സൂര്യയും അജയ്‌ദേവ് ഗണിനേയും നായകന്മാരാക്കി ചെയ്ത യുവയിലൂടെയാണ് ഇരട്ടഭാഷാ സിനിമയിലേക്ക് മണിരത്‌നം കടന്നത്. 2004 ല്‍ പുറത്തുവന്ന സിനിമ വന്‍ വിജയമാകുകയും ചെയ്തിരുന്നു. എന്നാല്‍ സമാനരീതിയില്‍ വിക്രത്തെയും അഭിഷേക് ബച്ചനെയും നായകന്മാരാക്കി ചെയ്ത രാവണ്‍ തനിക്ക് പറ്റിയ ഒരു തെറ്റായിരുന്നെന്ന് തുറന്ന് സമ്മതിച്ച് മണിരത്‌നം. 2010 ല്‍ രാവണിന്റെ ഹിന്ദി പതിപ്പ് പ്രേക്ഷകരുമായി സംവദിക്കുന്നതില്‍ പരാജയപ്പെടുകയും ബോക്‌സ് ഓഫീസില്‍ നിരാശയായി മാറുകയും ചെയ്തു.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാവണനെ രണ്ട് ഭാഷകളില്‍ നിര്‍മ്മിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് രത്‌നം തുറന്നുപറഞ്ഞിരുന്നു. ഒരേസമയം രണ്ട് സിനിമകള്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നും ഇത് തന്റെ ഹിന്ദി, തമിഴ് പ്രേക്ഷകരുമായുള്ള ബന്ധത്തിന്റെ അഭാവത്തിലേക്ക് നയിച്ചുവെന്നും പറഞ്ഞു.മണിരത്‌നം സംവിധാനം ചെയ്ത രാവണിന്റെ ഹിന്ദിയില്‍ അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍, വിക്രം, ഗോവിന്ദ, നിഖില്‍ ദ്വിവേദി, രവി കിഷന്‍, പ്രിയാമണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിക്രമിന്റെയും പ്രിയാമണിയുടെയും ഹിന്ദി ചലച്ചിത്ര അരങ്ങേറ്റം കൂടിയായിരുന്നു ഇത്.
സിനിമ മോശം പ്രകടനം ആയിരുന്നിട്ടും, എ ആര്‍ റഹ്മാന്‍ സംഗീതവും ഗുല്‍സാറിന്റെ വരികള്‍ ഉള്‍ക്കൊള്ളുന്നതുമായ ചിത്രത്തിന്റെ സംഗീതം വന്‍ ഹിറ്റായി മാറിയിരുന്നു. നിലവില്‍ യൂണിവേഴ്‌സല്‍ സ്റ്റാര്‍ കമല്‍ഹാസനൊപ്പം സിനിമ ചെയ്യുന്ന തിരക്കിലാണ് മണിരത്‌നം. നായകന് ശേഷം 36 വര്‍ഷം കഴിഞ്ഞുള്ള ഇരുവരുടേയും സഹകരണത്തിന് തല്‍ക്കാലം കെ.എച്ച്.234 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ലോഞ്ച് ഇവന്റ് അടുത്തിടെ ചെന്നൈയില്‍ നടന്നു.