Featured Lifestyle

‘മേരി കോമിന് പലരുമായും ബന്ധം, ഇപ്പോൾ ആരുടെ കൂടെയാണെന്നും അറിയാം’: മേരി കോമിനെതിരെ മുൻ ഭർത്താവ്

ന്യൂഡൽഹി: കോടികണക്കിന് രൂപയും സ്വന്തമായി അധ്വാനിച്ചു വാങ്ങിയ ഭൂമിയും തട്ടിയെടുത്തെന്ന ഇന്ത്യൻ വനിത ബോക്സിങ് ഇതിഹാസം മേരി കോമിന്‍റെ ആരോപണങ്ങൾ നിഷേധിച്ച് മുൻ ഭർത്താവ് കരുങ് ഓൻലർ. തനിക്കെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നും മേരി കോമിന് പലരുമായും വിവാഹേതര ബന്ധമുണ്ടായിരുന്നെന്നും ഐ.എ.എൻ.എസ് വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഓൻലർ വെളിപ്പെടുത്തി. 

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ഓൺലർ തന്നിൽനിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്നും സ്വന്തം കഠിനാധ്വാനം കൊണ്ട് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം തനിക്കു നഷ്ടപ്പെട്ടുവെന്നും മേരി കോം ആരോപിച്ചത്. ഇതിനു മറുപടിയായിട്ടാണ് ഓൺലർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ആരോപണങ്ങൾ നിഷേധിച്ച ഓൺലർ, മേരി കോമിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്നും ആരോപിച്ചു.

 ‘‘2013ൽ അവൾക്ക് ഒരു ജൂനിയർ ബോക്സറുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ വഴക്കുണ്ടായി, അതിനുശേഷം ഞാൻ വിട്ടുവീഴ്ച ചെയ്തു. 2017 മുതൽ മേരി കോം ബോക്സിങ് അക്കാദമിയിൽ ജോലി ചെയ്യുന്ന ഒരാളുമായി അവൾക്ക് ബന്ധമുണ്ട്. അവരുടെ വാട്സാപ് മെസേജുകൾ തെളിവായി എന്റെ പക്കലുണ്ട്. അവൾക്ക് ബന്ധമുണ്ടായിരുന്ന വ്യക്തിയുടെ പേര് ഉൾപ്പെടെ കൈവശമുണ്ടായിട്ടും ഞാൻ മൗനം പാലിച്ചു.’’– വാർത്താ ഏജൻസിയായ ഐഎഎൻഎസുമായുള്ള അഭിമുഖത്തിൽ ഓൺലർ പറഞ്ഞു. മേരി കോം ജീവിതത്തിൽ മുന്നോട്ട് പോകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും പക്ഷേ പരസ്യമായി തന്നെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ‘‘അവൾ ഒറ്റയ്ക്ക് താമസിക്കാനും മറ്റൊരു ബന്ധം പുലർത്താനും ആഗ്രഹിച്ചു. ഞങ്ങൾ വിവാഹമോചിതരാണ്. വീണ്ടും വിവാഹിതയാകണമെന്ന് അവൾ ആഗ്രഹിച്ചാൽ എനിക്ക് പ്രശ്‌നമില്ല. പക്ഷേ എന്നെ ഒരിക്കലും കുറ്റപ്പെടുത്തരുത്. അവൾ എന്നെ കുറ്റപ്പെടുത്തണമെങ്കിൽ, തെളിവ് കൊണ്ടുവരിക; പേപ്പറുകൾ എടുക്കുക. അവൾ എവിടെയാണ് താമസിക്കുന്നതെന്നും ആരോടൊപ്പമാണെന്നും എനിക്കറിയാം.’’– അദ്ദേഹം കൂട്ടിച്ചേർത്തു.

കോടികൾ തട്ടിയെടുത്തെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. നിലവിലെ തന്‍റെ ജീവിത സാഹചര്യവും ബാങ്കിലെ പണവും കണ്ടാൽ അത് മനസ്സിലാകും. ഡൽഹിയിൽ ഒരു വാടക വീട്ടിലാണ് താമസിക്കുന്നതെന്നും ഓൻലർ കൂട്ടിച്ചേർത്തു.
‘18 വർഷം ഞങ്ങൾ ഒരുമിച്ച് ജീവിച്ചു. എന്നിട്ടാണ് ഇതെല്ലാം? അവർക്ക് ഭ്രാന്താണ്. ഞാൻ 18 വർഷം അവളോടൊപ്പം ജീവിച്ചു. എന്‍റെ വീട് നോക്കൂ. ഞാൻ ഡൽഹിയിൽ വാടക വീട്ടിലാണ് താമസിക്കുന്നത്. അവൾ ഒരു സെലിബ്രിറ്റിയാണ്. അവൾ എന്തു പറഞ്ഞാലും ചിലർ കേൾക്കും, ചിലർ കേൾക്കില്ല’ -ഓൻലർ വ്യക്തമാക്കി. താൻ മദ്യപിക്കുന്നുവെന്നാണ് മേരി പറയുന്നത്. എന്നാൽ, മേരി കോം വോഡ്കയും റമ്മും കഴിക്കാറുണ്ടെന്നും ‘ഗുഡ്ക’ ഉപയോഗിക്കാറുണ്ടെന്നും ഓൻലർ ആരോപിച്ചു.

മക്കളെ ഓർത്താണ് കോടതിയിൽ പോകാത്തതെന്നും ഇത്രയും കാലം നിശബ്ദത പാലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേരി കോമിന്‍റെ ആരോപണം- തന്റെ സ്വകാര്യ ജീവിതം പൊതുയിടങ്ങളിൽ ചർച്ചയാകുന്നത് ഇഷ്ടമല്ലാത്തതിനാലാണ് ഇതുവരെ ഒന്നും പറയാതിരുന്നത്. എന്നാൽ തനിക്കു നേരെ വരുന്ന കൂരമ്പുകൾ താങ്ങാനാവാത്തതിനാലാണ് എല്ലാം പറയുന്നത്. താനിതുവരെ സമ്പാദിച്ചതെല്ലാം ഓൻഖോലർ തട്ടിയെടുത്തുവെന്നും മേരികോം പറഞ്ഞു. 

2022ലെ കോമൺവെൽത്ത് ഗെയിംസിന് മുമ്പ് പരിക്കേറ്റപ്പോൾ ജീവിതം ഒരു നുണയാണെന്ന് മനസിലായി. മാസങ്ങളോളം കിടപ്പിലായിരുന്നു. അപ്പോഴാണ് ഭർത്താവിന്റെ തനിനിറം മനസിലാക്കിയത്. അന്നുവരെ കണ്ട ഒരു മനുഷ്യനായിരുന്നില്ല അദ്ദേഹം. തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മേരികോം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ബന്ധം തുടരാനാകില്ലെന്ന് ഇരുകുടുംബങ്ങളെയും അറിയിച്ചശേഷം വിവാഹ മോചനം നേടുകയായിരുന്നു. അതിനു ശേഷമാണ് തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾനടക്കുന്നത്.

പണം സമ്പാദിക്കാനായി ഞാൻ ജീവിതം തന്നെ ത്യജിച്ചു. എന്നാൽ അയാൾ എന്നെ വഞ്ചിച്ചു. അത്തരമൊരു പുരുഷനൊപ്പം എങ്ങനെ ജീവിക്കാൻ കഴിയുമെന്നും മേരി കോം ചോദിച്ചു. കുട്ടികൾ തനിക്കൊപ്പമാണ് അവർക്കായാണ് ഇനിയുള്ള ജീവിതം. വിവാഹ മോചനം നേടിയ ശേഷമാണ് ബിസിനസ് മാനേജർ ഹിതേഷ് ചൗധരി തന്റെ ജീവിതത്തിലേക്ക് വന്നതെന്നും അവർ വെളിപ്പെടുത്തി. ആളുകൾ തന്നെ പിന്തുണക്കുന്നുണ്ടോ ഇല്ലയോ എന്നതിലല്ല, എല്ലാവർക്കും ഒരു ദിവസം സത്യം മനസിലാകും. താൻ ഒരു പോരാളിയാണെന്നും മേരികോം പറഞ്ഞുനിർത്തി.