Movie News

മീനാക്ഷി ചൗധരിയുടെ ടൈം ; വിജയ് യ്ക്കും മഹേഷ്ബാബുവിനും പിന്നാലെ ദുല്‍ഖറിന്റെയും നായിക

ഹിന്ദിയിലാണ് തുടങ്ങിയതെങ്കിലും പിന്നീട് മൂന്ന് തെലങ്കുസിനിമ കൂടി സാമ്പത്തീകമായി വിജയിക്കാതായതോടെ മീനാക്ഷി ചൗധരിയെ ഭാഗ്യമില്ലാത്ത നായിക എന്ന് വിശേഷിപ്പിച്ചവരാണ് കൂടുതല്‍. വിജയ് യുടെ ഗോട്ടില്‍ നായികയാക്കിയപ്പോള്‍ ദുഷ്പ്രചരണം ഏറുകയും താരത്തെ നായികയാക്കിയാല്‍ സിനിമ വന്‍ പരാജയമാകുമെന്ന് പറഞ്ഞവര്‍ വരെയുണ്ട്. എന്നാല്‍ ഗോട്ട് വന്‍ വിജയം നേടുക മാത്രമല്ല തമിഴിലെ സൂപ്പര്‍താരം വിജയ് യ്ക്ക് പുറമേ തെലുങ്കില്‍ മഹേഷ്ബാബുവിന്റെയും ദുല്‍ഖറിന്റെയും നായികയായിരിക്കുകയാണ് താരം.

ഇതിനെല്ലാം പുറമേ കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. അടുത്തതായി മീനാക്ഷി ദുല്‍ഖറിന്റെ ലക്കി ഭാസ്‌ക്കറില്‍ നായികയാകാനാണ് പോകുന്നത്. ഈ വര്‍ഷം തന്നെ മഹേഷ്ബാബു നായകനായ ഗുണ്ടൂര്‍കാരത്തില്‍ അഭിനയിച്ച ശേഷം അതേ നിര്‍മ്മാണക്കമ്പനിയുടെ സിനിമയാണ് ലക്കിഭാസ്‌ക്കര്‍. അപ്രതീക്ഷിതമായി ഒരാളുടെ ജീവിതത്തില്‍ പണം വന്നുകയറിയാല്‍ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് പറയുന്ന സിനിമയില്‍ അഭിനയസാധ്യത ഏറെയുള്ള ഭാസ്‌ക്കറിന്റെ ഭാര്യയുടെ വേഷത്തിലാണ് മീനാക്ഷി എത്തുന്നത്.

”ഇതൊരു സാമ്പത്തിക കുറ്റകൃത്യ ത്രില്ലര്‍ മാത്രമല്ല. പെട്ടെന്നുള്ള സമ്പത്ത് ആളുകളെ എങ്ങനെ മാറ്റും എന്നതിനെക്കുറിച്ചുള്ള കഥകൂടിയാണ്. അത്യാഗ്രഹം ആളുകളെ അപ്രതീക്ഷിത സ്ഥലങ്ങളിലേക്ക് നയിക്കാന്‍ കഴിയുന്ന ഒരു ശക്തമായ ശക്തിയായി മാറുന്നത് എങ്ങിനെയാണെന്ന് വെങ്കി അറ്റ്ലൂരി പുതുമയുള്ളതും സവിശേഷവുമായ രീതിയില്‍ വിവരിച്ചിരിക്കുന്നു.” നടി പറഞ്ഞു. ഭാസ്‌കറിന് ഒന്നുമില്ലാത്തപ്പോള്‍ അവനെ പ്രണയിക്കുന്ന ഒരു സ്ത്രീയാണ് സുമതി. അവള്‍ അവനെ വിവാഹം കഴിക്കാന്‍ വീട്ടുകാരുമായി വഴക്കിടുകയും പണം വകവെക്കാതെ അവനോടൊപ്പം എവിടെയും പോകാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നു. അവര്‍ സമ്പത്തിലേക്ക് വരുമ്പോള്‍, ഭാസ്‌ക്കറിന്റെ രൂപാന്തരം അവരുടെ ബന്ധത്തെ ഉലയ്ക്കുന്നു.

സിനിമയില്‍ നടി ആദ്യമായി അമ്മവേഷത്തിലും എത്തുന്നു. ”ഞാന്‍ വിവാഹിതനല്ലാത്തതിനാല്‍, ഒരു യുവ അമ്മയായിരിക്കുന്നതിന്റെ സൂക്ഷ്മത മനസ്സിലാക്കുന്നത് തുടക്കത്തില്‍ വെല്ലുവിളിയായിരുന്നു. സുമതിയെ എങ്ങനെ ആധികാരികമായി അവതരിപ്പിക്കാമെന്ന് മനസിലാക്കാന്‍ ഞാന്‍ എന്റെ അമ്മയുടെ പഴയ ഫോട്ടോകള്‍ നോക്കി, അവരോട് ഓരോന്നും ചോദിച്ചു മനസ്സിലാക്കി.” നടി പറഞ്ഞു.

അടുത്ത 30 ദിവസത്തിനുള്ളില്‍ മൂന്ന് സിനിമകളാണ് താരത്തിന്റെ റിലീസിന് തയ്യാറെടുക്കുന്നത് വിശ്വക് സെന്നിനൊപ്പം മെക്കാനിക്ക് റോക്കിയും വരുണ്‍ തേജിനൊപ്പം മട്കയും.”ഓരോ വേഷത്തിലും വ്യത്യസ്തമായ എന്തെങ്കിലും കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളെ അടുത്തറിയാനുള്ള സ്വാതന്ത്ര്യം ഇപ്പോള്‍ എനിക്കുണ്ട്. 40 വയസ്സില്‍, എനിക്ക് ആ അവസരം ലഭിച്ചേക്കില്ല, അതിനാല്‍ അത് പരമാവധി പ്രയോജനപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” നടി പറഞ്ഞു.