”കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും ഒരിക്കലും പാഴാകില്ല”. ഇത് വെറും പഴഞ്ചൊല്ലല്ല; ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന സുവര്‍ണ്ണ വാക്കുകളാണ്. ആവര്‍ത്തിച്ചുള്ള തിരസ്‌കാരങ്ങളെ അഭിമുഖീകരിച്ചിട്ടും തോല്‍വി അംഗീകരിക്കാന്‍ കൂട്ടാക്കാതെ പൊരുതി വിജയം നേടിയ ഒരാളുടെ ജീവിക്കുന്ന ഉദാഹരണമാണ് ഹര്‍ഷ് ജെയിന്‍. സ്ഥിരോത്സാഹവും ദൃഢവിശ്വാസവും ഒടുവില്‍ വിജയത്തിലേക്ക് നയിച്ചു.
ഫാന്റസി ക്രിക്കറ്റ്, ഹോക്കി, ഫുട്‌ബോള്‍ തുടങ്ങിയ വിവിധ ഗെയിമുകളുടെ പ്ലാറ്റ്ഫോമായ ഡ്രീം11 എന്നറിയപ്പെടുന്ന ഏകദേശം 64,000 കോടി (നവംബര്‍ 2021) മൂല്യമുള്ള ഒരു കമ്പനിയുടെ ഉടമയാണ് അദ്ദേഹം. ഇപ്പോള്‍ വന്‍ നേട്ടം കൊയ്യുന്ന കമ്പനിയുടെ യാത്ര പക്ഷേ തുടക്കത്തില്‍ ഒട്ടും സുഗമമായിരുന്നില്ല. ഡിസൈന്‍, ടെക്, ഉല്‍പ്പന്നം, വിപണന വശങ്ങള്‍ എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്ന ഹര്‍ഷ് ജെയിനും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ പങ്കാളി ഭവിത് സേത്തിനും ഈ ഐഡിയ വിജയിപ്പിക്കുന്നതിനുള്ള ഫണ്ടിന് വേണ്ടി 2012മുതല്‍ കമ്പനികള്‍ തോറും കയറിയിറങ്ങിയപ്പോള്‍ നേരിടേണ്ടി വന്നത് 150 ഓളം തിരസ്‌ക്കരിക്കലുകളാണ്. ഫണ്ട് സ്വരൂപിക്കുന്നതിനായി രണ്ട് വര്‍ഷത്തിനുള്ളില്‍ താന്‍ 150 ഓളം വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളെ സമീപിച്ചതായും ഓരോ തവണയും തന്റെ ആശയം നിരസിക്കപ്പെട്ടുവെന്നും ഹര്‍ഷ് തന്നെ പറയുന്നു.
2008ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ആരംഭിച്ച വര്‍ഷമായിരുന്നു ഡ്രീം 11 എന്ന ആശയവുമായി ഹര്‍ഷും ഭവിത്തും യാത്ര തുടങ്ങിയത്. തിരിച്ചടികള്‍ നേരിടുമ്പോഴും തങ്ങളുടെ ഐഡിയയില്‍ ഇവര്‍ ഉറച്ചു നിന്നു. നിരവധി തിരസ്‌കരണങ്ങള്‍ നേരിട്ട ഇരുവരും തങ്ങളുടെ ശ്രമങ്ങളില്‍ ഉറച്ചുനിന്നു. ആറ് വര്‍ഷത്തിന് ശേഷം ഡ്രീം 11 പ്ലാറ്റ്ഫോമിന്റെ ഉപയോക്തൃ അടിത്തറ അതിവേഗം വളരാന്‍ തുടങ്ങി. 2014-ല്‍ ഉപയോക്താക്കളുടെ എണ്ണം 1 മില്യണിലെത്തി, 2018 ആയപ്പോഴേക്കും അത് 45 ദശലക്ഷമായി ഉയര്‍ന്നു. അടുത്ത വര്‍ഷം മാത്രം, പ്ലാറ്റ്ഫോം അതിന്റെ ഉപയോക്തൃ അടിത്തറ ഇരട്ടിയാക്കി, നിലവില്‍ ഇത് ഏകദേശം 200 ദശലക്ഷം ഉപയോക്താക്കളുണ്ട്.
2019-ല്‍, കമ്പനി യൂണികോണ്‍ പദവി നേടി, വിപണി മൂല്യം 1 ബില്യണ്‍ ഡോളറിലധികം വന്നു.പടിപടിയായി വളര്‍ന്നു കയറിയ ഡ്രീം 11 2020 ല്‍ ബിസിനസ് ലോകത്ത് ആരും കൊതിക്കുന്ന ഐപിഎല്ലിന്റെ സ്പോണ്‍സര്‍ഷിപ്പ് അവകാശം നേടിയെടുത്തു. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിക്കും സ്പോണ്‍സര്‍ഷിപ്പ് ഉണ്ട്. പ്രശസ്ത ബിസിനസ്സ് മാഗ്‌നറ്റായ ആനന്ദ് ജെയിനിന്റെ മകനാണ് ഹര്‍ഷ് ജെയിന്‍. 2013 ല്‍ ഹര്‍ഷ് ജെയിന്‍ ദന്തഡോക്ടറായ രചന ഷായെ വിവാഹം കഴിച്ചു, ദമ്പതികള്‍ അവരുടെ മകന്‍ കൃഷിനെ സ്വീകരിച്ചു.