Crime

മകള്‍ക്കെതിരെ ലൈംഗികപീഡനം; കുവൈത്തില്‍ നിന്നെത്തി പ്രതിയെ കൊലപ്പെടുത്തി അച്ഛന്‍ മടങ്ങി

പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തില്‍ പ്രതിയായ ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്. കുവൈത്തില്‍ ജോലി ചെയ്യുകയായിരുന്ന പിതാവ് ഇതിനായി നാട്ടിലെത്തി കൃത്യം നടത്തിയ ശേഷം മടങ്ങുകയായിരുന്നു. അവിടെയെത്തിയശേഷം വീഡിയോയിൽ
നടത്തിയ കുറ്റം സമ്മതത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.

അടുത്തിടെ കുവൈറ്റിൽ നിന്ന് മടങ്ങിയെത്തിയ ആഞ്ജനേയ പ്രസാദ് എന്നയാളാണ് തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ശാരീരിക വൈകല്യമുള്ള ബന്ധു പി ആഞ്ജനേയുലുവിനെ (59) ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയതെന്ന് ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ രാജംപേട്ട് സബ് ഡിവിഷണൽ പോലീസ് ഓഫീസർ എൻ സുധാകർ പറഞ്ഞു.

ആഞ്ജനേയയും ഭാര്യ ചന്ദ്രകലയും കുവൈറ്റിലാണ് ജോലി ചെയ്യുന്നത്, 12 വയസ്സുള്ള മകൾ മുത്തശ്ശിമാർക്കൊപ്പമാണ് താമസിച്ചിരുന്നത്. പിന്നീട് പെൺകുട്ടി ചന്ദ്രകലയുടെ സഹോദരി ലക്ഷ്മിക്കും ഭർത്താവിനുമൊപ്പം താമസം മാറി. സഹോദരിയുടെ ഭര്‍തൃപിതാവാണ് കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവം അമ്മായിയോട് പറഞ്ഞപ്പോൾ മിണ്ടാതിരിക്കാനാണ് അവര്‍ നിർദ്ദേശിച്ചത്.

കുട്ടി ഇക്കാര്യം കുവൈത്തിലുള്ള അമ്മയെ വിളിച്ചറിയിക്കുകയായിരുന്നു. ഉടനെ കുട്ടിയുടെ അമ്മ നാട്ടിലെത്തി . ഇതേത്തുടർന്ന് ആഞ്ജനേയയുടെ ഭാര്യ ലോക്കൽ പോലീസിൽ പരാതി നൽകി. എന്നാൽ, കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കുന്നതിനുപകരം വിഷയം ഒത്തുതീർപ്പാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ആഞ്ജനേയ പറഞ്ഞു.

ഇതോടെ ഡിസംബര്‍ ആദ്യ വാരം നാട്ടിലെത്തിയ കുട്ടിയുടെ പിതാവ് ഡിസംബര്‍ ഏഴിന് പുലര്‍ച്ചെ പ്രതിയുടെ വീട്ടിലെത്തി രാത്രിയിൽ വീടിന് പുറത്ത് ഉറങ്ങിക്കിടന്ന പ്രതിയെ കുത്തിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ സംശയാസ്പദമായ മരണമായാണ് രേഖപ്പെടുത്തി അന്വേഷണം അവസാനിപ്പിച്ചു.

കൊലപാത ശേഷം കുവൈത്തിലേക്ക് തിരിച്ചു പോയ പിതാവ് മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിഡിയോ സന്ദേശം പുറത്തുവിടുകയായിരുന്നു. തന്റെ പരാതിയില്‍ പോലീസ് നടപടിയെടുത്തില്ലെന്നും മകള്‍ക്ക് നീതി വേണമെന്നും താന്‍ കീഴടങ്ങുമെന്നും വിഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്.