Hollywood

ഇല്ലാ, പൊളിക്കില്ല… മര്‍ലിന്‍ മണ്‍റോയുടെ വീട് ചരിത്ര സ്മാരകമായി സൂക്ഷിക്കും; ആരാധകര്‍ക്ക് ആശ്വസിക്കാം

ലോകത്തെ മര്‍ലിന്‍ മണ്‍റോ ആരാധകര്‍ക്ക് ഒടുവില്‍ ആശ്വാസം. ഒരുകാലത്ത് ലോകം മുഴുവനുമുള്ള ഹോളിവുഡ് ആരാധകരുടെ സ്വപ്‌ന സുന്ദരിയായിരുന്ന മര്‍ലിന്‍ മണ്‍റോ മരിച്ച ബ്രെന്റ്‌വുഡിലെ വീട് ഇനി സ്മാരകമായി സംരക്ഷിക്കാന്‍ ലോസ് ഏഞ്ചല്‍സ് സിറ്റി കൗണ്‍സില്‍ തീരുമാനിച്ചു.

1962 ല്‍ അവര്‍ ദാരുണമായി അന്തരിച്ച മുന്‍ വസതിയെ ചരിത്രപരവും സാംസ്‌കാരികവുമായ സ്മാരകമായി തിരഞ്ഞെടുക്കാന്‍ സിറ്റികൗണ്‍സില്‍ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. മണ്‍റോയുടെ ബ്രെന്റ്‌വുഡിലെ സ്പാനിഷ് കൊളോണിയല്‍ ശൈലിയിലുള്ള വീട് ചരിത്രപരമായ സംരക്ഷണത്തിനായി പരിഗണിക്കുന്നതിനുള്ള പ്രമേയത്തിന് ഏകകണ്ഠമായ അംഗീകാരം ലഭിച്ചു.

ഈ പ്രോപ്പര്‍ട്ടി പൊളിക്കുന്നതിന് നേരത്തേ എടുത്ത തീരുമാനം മണ്‍റോയുടെ ലോകമെമ്പാടുമുള്ള ആരാധകരില്‍ പരിഭ്രാന്തി പടര്‍ത്തിയിരുന്നു. 2,900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ ഒറ്റനില വീടുമായുള്ള മണ്‍റോയുടെ ബന്ധം അതിന്റെ സെലിബ്രിറ്റി ഉടമസ്ഥതയ്ക്കും അപ്പുറമാണ്.

നാടകകൃത്ത് ആര്‍തര്‍ മില്ലറുമായുള്ള അവളുടെ മൂന്നാം വിവാഹത്തിന് ശേഷം 1960-കളുടെ തുടക്കത്തില്‍ 75,000- ഡോളറിനായിരുന്നു മണ്‍റോ ഈ സ്വത്ത് വാങ്ങിയതെന്ന് ലോസ് ഏഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കുട്ടിക്കാലത്തിന്റെ ഒരു ഭാഗം അനാഥാലയത്തിലും മറ്റുമായി ചെലവഴിക്കേണ്ടി വന്ന മണ്‍റോയ്ക്ക് സ്വതന്ത്രമായി സ്വന്തമായുണ്ടായിരുന്ന ഒരേയൊരു വസതിയാണിത്.

ഇതിഹാസ നടി 36 വയസ്സുള്ളപ്പോള്‍ 1962 ഓഗസ്റ്റില്‍ ഈ വീട്ടിലെ ഒരു കിടപ്പുമുറിയില്‍ വിഷബാധയെ തുടര്‍ന്ന് അന്തരിക്കുകയായിരുന്നു. അര ഏക്കര്‍ വിസ്തൃതിയുള്ളതും നീന്തല്‍ക്കുളവും ഗസ്റ്റ് ഹൗസും ഉള്‍ക്കൊള്ളുന്നതുമായ സ്വത്ത് മുമ്പ് പലതവണ കൈമാറ്റം ചെയ്യപ്പെട്ടു. പലരുടെ കൈമറിഞ്ഞ് ഈ വര്‍ഷം ആദ്യം 8.35 മില്യണ്‍ ഡോളറിന് ഇത് ഗ്ലോറി ഓഫ് ദി സ്നോ ട്രസ്റ്റാണ് വാങ്ങിയത്.