വളരെയധികം തിരക്കുനിറഞ്ഞ റോഡിൽ കാറിന്റെ ഡോർ തുറന്നിട്ട് അമിത വേഗത്തിൽ ഒരാൾ സഞ്ചരിക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ചന്ദേരു മേൽപ്പാലത്തിലാണ് സംഭവം.
ദൃശ്യങ്ങളിൽ, കാറിലുള്ള മറ്റു യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ ഡ്രൈവർ തനിക്ക് സമീപമുള്ള ഡോർ തുറന്നിട്ട് വാഹനം ഓടിക്കുന്നതാണ് കാണുന്നത്.
@Anil Solangi എന്ന എക്‌സ് ഉപയോക്താവാണ് വീഡിയോ എക്സിൽ പങ്കുവെച്ചിരിക്കുന്നത്. “ഒരു യുവാവ് സ്വന്തം ജീവൻ പണയപ്പെയെടുത്തി ഹൈവേയിൽ കാറുമായി സ്റ്റണ്ട് നടത്തുന്നു. കാർ ഡ്രൈവറോടൊപ്പം അതേ സീറ്റിൽ അയാൾ ഡോർ തുറന്നിട്ട് ഇരിക്കുന്നു. അമിത വേഗതയിൽ പായുന്ന ഈ സാൻട്രോ കാർ അപകടത്തെ ക്ഷണിച്ചുവരുത്തുന്നതായിട്ടാണ് തോന്നിയത്. ഏതായാലും നിയമത്തെ പേടിയില്ലാതെ യുവാവ് ഡ്രൈവർ സീറ്റിലിരുന്ന് അഭ്യാസം തുടർന്നുകൊണ്ടിരിക്കുന്നു” എന്നു കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ പ്രചരിച്ചതിനു പിന്നാലെ സംഭവത്തോട് പ്രതികരിച്ച് യുപി പോലീസ് നടപടിയെടുക്കാൻ ബുലന്ദ്ഷഹർ പോലീസിന് നിർദേശം നൽകി.