ദക്ഷിണ കൊറിയയിലെ സിയോളിലെ ഒരു റോഡിൽ അപ്രതീക്ഷിതമായി രൂപപ്പെട്ട ഭീമാകാരമായ കുഴിയിലേക്ക് വീണ് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം. പാർക്ക് എന്ന് പേരുള്ള യുവാവാണ് റോഡിൽ രൂപപ്പെട്ട സിങ്ക്ഹോളിലേക്ക് വീണ് മരണപെട്ടത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വീഡിയോയിൽ യുവാവിന് മുൻപായി സഞ്ചരിക്കുന്ന ഒരു കാർ തലനാരിഴക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത് കാണാം.
മറ്റൊരു കാറിന്റെ ഡാഷ്‌ക്യാംമിൽ പതിഞ്ഞ രംഗങ്ങളിൽ മോട്ടോർ സൈക്കിൾ യാത്രക്കാരൻ അപ്രതീക്ഷിതമായി റോഡിൽ രൂപപ്പെട്ട സിങ്ക്ഹോളിലേക്ക് ഓടിചെത്തുകയും അതിലേക്ക് വീഴുന്നതുമാണ് കാണുന്നത്. ഈ സമയം തൊട്ടുമുന്നിൽ ഒരു കാർ കുതിച്ചു പായുന്നതും കുഴിയിൽ വീഴാതെ രക്ഷപ്പെടുന്നതും കാണാം . മാർച്ച് 24 ന് ഗാങ്‌ഡോംഗ് ജില്ലയിലാണ് ദാരുണ സംഭവം നടന്നത്.
സംഭവം നടന്നയുടൻ യുവാവിനെ കണ്ടെത്താൻ തിരച്ചിൽ സംഘത്തെ വിന്യസിച്ചതായി കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്തു. രാത്രി മുഴുവൻ നടത്തിയ തിരച്ചിലിനിടെ, അധികൃതർ ഒരു മൊബൈൽ ഫോൺ മാത്രമാണ് കണ്ടെത്തിയത്. തുടർന്ന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം, അവർ സിങ്ക് ഹോളിൽ നിന്ന് 30 മീറ്റർ അകലെ മോട്ടോർസൈക്കിൾ കണ്ടെത്തി.
20 മീറ്റർ വീതിയും 20 മീറ്റർ ആഴവുമുള്ള കുഴിയിൽ വീണ സൈക്കിൾ യാത്രിക്കാരനെ 18 മണിക്കൂറിന് ശേഷമാണ് മരിച്ച നിലയിൽ കണ്ടെടുത്തത്.
വീഡിയോ പങ്കിട്ടുകൊണ്ട്, എക്സ് ഉപയോക്താവ് കോളിൻ റഗ് ഇങ്ങനെ എഴുതി, “ തിരച്ചിൽ നടത്തിയ സംഘം 18 മണിക്കൂറോളം അഴുക്ക് വെള്ളം പമ്പ് ചെയ്യുകയും കുഴിക്കുകയും ചെയ്ത ശേഷമാണു യുവാവിനെ കണ്ടെത്തിയത്”.
വീഡിയോ ഇതിനകം മൂന്ന് ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് വീഡിയോയോട് പ്രതികരിച്ച് രംഗത്തെത്തിയത്. ഒരു ഉപഭോക്താവ് “ആ വാനിലുള്ള ആളുകൾ ഭാഗ്യവാന്മാരായിരുന്നു. അവർ എങ്ങനെയാണ് താഴേക്ക് പോകാതെ രക്ഷപെട്ടത്, മറ്റെന്തോ അവരെ തള്ളിമാറ്റിയ പോലെ തോന്നുന്നു,” എന്നാണ് കുറിച്ചത്. ഒരു ഉപയോക്താവ് എഴുതി. “തീർത്തും ഭയാനകം തന്നെ”. മറ്റൊരാൾ “ഇത് വളരെ സങ്കടകരമാണ്” എന്നാണ് കുറിച്ചത്.
ബിബിസി പറയുന്നതനുസരിച്ച്, സിയോൾ നഗര ഗവൺമെൻ്റിന് അടുത്തിടെ സമർപ്പിച്ച ഒരു റിപ്പോർട്ടിൽ, കഴിഞ്ഞ പത്ത് വർഷത്തിനിടെ നഗരത്തിൽ 223 സിങ്ക്ഹോളുകൾ ഉണ്ടായതായി വെളിപ്പെടുത്തി. അപര്യാപ്തമായ അടിസ്ഥാന സൗകര്യ പരിപാലനം, പഴകിയതോ കേടായതോ ആയ പൈപ്പുകൾ, ദീർഘകാല നിലം തകർച്ച, ഖനന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ എന്നിവയാണ് ഈ സംഭവങ്ങൾക്ക് കാരണം.