റെസ്റ്റോറന്റുകളില്‍ കയറി മൃഷ്ടാന്നം ഭുജിച്ച ശേഷം തന്ത്രപൂര്‍വ്വം മുങ്ങുന്ന കള്ളനെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്‌പെയിനിലെ ബ്‌ളാങ്ക മേഖലയില്‍ വെച്ചാണ് 50 കാരനെ പോലീസ് പൊക്കിയത്. പിടികൂടിയതിന് പിന്നാലെ ഇയാളുടെ ഫോട്ടോ ഒരു മുന്നറിയിപ്പായി മേഖലയിലെ റെസ്റ്റോറന്റുകളില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. 20 ലധികം റെസ്റ്റോറന്റുകളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.
റെസ്‌റ്റോറന്റില്‍ കയറി മൂക്കുമുട്ടെ തട്ടിയിട്ട് ഹാര്‍ട്ട് അറ്റാക്ക് അഭിനയിച്ച് ബില്ല് കൊടുക്കാതെ പോകുന്നതായിരുന്നു ഇഷ്ടന്റെ രീതി. ഡെയ്ലി ലൗഡ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞമാസം ഒരു റെസ്‌റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ച ശേഷം ജീവനക്കാര്‍ 37 ഡോളറിന്റെ ബില്ല് നല്‍കി. സ്റ്റാഫ് പോയപ്പോള്‍, ആ മനുഷ്യന്‍ പോകാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ ഇയാഴെ തടയുകയും ബില്ല് അടയ്ക്കാന്‍ പറയുകയും ചെയ്തു. ഉടന്‍ തന്റെ ഹോട്ടല്‍ മുറിയില്‍ നിന്ന് പണം എടുത്തുകൊണ്ടുവരാമെന്ന് പറഞ്ഞ് പോകാന്‍ നോക്കിയെങ്കിലും അപ്പോഴും ജീവനക്കാര്‍ വിടാന്‍ കൂട്ടാക്കിയില്ല. ഈ സമയത്താണ് ഹൃദയാഘാതം ഇയാള്‍ അഭിനയിക്കാന്‍ തുടങ്ങിയത്.
വളരെ നാടകീയമായി ബോധംകെട്ടതായി നടിക്കുകയും തറയില്‍ വീണുകിടക്കുകയും ചെയ്തു. ആംബുലന്‍സ് വിളിക്കാന്‍ ഇയാള്‍ റസ്റ്റോറന്റ് ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് ചെയ്യാന്‍ വിസമ്മതിക്കുകയും പകരം പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസുകാര്‍ എത്തിയപ്പോള്‍, അലികാന്റെയിലെ മറ്റ് റെസ്റ്റോറന്റുകളില്‍ നിന്ന് ഓടിച്ച ആളെ അവര്‍ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇനിയും ഇങ്ങിനെ ചെയ്യാതിരിക്കാന്‍ തങ്ങള്‍ അവന്റെ ഫോട്ടോ എല്ലാ റെസ്റ്റോറന്റുകളിലേക്കും അയച്ചതായി റെസ്‌റ്റോറന്റ് മാനേജര്‍ പറഞ്ഞു.ചാരനിറത്തിലുള്ള നീളമുള്ള പാന്റും പോളോ ഷര്‍ട്ടും ട്രെക്കിംഗ് ഷൂസും പ്രശസ്ത ബ്രാന്‍ഡുകളുടെ വെസ്റ്റുമാണ് ഇയാള്‍ ധരിച്ചിരുന്നതെന്ന് സ്പാനിഷ് വാര്‍ത്താ ഏജന്‍സിയായ ഇഎഫ്ഇ റിപ്പോര്‍ട്ട് ചെയ്തു. 2022 നവംബര്‍ മുതല്‍ ഇയാള്‍ നഗരത്തില്‍ താമസിച്ചു വരികയായിരുന്നു.