Movie News

തൃഷയ്‌ക്കെതിരേയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശം; മാപ്പു പറയില്ല, നടിക്കെതിരേ കേസുകൊടുക്കുമെന്നു മന്‍സൂര്‍ അലിഖാന്‍

നടി തൃഷയ്‌ക്കെതിരേ രൂക്ഷമായ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ അനേകരാണ് തമിഴിലെ വില്ലന്‍ നടന്‍ മന്‍സൂര്‍ അലിഖാനെതിരേ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. അഭിനേതാക്കളുടെ സംഘടനകളും സ്ത്രീപക്ഷ സംഘടനകളും നടനെതിരേ തിരിയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ മാപ്പു പറയാത്ത നടന്‍ ഇനിയൊട്ട് മാപ്പു പറയാന്‍ പോകുന്നുമില്ലെന്ന് നിലപാട് എടുത്തു.

അഭിനേതാക്കളുടെ സംഘടന പ്രതിഷേധിച്ചതിന് പിന്നാലെ നടനെതിരേ നടപടിയെടുക്കാന്‍ തമിഴ്‌നാട് ഡിജിപിയോട് ദേശീയ വനിതാ കമ്മീഷന്‍ ഉത്തരവിട്ടു. എന്നാല്‍ ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരെ കണ്ട മന്‍സൂര്‍ അലി ഖാന്‍ തൃഷയെക്കുറിച്ച് ഞാന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തില്‍ മാപ്പ് പറയില്ലെന്നും സൂചിപ്പിച്ചു. ഈ വിഷയത്തില്‍ അഭിനേതാക്കളുടെ സംഘടനയ്ക്ക് പിഴവ് പറ്റിയിട്ടുണ്ടെന്നാണ് തന്റെ നിലപാട്.

താന്‍ പറഞ്ഞ കാര്യങ്ങളില്‍ അഭിനേതാക്കളുടെ സംഘടന തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ജനങ്ങള്‍ക്ക് തന്നെ നന്നായി അറിയാമെന്നും തമിഴ്നാട് തന്റെ പക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ, തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞതിന് തൃഷയ്ക്ക് എതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും പറഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നിരവധി താരങ്ങള്‍ തൃഷയ്ക്ക് പിന്തുണ നല്‍കി.

തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാറായ നടന്‍ ചിരഞ്ജീവി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. നടി തൃഷയെക്കുറിച്ച് മന്‍സൂര്‍ അലിഖാന്‍ പറഞ്ഞത് വളരെ വെറുപ്പുളവാക്കുന്നതാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. താന്‍ തൃഷയ്ക്കൊപ്പമാണെന്നും തൃഷയോടെന്നല്ല ഒരു പെണ്‍കുട്ടിയോടും സമാനരീതിയുള്ള സമീപനം ശരിയല്ലെന്നും ചിരഞ്ജീവി പറഞ്ഞു.