Featured Movie News

‘ഞാന്‍ സായിപല്ലവിയുടെ വലിയ ആരാധകന്‍, ഒന്നിച്ച് സിനിമ ചെയ്യാന്‍ ആഗ്രഹം’; മണി രത്‌നം

തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും അനേകം ആരാധകരെ സൃഷ്ടിച്ച നടി സായ് പല്ലവി ബോളിവുഡിലേക്കും കടക്കാനൊരുങ്ങുകയാണ്. അമരന്‍ എന്ന തമിഴ്ചിത്രമാണ് നടിയുടേതായി ഇനി വരാനുള്ളത്. മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതം പറയുന്ന സിനിമയില്‍ അദ്ദേഹത്തിന്റെ ഭാര്യ റെബേക്കയെയാണ് നടി അവതരിപ്പിക്കാന്‍ പോകുന്നത്.

തെന്നിന്ത്യയില്‍ അനേകം ആരാധകരെ നേടിയ സായിപല്ലവിയ്ക്ക് ഒരു വിഐപി ആരാധകനുണ്ട്. അമരന്റെ ഓഡിയോ ലോഞ്ചില്‍ സംവിധായകന്‍ മണിരത്നത്തിന് നടി സായ് പല്ലവിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സംസാരവിഷയം. താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച അദ്ദേഹം സായിക്കൊപ്പം ഒരു സിനിമ ചെയ്യാനുള്ള ആഗ്രവും പങ്കുവെച്ചു.

‘ഞാന്‍ അവരുടെ ഒരു വലിയ ആരാധകനാണ്. ഒരു ദിവസം ഞാന്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.” പറഞ്ഞത് മറ്റാരുമല്ല തമിഴിലെ ഏറ്റവും വലിയ ഫിലിംമേക്കര്‍ മണി രത്‌നമാണ്. ‘വേഷങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ തനിക്ക് പ്രചോദനമായത് മണിരത്‌നമാണെന്നാണ് ഇതിന് സായി നല്‍കിയ മറുപടി. സിനിമയില്‍ വരുന്നതിന് മുമ്പ് പല സംവിധായകരുടെയും പേരുകള്‍ എനിക്കറിയില്ലായിരുന്നുവെന്ന് പറഞ്ഞ അവര്‍ എന്നാല്‍ മണിരത്‌നം എന്നത് തനിക്ക് ഏറ്റവും അറിയാവുന്ന പേരായിരുന്നെന്നും പറഞ്ഞു.

അതേ പരിപാടിയില്‍, ‘ചില അഭിനേതാക്കള്‍ അവരുടെ അരങ്ങേറ്റത്തിന് ശേഷം എങ്ങനെ വലിയ നായകന്മാരാകുന്നു’ എന്നതിനെക്കുറിച്ച് സംസാരിച്ച മണി ശിവകാര്‍ത്തികേയനെ പ്രശംസിക്കുകയും ചെയ്തു. പ്രേമം എന്ന മലയാള ചിത്രത്തിലെ മലര്‍ എന്ന സായിപല്ലവിയുടെ വേഷം കണ്ട് എല്ലാവരേയും പോലെ താനും സായിയുടെ ആരാധകനായി മാറിയെന്നും ശിവകാര്‍ത്തികേയന്‍ ചടങ്ങില്‍ വെളിപ്പെടുത്തി.

കമല്‍ നായകനാകുന്ന തഗ് ലൈഫിന്റെ ചിത്രീകരണം മണിരത്‌നം അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. സിലംബരശന്‍, ജോജു ജോര്‍ജ്ജ്, അലി ഫസല്‍, അശോക് സെല്‍വന്‍, നാസര്‍, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തിലുണ്ട്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ ഉടന്‍ അഭിനയിക്കും. ബോളിവുഡിലേക്ക് ചേക്കേറാനൊരുങ്ങുന്ന സായിപല്ലവി ജുനൈദ് ഖാനൊപ്പമുള്ള പേരിടാത്ത ചിത്രത്തിലും ഹിന്ദിയില്‍ രാമായണത്തിനും അഭിനയിക്കുന്ന തിരക്കിലാണ്.