വിശാലമായ സിലബസ്, ഒന്നിലധികം ഘട്ടങ്ങളുള്ള തെരഞ്ഞെടുക്കല്‍ പ്രക്രിയ, കടുത്ത മത്സരം എന്നിവ കണക്കിലെടുക്കുമ്പോൾ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ വിജയിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നിരുന്നാലും, എല്ലാ വർഷവും ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഇത് എഴുതുന്നു, കുറച്ചുപേർ മാത്രം വെല്ലുവിളികളെ മറികടന്ന് എല്ലാവർക്കും മാതൃകയായി മാറുന്നു.
അത്തരത്തിൽ ശ്രദ്ധേയമായ ഒരു പേരാണ് ബോളിവുഡ് നടിയും ഐപിഎസ് ഓഫീസറുമായ സിമല. ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി പരീക്ഷയിൽ വിജയം നേടിയ അവർ അഖിലേന്ത്യാ റാങ്ക് (എഐആർ) 51-ാം സ്ഥാനത്തെത്തി. സ്വപ്നങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനമാണ്.
മധ്യപ്രദേശിലെ ഭോപ്പാലിൽ 1980 ഒക്ടോബർ 8 ന് ജനിച്ച സിമല, മികച്ച അക്കാദമിക് പശ്ചാത്തലമുള്ള ഒരു കുടുംബത്തിലാണ് വളർന്നത്. അമ്മ മെഹ്റുന്നീസ പർവേസ് പ്രശസ്ത എഴുത്തുകാരിയും അച്ഛൻ ഡോ. ഭാഗീരഥ് പ്രസാദ് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമാണ്. ഡോ. പ്രസാദ് മുൻ എംപി കൂടിയാണ്, 2014 നും 2019 നും ഇടയിൽ ബിജെപി ടിക്കറ്റിൽ ഭിന്ദ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. കുട്ടിക്കാലം മുതൽ തന്നെ സിമലയ്ക്ക് നൃത്തത്തിലും സംഗീതത്തിലും താൽപ്പര്യമുണ്ടായിരുന്നു. സ്കൂൾ, കോളേജ് ദിവസങ്ങളിൽ വിവിധ സാംസ്കാരിക പരിപാടികളിൽ അവർ പങ്കെടുത്തിരുന്നു.
സെന്റ് ജോസഫ്‌സ് കോ-എഡ് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ സിമല പിന്നീട് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്‌സലൻസിൽ നിന്ന് ബി.കോം ബിരുദം നേടി. അതിനുശേഷം ബർക്കത്തുള്ള യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. മദ്ധ്യപ്രദേശ് പിഎസ്‌സി പരീക്ഷ എഴുതി. വിജയത്തിനുശേഷം, സിമല മധ്യപ്രദേശ് പോലീസിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) ആയി ചേർന്നു.
ആ നേട്ടം കൈവരിച്ചെങ്കിലും, ഉയർന്ന സ്ഥാനം നേടാനാണ് അവർ പിന്നീട് ലക്ഷ്യമിട്ടത്. അതിനാൽ, യുപിഎസ്‌സി പരീക്ഷയ്ക്കുവേണ്ട കഠിനാധ്വാനം ചെയ്തു. ആദ്യ ശ്രമത്തിൽ തന്നെ അവർ UPSC പരീക്ഷ പാസായി, അഖിലേന്ത്യാ റാങ്ക് 51 നേടി. നിലവിൽ, മധ്യപ്രദേശിലെ ബേതുലിൽ പോലീസ് സൂപ്രണ്ടായി അവർ സേവനമനുഷ്ഠിക്കുന്നു.
2017 ൽ അലിഫ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു . 2019 ൽ നക്കാഷിൽ അഭിനയിച്ചുകൊണ്ട് തന്റെ കഴിവും ബഹുമുഖ വ്യക്തിത്വവും പ്രകടമാക്കി.