Good News

ജീവിതാവസാനം നിസ്വാര്‍ത്ഥമായി പരിപാലിച്ചു ; ദരിദ്ര കച്ചവക്കാരന് 88 കാരന്‍ എഴുതിവെച്ചത് 3.8 കോടിയുടെ സ്വത്ത്

കോടീശ്വരനെ ജീവിതാവസാനം നിസ്വാര്‍ത്ഥമായി പരിപാലിച്ചതിന് മാര്‍ക്കറ്റിലെ പഴക്കച്ചവടക്കാരന് 88 കാരന്‍ എഴുതിവെച്ചത് 3.8 കോടി രൂപയുടെ സ്വത്തുക്കള്‍. സഹോദരിമാര്‍ ഉള്‍പ്പെടെ സ്വന്തബന്ധുക്കളായിരുന്നവര്‍ക്ക് ചില്ലിക്കാശ് കൊടുക്കാതെയായിരുന്നു എല്ലാ സ്വത്തുക്കളും നല്‍കിയത്. മരണശേഷം ബന്ധുക്കള്‍ ഇതിനെതിരേ കോടതിയില്‍ പോയെങ്കിലും ദരിദ്രനായ പഴക്കച്ചവടക്കാരന് എല്ലാം കോടതി നല്‍കി.

ചൈനയിലെ ഷാങ്ഹായില്‍ നടന്ന സംഭവത്തില്‍ മരണമടഞ്ഞ മാ എന്ന കോടീശ്വരന്‍ ലിയു എന്ന മാര്‍ക്കറ്റില്‍ പഴം വില്‍ക്കുന്നയാള്‍ക്കാണ് അവസാന സമയത്ത് തന്നെ പരിചരിച്ചതിന്റെ നന്ദി സൂചകമായി വസ്തുവകകള്‍ എഴുതിക്കൊടുത്തത്. ലിയുവും വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുമുട്ടിയവരാണ്. എല്ലാ ദിവസവും പഴം വാങ്ങാന്‍ എത്തിയായിരുന്നു ഇരുവരും സൗഹൃദത്തിലായത്. ഒരിക്കല്‍ ലിയുവിന്റെ വീട് വളരെ മോശമായ നിലയിലുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാ അവനെയും കുടുംബത്തെയും തന്റെ ആഡംബര ഫ്‌ളാറ്റിലേക്ക് താമസിക്കാന്‍ ക്ഷണിച്ചു.

പിന്നീട് ആകെയുണ്ടായിരുന്നു മകന്‍ കൂടി മരിച്ചതോടെ വൃദ്ധനായിരുന്ന കോടീശ്വരന്റെ പരിപാലനം ലിയു ഏറ്റെടുത്തു. വീണുകിടന്ന മായെ ആശുപത്രിയില്‍ എത്തിച്ച ലിയു പിന്നീട് ആശുപത്രിയില്‍ അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്ന കാലത്ത് ഒപ്പം നില്‍ക്കുകയും പരിചരിക്കുകയും ചെയ്തു. ഈ സമയത്ത് ഒപ്പം താമസിച്ചിട്ടു പോലും കുടുംബത്തിലെ ആരും തന്നെ മായെ തിരിഞ്ഞുനോക്കിയില്ല. 2020-ല്‍ മരിക്കുന്നതിന് മുമ്പായിട്ടാണ് പഴക്കച്ചവടക്കാരന്‍ ലിയുവിന് തന്റെ സ്വത്തുക്കള്‍ മാ എഴുതിക്കൊടുത്തത്. മൂന്ന് സഹോദരിമാര്‍ കൂടെ താമസിച്ചിരുന്നുവെങ്കിലും അവര്‍ക്ക് ഒരു വിഹിതവും ലഭിച്ചില്ല. എന്നാല്‍ ഇവര്‍ സ്വത്തുക്കള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഇതോടെ ലിയു അവരെ കോടതിയിലെത്തിച്ചു.

ഇതോടെ മരിച്ചയാളുടെ ഇഷ്ടത്തെ വെല്ലുവിളിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും തീരുമാനിച്ചു. നിയമയുദ്ധത്തില്‍, ഷാങ്ഹായ് കോടതി പഴവില്‍പ്പനക്കാരന് അനുകൂലമായി തീരുമാനിച്ചു, മായുടെ ബന്ധുക്കളുടെ വെല്ലുവിളിക്ക് വില്‍പ്പത്രം വിലങ്ങുതടിയായി. അമ്മാവന് മാനസികാസ്വാസ്ഥ്യമുണ്ടെന്നു കാണിച്ചായിരുന്നു മായുടെ ബന്ധുക്കള്‍ വില്‍പത്രത്തിന്റെ സാധുത ചോദ്യം ചെയ്തത്. എന്നാല്‍ ഈ അവകാശവാദം നോട്ടറി ഉദ്യോഗസ്ഥര്‍ നിരസിച്ചു.