നിരവധി അഭിനേതാക്കള്‍ ബാലതാരങ്ങളായി കരിയര്‍ ആരംഭിച്ച് അവരുടെ വേഷങ്ങളിലൂടെ ആരാധകരുടെ മനംകവര്‍ന്നിട്ടുണ്ട്. അവരില്‍ ചിലര്‍ സിനിമയില്‍ തുടര്‍ന്നു, ചിലര്‍ വ്യത്യസ്ത വഴികള്‍ തിരഞ്ഞെടുത്തു, ചിലര്‍ ആ രംഗത്ത് നിന്ന് അപ്രത്യക്ഷമായി. ‘മുഖദ്ദര്‍ കാ സിക്കന്ദര്‍’ എന്ന സിനിമയില്‍ അമിതാഭ് ബച്ചന്റെ വേഷം ചെയ്തിരുന്ന ‘ഛോട്ടാ ബച്ചന്‍’ എന്ന കുട്ടിയെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?
‘മഹാഭാരതം’ എന്ന മിത്തോളജിക്കല്‍ ടെലിവിഷന്‍ പരമ്പരയില്‍ അഭിമന്യുവായി ജനപ്രീതിയാര്‍ജ്ജിച്ച താരമായിരുന്നു ഇദ്ദേഹം. എന്നിരുന്നാലും, താമസിയാതെ അദ്ദേഹം അഭിനയം ഉപേക്ഷിച്ച് ബിസിനസ്സില്‍ ഭാഗ്യം പരീക്ഷിച്ചു. മയൂര്‍ രാജ് വര്‍മ എന്നാണ് അദ്ദേഹത്തിന്റെ പേര്, മാസ്റ്റര്‍ മയൂര്‍ എന്നാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്.
മയൂര്‍ വര്‍മ്മയ്ക്ക് ബിഗ് ബിയുമായി അസാധാരണമായ സാമ്യമുണ്ടായിരുന്നു. അത് അക്കാലത്ത് അദ്ദേഹത്തെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കി. ‘മഹാഭാരതം’ ആയിരുന്നു അദ്ദേഹത്തിന്റെ അടുത്ത വലിയ വഴിത്തിരിവ്. എന്നിരുന്നാലും, ആ ഷോയ്ക്ക് ശേഷമുള്ള പ്രധാന പ്രോജക്റ്റുകളിലൊന്നും അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല.
എന്നാല്‍, അഭിനയ രംഗത്തേക്ക് മയൂറിനെ എത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചത് അവന്റെ അമ്മയായിരുന്നു. ET റിപ്പോര്‍ട്ട് അനുസരിച്ച്, അദ്ദേഹത്തിന്റെ അമ്മ സിനിമാതാരങ്ങളെ അഭിമുഖം ചെയ്തിരുന്ന ഒരു പ്രശസ്ത പത്രപ്രവര്‍ത്തകയായിരുന്നു. അമിതാഭ് എന്ന യുവതാരത്തെ അവതരിപ്പിക്കുന്നതിനായി ഒരു ബാലതാരത്തെ തേടിയിരുന്ന ചലച്ചിത്ര നിര്‍മ്മാതാവ് പ്രകാശ് മെഹ്റയുമായുള്ള സംഭാഷണത്തിനിടയിലാണ് മയൂറിന്റെ കാര്യം അവര്‍ അവതരിപ്പിയ്ക്കുന്നത്.
ലാവാരിസ്, ലവ് ഇന്‍ ഗോവ, ഷരാബി, കാനൂന്‍ അപ്ന അപ്ന തുടങ്ങി നിരവധി സിനിമകളില്‍ ബിഗ് ബിയുടെ ചെറുപ്പകാലം മാസ്റ്റര്‍ മയൂര്‍ അവതരിപ്പിച്ചു.
പ്രശസ്ത ഷെഫ് നൂറിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. നിലവില്‍, ഇന്ത്യയ്ക്ക് പുറത്ത് ഭാര്യയ്ക്കൊപ്പം റെസ്റ്റോറന്റുകള്‍ നടത്തുകയാണ് മയൂര്‍. രണ്ട് കുട്ടികളുണ്ട്. അദ്ദേഹം സിനിമ ഉപേക്ഷിച്ച് ബിസിനസിലേക്ക് എത്തിയതിന് പിന്നില്‍ വ്യക്തമായ കാരണമൊന്നുമില്ല. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ അഭിനയത്തെ കുറിച്ച് പുതുതലമുറയ്ക്ക് ക്ലാസുകള്‍ എടുക്കുകയും നിരവധി ആക്റ്റിംഗ് വര്‍ക്ക്ഷോപ്പുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്.