അണ്ടര്‍ 17 ലോകകപ്പിന് പിന്നാലെ അര്‍ജന്റീനിയന്‍ പ്രതിഭ ക്ലോഡിയോ എച്ചെവേരിയ്ക്ക് പിന്നാലെയാണ് വമ്പന്‍ ക്ലബ്ബുകള്‍. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ഇംഗ്‌ളീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയും ന്യൂകാസില്‍ യുണൈറ്റഡും ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയും 17 വയസ്സുള്ള അര്‍ജന്റീനയുടെ റിവര്‍പ്‌ളേറ്റ് ക്ലബ്ബിന്റെ താരത്തിന് പിന്നാലെ ഓടുകയാണ്. അര്‍ജന്റീനയില്‍ നിന്നും ഉയര്‍ന്നുവരുന്ന പുതിയ പ്രതിഭ ലയണേല്‍ മെസ്സിയുടെ പിന്‍ഗാമി എന്നാണ് അറിയപ്പെടുന്നത്.
ലോകകപ്പില്‍ അഞ്ചുഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. അതേസമയം ലിയോണേല്‍ മെസ്സിയെപ്പോലെ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണയിലേക്ക് ചേക്കേറാനാണ് എച്ചെവേരിക്ക് താല്‍പ്പര്യം. പക്ഷേ ക്ലബ്ബ് ഇപ്പോള്‍ കടത്തിലായിരിക്കുന്നതിനാല്‍ ഈ ട്രാന്‍സ്ഫര്‍ നടക്കുമോ എന്ന് വ്യക്തതയില്ല. അര്‍ജന്റീനയില്‍ ഉയര്‍ന്നുവന്ന ഏറ്റവും പുതിയ രത്നമാണ് ക്ലോഡിയോ എച്ചെവേരി. തന്റെ പ്രായപരിധിയിലുള്ള മറ്റ് താരങ്ങളെ വെല്ലുന്ന പ്രതിഭയാണ് താരം കാട്ടുന്നത്. ഡിപോര്‍ട്ടീവോ ലുജാനില്‍ കരിയര്‍ ആരംഭിച്ച കൗമാരക്കാരന്‍ 2017 ലാണ് അര്‍ജന്റീന ക്ലബ്ബ് റിവര്‍പ്‌ളേറ്റില്‍ എത്തിയത്.
കൗമാര താരത്തിന് ഫുട്‌ബോള്‍ വിപണിയില്‍ പ്രിയമേറിയതോടെ റിവര്‍പ്‌ളേറ്റ് വന്‍ തുകയാണ് താരത്തിന് ഇട്ടിരിക്കുന്നത്. റിവര്‍പ്‌ളേറ്റില്‍ മികച്ച താരമായി ഉയര്‍ന്ന എച്ചെവേരിയുടെ മികവ് ശരിക്കും കണ്ടത് ലോകകപ്പിലായിരുന്നു. ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരേ ഹാട്രിക് നേടാന്‍ എച്ചെവേരിയ്ക്കായി. ഏറെക്കാലമായി റയല്‍ മാഡ്രിഡിന്റെ റഡാറിലുള്ള എച്ചെവേരിയെ ഈ ട്രാന്‍സ്ഫര്‍ജാലകത്തില്‍ കൂടെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് റയാല്‍. എച്ചവേരി കൂടി എത്തുന്നതോടെ അവരുടെ ആക്രമണം ശക്തിപ്പെടുമെന്നാണ് ക്ലബ്ബ് വിശ്വസിക്കുന്നത്. എന്നാല്‍ റയല്‍ മാഡ്രിഡിന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയില്‍ നിന്നും മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും കടുത്ത മത്സരം നേരിടേണ്ടിവരും. എന്നാല്‍ ലാറ്റിനമേരിക്കന്‍ കളിക്കാരെ മികച്ച താരങ്ങളായി വാര്‍ത്തെടുക്കുന്നതില്‍ എല്ലാ കാലത്തും പ്രതിബദ്ധത കാട്ടാറുള്ള ബാഴ്‌സിലോണയിലാണ് താരത്തിന്റെ കണ്ണുകള്‍.
അതേസമയം മെസ്സി ഉള്‍പ്പെടെയുള്ള താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായ പങ്ക് വഹിച്ചിരുന്ന ഗ്വാര്‍ഡിയോള മാനേജരായ സിറ്റിയിലേക്ക് താരം പോയാലും അത്ഭുതപ്പെടാനില്ല. അര്‍ജന്റീനയുടെ ലോകകപ്പിലെ മികച്ച യുവതാരം അല്‍വാരസ് അവിടെയാണ് കളിക്കുന്നതും. എന്നിരുന്നാലും റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി എന്നിവര്‍ മുന്നില്‍ നില്‍ക്കേ തന്നെ ബാഴ്സലോണ തന്നെ താരത്തെ കൊത്തുമോ എന്നതാണ് ആശങ്ക. ബാഴ്‌സിലോണയുടെ നിലവിലെ സാമ്പത്തീക പ്രതിസന്ധിയില്‍ അതിന് സാധ്യതയില്ലെന്നതാണ് മറ്റു ക്ലബ്ബുകളുടെ പ്രതീക്ഷ.