Oddly News

അയല്‍ക്കാരുടെ വീട്ടില്‍ അതിക്രമിച്ചു കയറും; അവരുടെ ഷൂസിന്റെ മണംപിടിക്കും ; യുവാവ് ശല്യമായി…!

മുഷിഞ്ഞ ഷൂസിന്റെ മണം പിടിക്കുന്ന വിചിത്രസ്വഭാവയുള്ള യുവാവിന് അയല്‍ക്കാരുടെ വീടുകളില്‍ അതിക്രമിച്ചുകയറി ശല്യം ചെയ്യുന്നതായുള്ള പരാതിയില്‍ തടവുശിക്ഷ. ഗ്രീസില്‍ നടന്ന സംഭവത്തില്‍ പേര് പുറത്തുവിട്ടിട്ടില്ലാത്ത 28 കാരനാണ് പിടിയിലായത്. ഗ്രീസിലെ തെസ്സലോനിക്കിയില്‍ നിന്ന് 15 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഒരു ചെറിയ പട്ടണമായ സിന്ഡോസിലാണ് സംഭവം.

പ്രതിയായ യുവാവിന്റെ അയല്‍ക്കാരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ തന്റെ വീട്ടുമുറ്റത്ത് യുവാവിനെ കാണുകയായിരുന്നു. കാണുമ്പോള്‍ ഇയാള്‍ പുറത്തുവെച്ച ഷൂസ് എടുത്തു ഗന്ധം പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതേസമയം ഈ സ്വഭാവവൈകല്യത്തില്‍ ഇയാള്‍ ഇതേ അയല്‍ക്കാരന്റെ വീട്ടില്‍ അതിക്രമിച്ചു കടക്കുന്നത് ഇതാദ്യമല്ല. സംഭവം തുടര്‍ക്കഥയായതോടെയാണ് അയല്‍ക്കാരന്‍ പോലീസിനെ വിളിച്ചത്.

പ്രതി കുറ്റം സമ്മതിക്കുകയും തന്റെ പ്രവൃത്തികള്‍ക്ക് ക്ഷമ ചോദിക്കുകയും ചെയ്തു. അയല്‍വാസിയുടെ ഷൂസിന്റെ മണം പിടിക്കാന്‍ മൂന്ന് തവണ അവരുടെ വസ്തുവില്‍ അതിക്രമിച്ച് കയറിയതായി ഇയാള്‍ സമ്മതിച്ചു. യുവാവിന്റെ വിശദീകരണവും അയല്‍ക്കാരില്‍ ഒരാളുടെ സാക്ഷിമൊഴിയും പരിഗണിച്ച് തെസ്സലോനിക്കിയിലെ മിസ്ഡീമനിയര്‍ കോടതി ഒരു മാസത്തെ തടവും മൂന്ന് വര്‍ഷത്തെ നല്ലനടപ്പിനും ശിക്ഷിക്കുകയായിരുന്നു. ഈ പ്രവര്‍ത്തിയില്‍ തനിക്ക് ലജ്ജയും നിരാശയും ഉണ്ടെന്നും എന്നാല്‍ അതിനെ വിശദീകരിക്കാന്‍ തനിക്ക് കഴിയില്ലെന്നും ഈ സ്വഭാവം കൂടുതല്‍ വഷളാകാതിരിക്കാന്‍ എനിക്ക് പിന്തുണ ആവശ്യമുണ്ടെന്നും 28 കാരന്‍ പ്രതി കോടതിയില്‍ പറഞ്ഞു. തന്റെ പ്രവൃത്തി ആരെയും ദ്രോഹിക്കാന്‍ താന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

പ്രതിയായ യുവാവ് ഒരിക്കലും അക്രമാസക്തമായി പെരുമാറിയിട്ടില്ലെന്നും എന്നാല്‍ പക്ഷേ ഈ സ്വഭാവവൈചിത്ര്യം അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും അയല്‍ക്കാരന്‍ കോടതിയില്‍ പറഞ്ഞു. ”മൂന്നു ദിവസം ഞാന്‍ ജാഗരൂകരായി നിന്നു, രാവിലെ കണ്ടയുടനെ തന്നെ പിടികൂടി. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയും അവര്‍ വന്ന അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്തിനാണ് ഇത് ചെയ്യുന്നതെന്ന് മറ്റൊരാള്‍ ചോദിച്ചപ്പോള്‍ ‘അത് എന്റെ ജീവിതം മെച്ചപ്പെടുത്തുന്നു’എന്നായിരുന്നു മറുപടി. ഈ പ്രവൃത്തി നിര്‍ത്താന്‍ അയാളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു.” അയല്‍ക്കാരനും കോടതിയില്‍ പറഞ്ഞു.