മഹാരാഷ്ട്രയിലെ താനെയിൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചതിന് പിഴ ഈടാക്കിയതിന് പിന്നാലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് യുവാവ്. ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു ഇയാൾക്കെതിരെ കേസെടുത്തതിന് പിന്നാലെ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വെളിപ്പെടുത്തി ഭാര്യ രംഗത്തെത്തുകയും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തു.
വെള്ളിയാഴ്ച താനെയിൽ ഗതാഗത നിയമലംഘനങ്ങൾക്കെതിരെയുള്ള സ്‌പെഷ്യൽ ഡ്രൈവിനിടെയാണ് സംഭവം. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാത്തതിന് ചല്ലാൻ നൽകിയതിന് പിന്നാലെ ഉണ്ടായ രൂക്ഷമായ തർക്കത്തെ തുടർന്നാണ് ഇയാൾ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടുകയും മർദിക്കുകയും ചെയ്തത്.
സംഭവത്തിൻ്റെ വൈറലാകുന്ന ദൃശ്യങ്ങളിൽ, 56 കാരനായ ഒരാൾ ബൈക്ക് ഓടിച്ചെത്തുകയും ഉദ്യോഗസ്ഥരെ മർദിക്കുന്നതിന് മുൻപായി ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും ചെയ്യുന്നതാണ് കാണുന്നത്. ഈ സമയം കുറച്ച് ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതും കാണാം. സംഭവത്തെത്തുടർന്ന്, ഇയാൾക്കെതിരെ ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) 221, 168 വകുപ്പുകൾ പ്രകാരം കാസർവാഡാവലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിക്കെതിരെ തുടർ നിയമനടപടികൾ ആരംഭിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.
എന്നാൽ, കുറ്റാരോപിതൻ്റെ ഭാര്യ, അധികാരികളിൽ നിന്ന് ഭർത്താവിന് ഇളവ് തേടുകയും, അയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് അവകാശപ്പെടുകയും മെഡിക്കൽ സർട്ടിഫിക്കറ്റ് പോലീസിന് കൈമാറുകയും ചെയ്തു. അതേസമയം, ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്ത് മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം താനെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് (ആർടിഒ) കത്ത് അയച്ചിട്ടുണ്ടെന്ന് താനെ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഡിസിപി പങ്കജ് ഷിർസാത്ത് പറഞ്ഞു.
ട്രാഫിക് മാനദണ്ഡങ്ങൾ പാലിക്കണമെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി മാനസിക വൈകല്യമുള്ളവരെ വാഹനമോടിക്കാൻ അനുവദിക്കരുതെന്നും മുതിർന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ പൗരന്മാരോട് അഭ്യർത്ഥിച്ചു. “ട്രാഫിക് പോലീസിനെ വിന്യസിച്ചിരിക്കുന്നത് നിങ്ങളുടെ സുരക്ഷയ്ക്കാണ്, നിങ്ങളോട് വഴക്കുണ്ടാക്കാനല്ല. പൗരന്മാർ ട്രാഫിക് നിയമങ്ങൾ പാലിക്കുകയാണെങ്കിൽ, ഞങ്ങൾ ഒരു നടപടിയും സ്വീകരിക്കേണ്ടതില്ല. അത്തരത്തിലുള്ള അയോഗ്യനായ വ്യക്തിയെ വാഹനമോടിക്കാൻ അനുവദിക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു,” സിപി പങ്കജ് ഷിർസത്ത് പറഞ്ഞു.
