ഡ്രൈവിംഗ് പഠിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അല്പം അബദ്ധം ഒക്കെ പറ്റുമെങ്കിലും നല്ല ശ്രദ്ധയും ഏകാഗ്രതയും ഉണ്ടെങ്കിൽ ഡ്രൈവിംഗ് എളുപ്പത്തിൽ പഠിച്ചെടുക്കാനും സാധിക്കും. എന്നാൽ പലപ്പോഴും ശ്രദ്ധയില്ലായ്മ വലിയ അപകടങ്ങളിലേക്കും കൊണ്ടെത്തിച്ചെന്നുവരും. ഏതായാലും അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ചിരിക്കുന്നത്. ഡ്രൈവിംഗ് പഠിക്കുന്നതിനിടയിൽ ഒരാൾ കാറുമായി ഒരു തടാകത്തിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്.
തെലങ്കാനയിലെ ജങ്കാവോൺ ജില്ലയിലെ തടാകത്തിലേക്കാണ് കാർ ഓടിച്ചു യുവാവ് വീണത്. യുവാവിനെയും ഡ്രൈവിംഗ് പഠിപ്പിച്ച ഇൻസ്ട്രക്ടറേയും സംഭവം കണ്ടുനിന്ന പ്രദേശവാസിയാണ് വെള്ളത്തിൽ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
വെള്ളിയാഴ്ച ബത്തുകമ്മ കുന്ത തടാകത്തിന് സമീപമുള്ള ഗ്രൗണ്ടിൽ ഡ്രൈവിംഗ് പരിശീലകനൊപ്പം യുവാവ് ഡ്രൈവിംഗ് പരിശീലനം നടത്തുന്നതിനിടെയാണ് സംഭവം. കുറച്ച് നേരം ഓടിച്ചതിന് ശേഷം യുവാവ് ബ്രേക്ക് ചവിട്ടുന്നതിന് പകരം ആക്സിലറേറ്ററിൽ കാൽ വെച്ചതാണ് കാർ നിയന്ത്രംവിട്ട് തടാകത്തിലേക്ക് വീഴാൻ ഇടയാക്കിയത്.
വീഡിയോയിൽ തടാകത്തിൽ കാർ പകുതിയോളം മുങ്ങി കിടക്കുന്നതും രണ്ട് പുരുഷന്മാർ കാറിൽ നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും കാണാം. ഡ്രൈവിംഗ് പഠിക്കുന്ന യുവാവും ഇൻസ്ട്രക്ടറുമാണ് വാഹനത്തിൽ നിന്ന് ഇറങ്ങിവരുന്നത്. ഡോര്‍ തുറക്കാതെ താഴ്ത്തിയ ഗ്ലാസ് ഭാഗത്തുകൂടിയാണ് ഇവര്‍ പുറത്തേയ്ക്ക് ചാടുന്നത്. അതേസമയം തടാകത്തിലേക്ക് മറ്റൊരാൾ ചാടുന്നതും അവരെ രക്ഷപെടാൻ സഹായിക്കുന്നതും വീഡിയോയിൽ കാണാം. പതിവുപോലെ കരയിൽ കുറെ ആളുകൾ കാഴ്ചക്കാരുമായുണ്ട്.
കാർ തടാകത്തിൽ മുങ്ങാൻ തുടങ്ങിയതോടെ ഇരുവരും വാഹനം ഉപേക്ഷിച്ച് വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് സംഭവം കണ്ട നാട്ടുകാരുടെ സഹായത്തോടെ ഇരുവരും സുരക്ഷിതമായി തടാകത്തിൽ നിന്ന് നീന്തി രക്ഷപ്പെടുത്തുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.