Oddly News

ഏറ്റവും എരിവുള്ള കറി പരീക്ഷിച്ച മനുഷ്യന്‍; വിയർത്ത് കുളിച്ച് വഴിയരികിൽ, മാമ്പഴ ലസ്സിയുമായി ഇന്ത്യൻ റസ്റ്റോറന്റ് ഉടമ – വീഡിയോ

ലണ്ടനിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണമേശയില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. “ലണ്ടനിലെ ഏറ്റവും എരിവേറിയ കറി” എന്ന് വിശേഷിപ്പിക്കപ്പെടുന്ന കറി കഴിച്ചതിനുശേഷം റസ്റ്റോറന്റിൽ നിന്ന് ഒരാൾ വിയർത്ത് കുളിച്ച്, പുറത്തുപോകുന്നത് കണ്ടതോടെയാണ് വീഡിയോ വൈറലാകുന്നത്. 72 തരം മുളകുകൾ ചേർത്ത് ഉണ്ടാക്കുന്ന ഒരു കറി ഉൾപ്പെടുന്ന ഈ ‘വെല്ലുവിളി’ ഉയര്‍ത്തുന്ന കറി, ഭക്ഷണ പ്രേമികൾക്കിടയിൽ കൗതുകവും ആശങ്കയും ഉണർത്തിയിട്ടുണ്ട്.

UB1UB2: സൗത്താൾ, വെസ്റ്റ് ലണ്ടൻ എന്ന അക്കൗണ്ട് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിലാണ് ഈ സംഭവം പകർത്തിയിരിക്കുന്നത്. ബംഗാൾ വില്ലേജ് എന്ന റസ്റ്റോറന്റിൽ ഡാനിയേൽ എന്നയാൾ പ്രസിദ്ധമായ “ഏറ്റവും ചൂടേറിയ കറി ചലഞ്ച്” പരീക്ഷിക്കുന്നത് ഇതിൽ കാണിക്കുന്നു. റസ്റ്റോറന്റ് ഉടമ രാജ് ഗ്യാസ് മാസ്ക് ധരിച്ച് വിഭവം വിളമ്പുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

നിമിഷങ്ങൾക്കുശേഷം, ഡാനിയേൽ റസ്റ്റോറന്റിന് പുറത്ത് നടപ്പാതയിൽ ഇരിക്കുന്നതും വിയർക്കുന്നതും കാണാം. ഡാനിയേലിന്റെ അസ്വസ്ഥത ലഘൂകരിക്കാന്‍ വേണ്ടി ഉടമ ഒരു വലിയ ഗ്ലാസ് മാമ്പഴ ലസ്സിയുമായി പിന്നാലെ വരുന്നു. വീഡിയോയിലെ ഒരു വാചകം ഇങ്ങനെയാണ്: “ലണ്ടനിലെ ഏറ്റവും എരിവുള്ള കറി ഒരു മനുഷ്യനെ റസ്റ്റോറന്റിൽ നിന്ന് പുറത്തുപോകാൻ പ്രേരിപ്പിക്കുകയും താൻ എന്താണ് കഴിച്ചതെന്ന് ചിന്തിക്കുകയും ചെയ്യുന്നു.”