Good News

പ്രായം 69, അറുപത് കിലോ’ ഡെഡ് ലിഫ്റ്റ്’ പോലും പുഷ്പം പോലെ പൊക്കുന്ന ‘വെയ്റ്റ് ലിഫ്റ്റര്‍ മമ്മി’

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് വെറുതെ അലങ്കാരത്തിനു പറയാറുണ്ട്. ഇത് അങ്ങിനെയല്ല. യുവാക്കളുടെ മാത്രം മേഖലയായി സാധാരണ കരുതപ്പെടുത്ത വെയിറ്റ് ലിഫ്റ്റിംഗില്‍ പുഷ്പംപോലെ വെയിറ്റെടുക്കുന്ന ഈ അമ്മ നമ്മെ അമ്പരപ്പിക്കും. പ്രായമായാല്‍ മുട്ടുവേദനയും സന്ധിവേദനയുമായി ഒരിടത്ത് ഒതുങ്ങിക്കൂടുന്ന പ്രകൃതമാണ് എല്ലാവര്‍ക്കും.

എന്നാല്‍ തന്റെ 69 മത്തെ വയസ്സിലും ഓടി നടന്ന് ജിമ്മില്‍ സ്‌ക്വാട്ടുകളും ലെഗ് പ്രസുകളുംവരെ ചെയ്യുന്ന ഒരു അമ്മ. റോഷ്‌നി ദേവി എന്നാണ് ഇവരുടെ പേര്. ഇവര്‍ അറിയപ്പെടുന്നത് തന്നെ വെയിറ്റ് ലിഫ്റ്റര്‍ മമ്മി എന്നാണ്. 60 കിലോ ഗ്രാം ഡെഡ്‌ലിഫ്റ്റുകളും 40 കിലോഗ്രാം സ്‌ക്വാട്ടുകളും 100 കിലോഗ്രാം ലെഗ് പ്രസ്സുകളും ദിവസവും പൂവ് എടുക്കുന്ന ലാഘവത്തോടെ ഈ അമ്മ ചെയ്യും.

എനിക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ ഇന്ന് ഞാൻ ഏറെ ആസ്വദിക്കുന്ന കാര്യമാണ് വർക്കൗട്ട്.’– അവർ പറഞ്ഞു. ഓരോ ദിവസവും താൻ വർക്കൗട്ട് ചെയ്യുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന ഈ അമ്മയ്ക്ക് നിരവധി ഫോളവേഴ്സുണ്ട്. ആയിരക്കണക്കിനു ആളുകളാണ് അമ്മയ്ക്ക് ആശംസകൾ അറിയിക്കുന്നത്.

ആര്‍ത്രൈറ്റിസ് രോഗിയായിരുന്നു റോഷ്‌നി ദേവി . വേദനയാല്‍ ബുദ്ധിമുട്ടിയിരുന്ന അമ്മയെ മകന്‍ തന്നെയാണ് ജിമ്മിലേക്ക് ക്ഷണിച്ചത്. ആദ്യം ചമ്മലും മടിയുമായിരുന്നെങ്കിലും പതുക്കെ വര്‍ക്കൗട്ടുകള്‍ ആസ്വദിക്കാന്‍ ആരംഭിച്ചതായി റോഷ്‌നി പറയുന്നു. ഇപ്പോൾ ശരീരത്തിലെ സന്ധികള്‍ക്ക് വേദനയില്ലായെന്നും ഈ അമ്മ പറയുന്നു. മകനും പരിശീലനുമായ മകന്റെ പരിചരണത്തിലാണ് അമ്മയുടെ വ്യായാമങ്ങള്‍.