Oddly News

ജെയ്‌ഷെ മുഹമ്മദ് ആദ്യ വനിത ഭീകര യൂനിറ്റ് രൂപവത്കരിച്ചു: മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹർ കമാൻഡർ

ഇസ്‌ലാമാബാദ്‌: വനിതാ വിഭാഗം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ച്‌ പാകിസ്‌താന്‍ ആസ്‌ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ്‌. ‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ നേരിട്ട കനത്ത തിരിച്ചടിക്ക്‌ പിന്നാലെ ഇന്ത്യയിലുള്‍പ്പെടെ ജെയ്‌ഷിന്റെ
സ്വാധീനം പുനരുജ്‌ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്‌ ഇതെന്നാണ്‌ വിലയിരുത്തല്‍.

മസൂദ്‌ അസര്‍ നേതൃത്വം നല്‍കുന്ന ഈ ഭീകരസംഘത്തില്‍ ആദ്യമായാണ്‌ വനിതകളെ ഉള്‍പ്പെടുത്തുന്നത്‌.സായുധ ദൗത്യങ്ങളില്‍നിന്നും പോരാട്ടങ്ങളില്‍നിന്നും സ്‌ത്രീകളെ പരമ്പരാഗതമായി വിലക്കിയിരുന്ന സംഘടനയാണ്‌ ജെയ്‌ഷെ. ബുധനാഴ്‌ചയാണ്‌ അവര്‍ തങ്ങളുടെ തന്ത്രങ്ങളില്‍ മാറ്റം വരുത്തി ‘ജമാഅത്തുല്‍ മുഅ്‌മിനാത്ത്‌’ എന്ന വനിതാവിഭാഗം രൂപീകരിച്ചത്‌. ഇതിലേക്കുള്ള റിക്രൂട്ട്‌മെന്റ്‌ ബഹാവല്‍പുരിലെ മര്‍കസില്‍ ആരംഭിച്ചതായാണ്‌ വിവരം.

ഐക്യരാഷ്‌ട്ര സംഘടന ഭീകരനായി പ്രഖ്യാപിച്ച മസൂദ്‌ അസറിന്റെ സഹോദരി സാദിയ അസറായിരിക്കും ഈ വിഭാഗത്തെ നയിക്കുകയെന്ന്‌ വൃത്തങ്ങള്‍ അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സേന, ബഹവല്‍പുരിലെ ജെയ്‌ഷെ ആസ്‌ഥാനത്ത്‌ ആക്രമണം നടത്തിയപ്പോഴാണ്‌ ഇവരുടെ ഭര്‍ത്താവ്‌ യൂസഫ്‌ അസര്‍ കൊല്ലപ്പെട്ടത്‌.2001-ലെ പാര്‍ലമെന്റ്‌ ആക്രമണം, 2019-ലെ പുല്‍വാമ ചാവേറാക്രമണം ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന ആക്രമണങ്ങളില്‍ ജെയ്‌ഷിനു പങ്കുണ്ട്‌.

ഓപ്പറേഷന്‍ സിന്ദൂറില്‍ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല്‌ സഹായികളും കൊല്ലപ്പെട്ടതായി മസൂദ്‌ അസര്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു. 1994-ല്‍ ഇന്ത്യയില്‍ അറസ്‌റ്റിലായ ഇയാളെ, എയര്‍ ഇന്ത്യ വിമാനം റാഞ്ചിയാണ്‌ മോചിപ്പിച്ചത്‌.