Crime

ട്രെയിനിലിരുന്ന് തേങ്ങയെറിഞ്ഞു ; ഏറുകൊണ്ട വഴിയാത്രക്കാരന്‍ മരിച്ചു

മുംബൈ: ട്രെയിനില്‍ നിന്ന് അജ്ഞാതനായ ഒരാള്‍ എറിഞ്ഞ തേങ്ങ തലയില്‍ കൊണ്ട് 30 വയസ്സുള്ള ഒരാള്‍ മരിച്ചു. ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. ഭായന്ദര്‍ റെയില്‍വേ പാലത്തിലൂടെ നൈഗാവോണ്‍ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്ന വസായിലെ പഞ്ചു ദ്വീപ് നിവാസിയായ സഞ്ജയ് ഭോയിയാണ് മരിച്ചത്. കടന്നുപോകുന്ന ട്രെയിനില്‍ നിന്ന് എറിഞ്ഞ തേങ്ങ നേരിട്ട് തലയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭോയിറിനെ വസായിലെ സര്‍ ഡിഎം പെറ്റിറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് അദ്ദേഹത്തെ മുംബൈ ആശുപത്രിയിലേക്ക് മാറ്റി, ഞായറാഴ്ച രാവിലെ സഞ്ജയ് മരിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അപകടത്തിന് ഉത്തരവാദിയായ വ്യക്തിയെ തിരിച്ചറിയാന്‍ അന്വേഷണം ആരംഭിച്ചതായും റെയില്‍വേ പോലീസ് അറിയിച്ചു. സംഭവം പഞ്ചു ദ്വീപ് നിവാസികള്‍ക്കിടയില്‍ രോഷം ജനിപ്പിച്ചിട്ടുണ്ട്, മുമ്പും സമാനമായ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

യാത്രക്കാര്‍ പലപ്പോഴും തേങ്ങയും പോളിത്തീന്‍ ബാഗുകളിലുള്ള വിഗ്രഹങ്ങളും ഉള്‍പ്പെടെയുള്ള പൂജാ സാധനങ്ങള്‍ ഓടുന്ന ട്രെയിനുകളില്‍ നിന്ന് തോട്ടിലേക്ക് എറിയാറുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. ”ലോക്കല്‍ ട്രെയിനുകളില്‍ നിന്ന് എറിഞ്ഞ വസ്തുക്കള്‍ മൂലം നിരവധി ഗ്രാമീണര്‍ക്ക് മുമ്പ് പരിക്കേറ്റിട്ടുണ്ട്. റെയില്‍ വേ ഭരണകൂടം കര്‍ശനമായി നിരോധനം നടപ്പിലാക്കുകയും നിയമലംഘക ര്‍ക്കെതിരെ നടപടിയെടുക്കുകയും വേണം,” ഒരു താമസക്കാരന്‍ പറഞ്ഞു.