പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ധരിച്ച ഷൂവിന്റെ വില ലക്ഷങ്ങളാണെന്നും അല്ല ആയിരങ്ങള്‍ മാത്രമാണെന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. എന്നാല്‍ 20 ലക്ഷം രൂപ വിലമതിക്കുന്ന ഷൂ ധരിക്കുന്ന ഒരു ബിസിനസ് വനിതയെക്കുറിച്ച് അറിയൂ.
ബിസിനസ് റിയാലിറ്റി ടെലിവിഷൻ ഷോയായ ഷാർക്ക് ടാങ്ക് ഇന്ത്യയിലെ ജഡ്ജും എംക്യുർ ഫാർമസ്യൂട്ടിക്കൽസിന്റെ മേധാവിയുമായ നമിത ഥാപ്പറാണ് ആ വനിത. രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന, വിജയകരമായി ബിസിനസ്സ് നടത്തുന്ന വനിതകളിൽ ഒരാളാണ് നമിത. ബിസിനസ്സിലെ വിജയം ഇന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്തിന്റെ ഉടമയാക്കി മാറ്റി നമിതയെ.
മുന്തിയ ആഡംബര ബംഗ്ലാവുകളും വിലകൂടിയ കാറുകളും കോടിക്കണക്കിന് രൂപയുടെ ആസ്തിയും അവർക്കുണ്ട്. എംക്യുർ ഫാർമസ്യൂട്ടിക്കൽസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ നമിത, മാത്രമല്ല, ഷാർക്ക് ടാങ്ക് ഇന്ത്യ ഷോയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ജഡ്ജുമാണ്. കഴിഞ്ഞ മൂന്ന് സീസണുകളായി അവർ ഷാർക്ക് ടാങ്ക് ഇന്ത്യയിലെ ജഡ്ജിയാണ്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം നമിത ഥാപ്പറിന്റെ ആസ്തി ഏകദേശം 600 കോടി രൂപയാണ്. ഇന്ത്യയിൽ എംബിഎ പൂർത്തിയാക്കിയ നമിത പിന്നീട് അമേരിക്കയിലേക്ക് താമസം മാറി. അവിടെ ഗൈഡന്റ് കോർപ്പറേഷൻ എന്ന മെഡിക്കൽ ഉപകരണ കമ്പനിയിൽ ബിസിനസ് ഫിനാൻസ് മേധാവിയായി ജോലി ചെയ്തു.
ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ നമിത എംക്യുർ ഫാർമസ്യൂട്ടിക്കൽസിൽ സിഎഫ്ഒ ആയി ചേർന്നു, തുടർന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ വരെ എത്തി. ഈ കമ്പനി ആരംഭിച്ചത് അവരുടെ പിതാവ് സതീഷ് മേത്തയാണ്. അദ്ദേഹം ഇപ്പോൾ കമ്പനിയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമാണ്.
എംക്യൂറിനു പുറമേ, വിദ്യാഭ്യാസ കമ്പനിയായ ഇൻക്രെഡിബിൾ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ ഉടമ കൂടിയാണ് നമിത ഥാപ്പർ. ഷാർക്ക് ടാങ്ക് ഇന്ത്യയിൽ ഷോയ്ക്ക് ആദ്യ സീസണിൽ ഒരു എപ്പിസോഡിന് 8 ലക്ഷം രൂപയായിരുന്നു നമിതയുടെ പ്രതിഫലം. ഇതിനുപുറമെ, ഷോയിൽ പ്രത്യക്ഷപ്പെട്ട 25 ഓളം കമ്പനികളിലായി അവർ 10 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇവയിൽ, ബമ്മർ, ആൾട്ടർ (സ്മാർട്ട് ഹെൽമെറ്റ് കമ്പനി), ഇനാകാൻ (കോക്ക്ടെയിൽ കമ്പനി), വാകാവോ ഫുഡ്സ് (റെഡി-ടു-കുക്ക് ഭക്ഷണ നിർമ്മാതാവ്) തുടങ്ങിയ കമ്പനികളിൽ അവർ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്.
നമിത ഥാപ്പറിന്റെ ജീവിതശൈലി അവരുടെ സാമ്പത്തികനില മികച്ചതാണെന്ന് കാണിക്കുന്നു. പൂനെയിൽ 50 കോടി രൂപയുടെ ഒരു ബംഗ്ലാവ് അവർക്കുണ്ട്. വികാസ് ഥാപ്പറിനെയാണ് അവർ വിവാഹം കഴിച്ചത്. കാർ ശേഖരത്തെക്കുറിച്ച് പറയുമ്പോൾ, 2 കോടി രൂപയുടെ ബിഎംഡബ്ല്യു എക്സ് 7, മെഴ്‌സിഡസ് ബെൻസ് ജിഎൽഇ, ഓഡി ക്യു 7 തുടങ്ങിയ വിലകൂടിയ കാറുകൾ നമിതയ്ക്ക് സ്വന്തമാണ്. ഷാർക്ക് ടാങ്ക് ഇന്ത്യ ജഡ്ജായ അമിത് ജെയിൻ ഒരിക്കൽ നമിത 20 ലക്ഷം രൂപയുടെ ഷൂസ് ധരിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി.
സോണി എൽഐവിയിലും സോണി എന്റർടൈൻമെന്റ് ടെലിവിഷനിലും സംപ്രേക്ഷണം ചെയ്യുന്ന ഹിന്ദി ഭാഷയിലുള്ള ബിസിനസ് റിയാലിറ്റി ടെലിവിഷൻ പരമ്പരയാണ് ഷാർക്ക് ടാങ്ക് ഇന്ത്യ.