Health

നായകളെ ഉമ്മ വയ്ക്കാറുണ്ടോ? നായ ‘നക്കി’യാല്‍ ജീവിതം പോകാം, പഠനറിപ്പോര്‍ട്ട്

നോട്ടിംഗ്ഹാം: വീട്ടില്‍ സ്‌നേഹത്തോടെ വളര്‍ത്തുന്ന നായകളെ ഉമ്മ വയ്ക്കാറുണ്ടോ? എന്നാല്‍ ഇനി അതു വേണ്ട. നായകളുടെ ഉമിനീര്‍ ശരീരത്തില്‍ കലരുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്ന് നോട്ടിങ്ഹാം സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനം. സ്‌നേഹപ്രകടനത്തിന്റെ ഭാഗമായാണു നായകള്‍ ഉടമകളെ നക്കുന്നത്. അവ ഭക്ഷണം കഴിക്കുന്നതും വെള്ളംകുടിക്കുന്നതും നാക്ക് ഉപയോഗിച്ചാണ്. പൂച്ചകളെപ്പോലെ നായകളും നാക്ക് ഉപയോഗിച്ചു ശരീരം വ്യത്തിയാക്കാറുണ്ട്. കണ്ണില്‍ കാണുന്നതെല്ലാം അവ നാവുകൊണ്ട് സ്പര്‍ശിക്കാറുണ്ട്.

രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍, തുറന്ന മുറിവുകള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് നായകളുടെ ഉമിനീര്‍ ശരീത്തില്‍ കലരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകും. ആരോഗ്യമുള്ള നായകുടെയും പൂച്ചകളുടെയും വായില്‍ കാണപ്പെടുന്ന കാപ്‌നോസൈറ്റോഫാഗ കാനിമോര്‍സസ് എന്ന ബാക്ടീരിയ ജീവന്‍ അപകടപ്പെടുത്തുന്ന സെപക്കസിസിനു കാരണമാകാം. പാസ്ചുറെല്ല മള്‍ട്ടോസിഡ പോലുള്ള മറ്റ് സൂക്ഷ്മാണുക്കള്‍ നായയുടെ ഉമിനീരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ പടരാന്‍ സാധ്യതയുണ്ട്. ഇത് മെനിഞ്ചൈറ്റിസ് ഉള്‍പ്പെടെയുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകും. ചെറിയ കുട്ടികള്‍, വയോധികര്‍ , ഗര്‍ഭിണികള്‍ എന്നിവരാണ് സൂണോട്ടിക് അണുബാധകളില്‍നിന്ന് ഉയര്‍ന്ന അപകടസാധ്യതയുള്ളവരായി കണക്കാക്കപ്പെടുന്നവര്‍.

ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ജീനുകള്‍ വഹിക്കുന്ന ബാക്ടീരിയകളുടെ ഉറവിടമാണ് നായകളുടെ ഉമിനീര്‍. ചില രാജ്യങ്ങളില്‍ മുറിവ് സുഖപ്പെടുത്തുന്നതിന് മൃഗങ്ങളുടെ ഉമിനീര്‍ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. എന്നാല്‍, മുറിവുകള്‍ നക്കാന്‍ മൃഗങ്ങളെ അനുവദിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ അറിയിച്ചു.

മനുഷ്യരും നായകളും തമ്മിലുള്ള മാനസിക ബന്ധം ചികിത്സയ്ക്ക് ഉപയോഗിക്കാമെന്നു ഗവേഷകര്‍ അറിയിച്ചു. ഉത്കണ്ഠ, ഭക്ഷണ വൈകല്യങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളുള്ള ആളുകളെ അനിമല്‍ അസിസ്റ്റഡ് തെറാപ്പി സഹായിക്കും. നായകളെ കെട്ടിപ്പിടിക്കുന്നതും തലോടുന്നതും രോഗികള്‍ക്ക് ശാന്തത അനുഭവിക്കാനും രക്തസമ്മര്‍ദവും ഹൃദയമിടിപ്പും കുറയ്ക്കാനും സഹായിക്കും.