Health

ചെമ്പരത്തിപ്പൂ മുടിയ്‌ക്ക് മാത്രമുള്ളതല്ല, അതിരു കാക്കും സുന്ദരിയുടെ ഔഷധ ഗുണങ്ങളും അറിയുക

കേരളീയരുടെ ആരോഗ്യ പരിപാലനത്തില്‍ പണ്ടു മുതലേ ചെമ്പരിത്തിക്ക് പ്രഥമ സ്ഥാനമുണ്ട്. കേശപരിപാലനത്തിനാണ് ചെമ്പരത്തി കൂടുതലായി ഉപയോഗിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ യുദ്ധകാലത്തുണ്ടായ പട്ടിണിയെ തുടര്‍ന്ന് അവിടെ ധാരാളമായി കണ്ടുവന്ന ചെമ്പരത്തിപ്പൂവിനെ പഠനവിഷയമാക്കിയതിന്റെ ഫലമായി ഭക്ഷ്യയോഗ്യവും അതിലുപരി ഔഷധസസ്യവുമാണെന്നു തെളിഞ്ഞു. പല നിറത്തിലും ആകൃതിയിലും വലുപ്പത്തിലുമുള്ള ചെമ്പരത്തിപ്പൂക്കളുണ്ട്. നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടു വരുന്നത് ഹിബിസ്‌കസ്-റോസ-സൈനെന്‍സിസ് എന്ന വിഭാഗത്തില്‍പ്പെട്ട ചെമ്പരിത്തിയാണ്.

ഓരോ നിറത്തിനും അതിന്റെതായ ഗുണങ്ങളുമുണ്ടാകും. ഏറ്റവും കൂടുതലായി ഉപയോഗിച്ചു വരുന്നത് അഞ്ച് ഇതളുകളുള്ള ചുവന്ന ചെമ്പരത്തിപ്പൂവാണ്. പ്രോട്ടീന്‍, കൊഴുപ്പ്, നാര്, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിന്‍, റൈബോഫ്‌ലാവിന്‍, നിയാസിന്‍, വൈറ്റമിന്‍ സി എന്നിങ്ങനെയുള്ള പോഷകങ്ങള്‍ നിറഞ്ഞതാണ് ചെമ്പരത്തി.

ഔഷധഗുണങ്ങള്‍

ആന്റിഓക്‌സിഡന്റെ കലവറയാണ് ചെമ്പരത്തിപ്പൂവ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കല്‍സ്, ആന്‍തോസ്യാനിന്‍സ്, പോളിഫിനോയ്‌സ് തുടങ്ങിയവ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതു വഴി അര്‍ബുദത്തെ പോലും തടയാന്‍ സഹായിക്കുന്നു. ചെമ്പരത്തിപ്പൂവിലടങ്ങിയിരിക്കുന്ന നാര് പ്രമേഹം, ഹൃദയരോഗം, അമിതമായ രക്തസമ്മര്‍ദം തുടങ്ങിയവ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ചെമ്പരത്തിപ്പൂവിന്റെ ചായ ഔഷധമൂല്യമുള്ളതാണ്. വിദേശ രാജ്യങ്ങളിലും മറ്റും ഇത് വളരെ പ്രചാരമേറിയതാണ്. ചെമ്പരത്തിപ്പൂവിന്റെ ഇതളുകള്‍ ഇഷ്ടമുള്ള വിധത്തില്‍ എങ്ങനെ വേണമെങ്കിലും ഭക്ഷണത്തിലുള്‍പ്പെടുത്തി ഉപയോഗിക്കാവുന്നതാണ്. ഗര്‍ഭിണികള്‍ അധികം ഉപയോഗിക്കാത്തതാണ് നല്ലത്. ചെമ്പരത്തിപ്പൂവിന്റെ ചായ പ്രമേഹം, കൊളസ്‌ട്രോള്‍, അമിത രക്തസമ്മര്‍ദം, ശരീരഭാരം കുറയ്ക്കാന്‍, ഗൗട്ട്, ക്യാന്‍സര്‍ തുടങ്ങിയവയ്ക്കു ഫലപ്രദമാണ്.

അതുപോലെ ചെമ്പരത്തിപ്പൂവിന്റെ ടോണിക്ക് ആര്‍ത്തവക്രമക്കേടുകള്‍, വിരശല്യം, വിശപ്പില്ലായ്മ, വിളര്‍ച്ച, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കും വളരെ നല്ലതാണ്. ചെമ്പരത്തിപ്പൂവിന്റെ സിറപ്പ് പഞ്ചസാര ചേര്‍ക്കാതെ ഉണ്ടാക്കുകയാണെങ്കില്‍ പ്രമേഹം, ഹൃദ്രോഗം, അമിതരക്തസമ്മര്‍ദം ഇവ തടയാന്‍ സഹായിക്കും. ആന്റിഓക്‌സിഡന്റസും ധാതുലവണങ്ങളും ധാരാളം അടങ്ങിയതും വിഷരഹിതവുമായ അലങ്കാര ഔഷധ ചെടിയാണ് ചെമ്പരത്തി.