയും സൗദി നയതന്ത്ര ഉദ്യോഗസ്ഥനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് മേഘ്‌നയുടെ പിതാവ് ബദറുല്‍ ആലം പ്രതികരിച്ചു. ഇരുവരും അടുപ്പത്തിലായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ വിവാഹാഭ്യര്‍ഥന മകള്‍ നിരസിച്ചു. അദ്ദേഹത്തിന് ഭാര്യയും കുട്ടികളും ഉണ്ടെന്ന് അറിഞ്ഞതിനാലാണ് വിവാഹാഭ്യര്‍ഥന നിരസിച്ചതെന്നും ബദറുല്‍ ആലം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *