Good News

7തവണ മരണത്തെ തോല്‍പ്പിച്ചു, പക്ഷേ ലോകത്തിലെ ഏറ്റവും ഭാഗ്യവാനും ഈ മനുഷ്യനാണ്

ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ഭാഗ്യവാനായ മനുഷ്യനായി ക്രൊയേഷ്യക്കാരനായ ഫ്രെയ്ൻ സെലാക്ക്. സിനിമാക്കഥളെ വെല്ലുന്ന ജീവിതം. അവിശ്വസനീയമാണ് ഈ മനുഷ്യന്റെ കഥ. എന്നാല്‍ യാഥാർത്ഥ്യം വളരെ വിചിത്രമാണ്. അവിശ്വസനീയമാംവിധം ഭയാനകമായ സംഭവങ്ങളുടെ നീണ്ട ഒരു നിരയാണ് സെലക്കിന്റെ ഈ കൗതുകകരമായ കഥ.

1929 ൽ ക്രൊയേഷ്യയിലാണ് ഫ്രെയ്ൻ സെലാക്ക് ജനിച്ചത്. ഒരു ഒക്ടോജെനേറിയൻ സംഗീത അദ്ധ്യാപകന്റെ തികച്ചും സാധാരണ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പക്ഷേ അവിശ്വസനീയമായ നീണ്ട സംഭവശൃംഖലയ്ക്ക് തുടക്കമിട്ട ദുരന്തപൂർണമായ ബസ്-ട്രെയിൻ യാത്ര വരെ മാത്രമായിരുന്നു ആ സാധാരണ ജീവിതം.

ബിബിസി പറയുന്നതനുസരിച്ച്, 1957-ൽ ഒരു ബസിൽ നദിയിലേക്ക് മുങ്ങിത്താണ സംഭവത്തിലാണ് ആദ്യത്തെ രക്ഷപ്പെടല്‍. പിന്നീട് ദൂതുമായി ആറ് പ്രാവശ്യം മരണം വന്നു വിളിച്ചു. അദ്ദേഹം സഞ്ചരിച്ച ട്രെയിൻ പാളം തെറ്റി ഒരു നദിയിലേക്ക് മറിഞ്ഞു, പൊട്ടിത്തെറിക്കുന്ന ഒന്നല്ല, രണ്ട് കാറുകളിൽ നിന്ന് രക്ഷപ്പെട്ടു. വൈക്കോൽ കൂനയിൽ ഇടിച്ചിറക്കിയ വിമാനത്തിൽ നിന്ന് തെറിച്ചുവീണെങ്കിലും രക്ഷപ്പെട്ടു. ഒരു മലഞ്ചെരിവിൽ ഉണ്ടായ ബസപകടത്തില്‍നിന്ന് ബസ് ഒരു മരത്തില്‍ ഇടിച്ചുനിന്നതിനാല്‍ അദ്ദേഹം രക്ഷപ്പെട്ടു.

തുടർന്നാണ് ഏറ്റവും അത്ഭുതകരമായ സംഭവം നടന്നത്. ലോകത്തിലെ ഏറ്റവും നിർഭാഗ്യവാനായ ഈ മനുഷ്യന്‍ താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവാനെന്ന് തെളിയിച്ചു. ഒരു ലോട്ടറിയിൽ ഏകദേശം 1 മില്യൺ ഡോളറാണ് (8,36,77,100 രൂപ) സെലാക്ക് നേടിയത്. അതിൽ ഭൂരിഭാഗവും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം നൽകി. തുടര്‍ന്ന് ആഢംബരപൂർണമായ ഒരു വീട് വാങ്ങി, 2010-ൽ അത് വിറ്റ്, അഞ്ചാമത്തെ ഭാര്യയ്‌ക്കൊപ്പം തന്റെ എളിയ ജീവിതത്തിലേക്ക് മടങ്ങി.