Movie News

‘ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യമാണ് എന്ന് ചിന്തിക്കുമ്പോള്‍ പേടിയാകുന്നു” ; മണിരത്‌നം

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം റിലീസ് ചെയ്തത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ വായിക്കാത്ത മലയാളികള്‍ വളരെ ചുരുക്കം ആയിരിക്കും. നോവലിനോട് ഒരുപടി മുകളില്‍ നില്‍ക്കുന്ന രീതിയിലാണ് ആടുജീവിതം സ്‌ക്രീനില്‍ എത്തുമ്പോഴുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്. മരുഭൂമിയില്‍ അകപ്പെട്ട് പോയ നജീബായി ജീവിയ്ക്കുകയായിരുന്നു പൃഥ്വിരാജ്.

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആടുജീവിതം തിയേറ്ററില്‍ എത്തുമ്പോള്‍ മികച്ച പ്രതികരണമാണ് എല്ലാ മേഖലയില്‍ നിന്നും വരുന്നത്. ആടുജീവിതത്തെ കുറിച്ചുള്ള പ്രമുഖ സംവിധായകന്‍ മണിരത്‌നത്തിന്റെ വാട്‌സാപ്പ് സന്ദേശം പങ്കുവെച്ചിരിയ്ക്കുകയാണ് ബ്ലെസി ഇപ്പോള്‍. ‘ആശംസകള്‍ സാര്‍, നിങ്ങള്‍ ഇത് എങ്ങനെയാണ് യാഥാര്‍ത്ഥ്യമാക്കിയതെന്ന് എനിക്ക് അറിയില്ല. ഒരുപാട് കഷ്ടപ്പെട്ടു. അതെല്ലാം സ്‌ക്രീനില്‍ കാണാനുണ്ട്. മനോഹരമായി എടുത്തിരിക്കുന്നു. മരുഭൂമിയുടെ പലമുഖങ്ങള്‍ പകര്‍ത്തി. നിങ്ങളും സുനിലും മികച്ചതാക്കി. പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടു. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യമാണ് എന്ന് ചിന്തിക്കുമ്പോള്‍ പേടിയാകുന്നു. അധികം വൈകാരികമാക്കാതെ സിനിമ അവസാനിപ്പിച്ചത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ആശംസകള്‍ സാര്‍.’- എന്നാണ് മണിരത്നം ബ്ലെസിയ്ക്ക് സന്ദേശം അറിയിച്ചിരിയ്ക്കുന്നത്.

ആടുജീവിതത്തെ ഇന്നത്തെ സിനിമയാക്കുന്നതിന് ടീമിന്റെ അര്‍പ്പണബോധത്തേയും പ്രയത്നത്തെയും അഭിനന്ദിക്കുകയും എടുത്തുകാണിക്കുകയും ചെയ്തതിന് മണിരത്നം സാറിന് വളരെ നന്ദി. എന്ന് കുറിച്ചു കൊണ്ടാണ് ബ്ലെസി മണിരത്‌നത്തിന്റെ വാട്‌സാപ്പ് സന്ദേശം പങ്കുവെച്ചിരിയ്ക്കുന്നത്. ബ്ലെസി, പൃഥ്വിരാജ്, അമല പോള്‍ എന്നിവരുടെയെല്ലാം ജീവിതത്തിലെ വര്‍ഷങ്ങളുടെ യാത്രയ്ക്കാണ് അവസാനം ആയിരിയ്ക്കുന്നത്.

കോവിഡ് അടക്കം പലവിധ പ്രതിസന്ധികളെയും അതിജീവിച്ചാണ് ആടുജീവിതത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. 2018-ല്‍ തുടങ്ങിയ ആടുജീവിതത്തിന്റെ യാത്ര പൂര്‍ത്തിയായത് 2024-ല്‍ ആണ്. ആടുജീവിതത്തിലെ നജീബായി മാറാന്‍ 30 കിലോയോളമാണ് പൃഥ്വിരാജ് ശരീരഭാരം കുറച്ചത്. എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിച്ചത് ശ്രീകര്‍ പ്രസാദാണ്.